Hello!
“Occha-ഒച്ച “യുടെ ഒക്ടോബർ ലക്കത്തിലേക്ക് സ്വാഗതം. ഇത്തവണ ഒരു പ്രൊഫൈലാണ്. സംവിധായകനും നടനുമായ വിപിൻ ആറ്റ്ലിയെക്കുറിച്ച് ജേണലിസ്റ്റ് അഭിജിത്ത് വി.എം എഴുതുന്നു.
അഭിജിത്ത്, സ്വന്തം Substack-ൽ എഴുതിയ ഇംഗ്ലീഷ് പ്രൊഫൈലിന്റെ പരിഭാഷയാണിത്. പക്ഷേ, ഇംഗ്ലീഷ് പതിപ്പിൽ ഇല്ലാതിരുന്ന ഒരുപാട് വിവരങ്ങൾ ഇതിലുണ്ട്.
നിങ്ങളിവിടെ ആദ്യമാണെങ്കിൽ, Occha-ഒച്ച ഒരു ന്യൂസ്-ലെറ്ററാണ്. മാസത്തിൽ ഒന്ന്. ആധികാരികമായ ഉള്ളടക്കമാണ് ലക്ഷ്യം. ഇത് സ്വതന്ത്രമാണ്, തൽക്കാലം സൗജന്യവുമാണ്. സിനിമ, സാഹിത്യം, മലയാളി പരിസരം തുടങ്ങിയവയിൽ താൽപര്യമുണ്ടെങ്കിൽ നിങ്ങൾക്ക് ഇത് ഇഷ്ടമാകും. ഇ-മെയിൽ ഐ.ഡി മാത്രം നൽകി താഴെ സബ്സ്ക്രൈബ് ചെയ്യൂ.
ലോക്കൽ പൊളി
Occha Volume 2, Issue 7, October 2025
Story by Occha + Abhijith VM
Edited by Sreelakshmi Manohar | Fact-check by N.K.
1
ഞാൻ ആദ്യമായി കാണുമ്പോൾ, വിപിൻ ആറ്റ്ലി ഹസ്തോ റെസ്റ്റോ കഫേയുടെ ചില്ലു വാതിലിന് പിന്നിലൊരു രൂപമായിരുന്നു. വാതിൽ തള്ളി ആറ്റ്ലി അകത്തേക്ക് കയറിയപ്പോൾ പാലാരിവട്ടത്തെ ട്രാഫിക് കോലാഹലവും ഒഴുകി വന്നു.
ഓഗസ്റ്റിലെ ഒരു വൈകുന്നേരമായിരുന്നു അത്. സന്ധ്യ ഏതാണ്ട് അവസാനിച്ചു. കഫേയ്ക്കുള്ളിൽ അരണ്ട വെളിച്ചം പരന്നു. ആറ്റ്ലിയെ മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ലായിരുന്നു; സ്വന്തം സിനിമയിൽ നിന്നിറങ്ങി വന്ന ഒരു കഥാപാത്രത്തെ പോലെ തന്നെ തോന്നിച്ചു — ഈ ലോകത്ത് നിന്ന് തന്നെയാണോ എന്ന ഭാവം; സ്വാഭാവികമായ അസ്വാഭാവികത. മുടി അലങ്കോലപ്പെട്ടിരുന്നു. ഒരു നീല അത്ലറ്റിക് ടി-ഷർട്ടും കറുത്ത ഷോർട്ട്സുമാണ് ആറ്റ്ലി ധരിച്ചിരുന്നത്.
വന്നയുടനെ ഞാനിരുന്ന ടേബിളിൽ നിന്നും തൊട്ടടുത്തുള്ള വലിയ ടേബിളിലേക്ക് ആറ്റ്ലി മാറിയിരുന്നു. പഴയ മേശയുടെ ഒരു കാൽ ഇളകിക്കൊണ്ടിരുന്നു. അത് ആറ്റ്ലിയെ അലോസരപ്പെടുത്തി. അയാൾക്കൊപ്പം വന്ന രണ്ടുപേർ — ഇരുപതുകളുടെ അവസാനത്തിലെന്ന് തോന്നിപ്പിക്കുന്ന ചെറുപ്പക്കാർ — മറ്റൊരു മൂലയിലേക്ക് മാറിയിരുന്നു.
അതിലൊരാൾ, വലിയ ആഫ്രോ തലമുടിയുള്ള റോഷൻ, ആറ്റ്ലിക്ക് അടുത്തായി കിട്ടിയ ഒരു സുഹൃത്താണ്. “ഇവന് പട്ടീടെ ബിസിനസ് ആണ്.” കൂടുതൽ വിശദീകരിക്കാതെ ആറ്റ്ലി പറഞ്ഞു. മറ്റേയാൾ, ക്ലീൻ ഷേവ് ചെയ്ത മുഖവും വളരെ ഔപചാരികമായ ചിരിയുമുള്ള സാജിദ്, ആറ്റ്ലിയുടെ ഛായാഗ്രാഹകനാണ്.
ആറ്റ്ലി ഒരു ലെമണേഡ് ഓർഡർ ചെയ്തു. “ഐസ് ഇട്ട് പഴുപ്പിച്ചോ. കടയിലെ മൊത്തം ഐസും ഇട്ടോ.”
വിപിൻ ആറ്റ്ലി കൂടുതൽ മലയാളികളുടെ ശ്രദ്ധയിലേക്ക് വരുന്നത് 2014-ലാണ്; ആറ്റ്ലി തിരക്കഥയെഴുതി അഭിനയിച്ച “ഹോംലി മീൽസ്” റിലീസ് ആയപ്പോൾ. അതിന് മുൻപ് ആറ്റ്ലി ഒരു “കൾട്ട്” ആയിരുന്നു. ജീവൻ ടി.വിയിലെ കോമഡി പരിപാടി “ഇന്റർവെൽ” ആറ്റ്ലിയുടെ ആശയമായിരുന്നു.
“ഒരുപക്ഷേ കേരളത്തിലെ ആദ്യത്തെ ട്രോളൻ ഞാനായിരിക്കും.” — ആറ്റ്ലി പറഞ്ഞു.
അനൂപ് കണ്ണൻ സംവിധാനം ചെയ്ത “ഹോംലി മീൽസ്” തീയേറ്ററിൽ പരാജയപ്പെട്ടെങ്കിലും ടെലിവിഷനിലും വീഡിയോ സി.ഡി കാലഘട്ടത്തിലും സിനിമ ശ്രദ്ധിക്കപ്പെട്ടു. മെറ്റ ഹ്യൂമർ, അപ്രതീക്ഷിത നായക സങ്കൽപ്പം, തിരക്കഥയിലെ പുതുമ, പതിയെ “ഹോംലി മീൽസ്” ആറ്റ്ലിയുടെ വിലാസമായി മാറി.
“ഞാൻ ആ പടം കണ്ടിട്ട് തന്നെ കുറച്ചായി. എനിക്കറിയാം, ആളുകള് ഹോംലി മീൽസ് കാണുന്നുണ്ട്. പക്ഷേ, എനിക്ക് അതിനെക്കുറിച്ച് ഇപ്പോൾ ഒരു എക്സൈറ്റ്മെന്റും ഇല്ല.”
“ഹോംലി മീൽസി”ന് ശേഷം ആറ്റ്ലി നാല് സിനിമകൾ ചെയ്തു. ഇതിലൊന്ന് ഒരു ആന്തോളജിയാണ്. ആറ്റ്ലിയുടെ ഒരു സിനിമയും ബ്ലോക്ബസ്റ്റർ അല്ല, അതേ സമയം തന്നെ പ്രേക്ഷകർക്ക് മനസ്സിലാകാത്ത അവാർഡ് പടങ്ങളുമല്ല. വാണിജ്യ സിനിമയ്ക്കും പാരലൽ സിനിമയ്ക്കും ഇടയിലുള്ള ഒരിടത്താണ് വിപിൻ ആറ്റ്ലി. ആറ്റ്ലി തന്നെ വിശേഷിപ്പിക്കുന്നതു പോലെ അവയെല്ലാം “പ്രാന്തൻ പടങ്ങൾ”-” ആണ്.
2
കൊച്ചിക്ക് പുറത്ത് മുളവുകാട് ദ്വീപിലാണ് ആറ്റ്ലി ജനിച്ചത്; ഒരു സാധാരണ ക്രിസ്ത്യൻ കുടുംബം. കുട്ടിക്കാലത്തെക്കുറിച്ച് ആറ്റ്ലിക്ക് വളരെ വ്യക്തമായ ഓർമ്മകളുണ്ട്, പക്ഷേ ആറ്റ്ലി അത് വിവരിക്കില്ല. പകരം, എന്നോട് ആറ്റ്ലിയുടെ മൂന്നു സിനിമകൾ — “ഹോംലി മീൽസ്”, “ബെൻ (2015)”, “മ്യൂസിക്കൽ ചെയർ (2020)” –- കാണാനാണ് ആറ്റ്ലി ആവശ്യപ്പെടുന്നത്. ഈ സിനിമകൾ ഇതുവരെയുള്ള തന്റെ ജീവിതമാണ്. “വളരെ ചെറിയ മാറ്റങ്ങളേയുള്ളൂ.” – ആറ്റ്ലി കൂട്ടിച്ചേർക്കുന്നു.
ഈ മൂന്നു സിനിമകളിലും ആറ്റ്ലിയുടെ ഇതുവരെയുള്ള ജീവിതത്തിന്റെ മൂന്ന് ഘട്ടങ്ങൾ കാണാം.
ആറ്റ്ലി ആദ്യമായി സംവിധാനം ചെയ്ത “ബെൻ” ഇറങ്ങുന്നത് “ഹോംലി മീൽസ്” റിലീസ് ആയതിന് തൊട്ടടുത്ത വർഷമാണ്. സിനിമയിലെ നായകൻ പത്ത് വയസ്സുകാരൻ ബെൻ ആണ്. കായലിന് കരയിലുള്ള ഒരു കൊച്ചു ഗ്രാമത്തിലെ കൂട്ടുകുടുംബത്തിൽ നിന്നും അമ്മ, ബെന്നിനെ കൊച്ചി നഗരത്തിലേക്ക് പറിച്ചു നടുന്നു. അവന്റെ അച്ഛൻ ജോലി തേടി ഗൾഫിലേക്ക് പോയി. നഗരത്തിലെ പുതിയ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ, വികൃതികൾ മോശം പെരുമാറ്റമായി കണക്കാക്കുന്ന ആളുകളുടെ ലോകത്ത് അവൻ ഒറ്റപ്പെടുന്നു. മകന്റെ മാറ്റം തിരിച്ചറിയുന്ന അമ്മ അവനെ നേരെയാക്കാൻ മതത്തെയാണ് കൂട്ടുപിടിക്കുന്നത്. അവസാനം പരീക്ഷണങ്ങൾക്ക് ഒടുവിൽ ബെൻ ഒരു മാനസികരോഗാശുപത്രിയിൽ എത്തുന്നു.
““ബെൻ” എന്റെ കുട്ടിക്കാലമാണ്. ഒന്നും ഞാൻ മാറ്റിയിട്ടില്ല. അതുപോലെ തന്നെയാണ്.” – ആറ്റ്ലി പറയുന്നു.

“ഞാൻ ആ പടം ഷൂട്ട് ചെയ്തത് എന്റെ തറവാട്ടിലാണ്. അതിലെ കഥാപാത്രങ്ങളുടെ പേരുകൾ എല്ലാം എന്റെ ബന്ധുക്കളുടേതാണ്. ആരെയും മോശമായി കാണിച്ചിട്ടില്ലല്ലോ, ആകെ എന്റെ അമ്മയെ അല്ലേ തല്ലുംപിടിയുമായി കാണിച്ചിട്ടുള്ളൂ.”
“ഹോംലി മീൽസ്” സിനിമാമോഹിയായ അലന്റെ കഥയാണ്. ഒരു ടെലിവിഷൻ ചാനലിലേക്ക് അലൻ നിർമ്മിച്ച ഒരു കോമഡി പരിപാടിയുടെ ക്രെഡിറ്റ് സുഹൃത്ത് മോഷ്ടിക്കുന്നു. കാര്യങ്ങൾ നേരെയാക്കാനും പ്രതികാരം വീട്ടാനും അലൻ ഒരു ലോക്കൽ ഗുണ്ടാസംഘത്തിന്റെ പിന്തുണ നേടുകയാണ്.
ജീവൻ ടിവിയിൽ വി.ജെ ആയിരുന്ന കാലത്തെ തന്റെ ജീവിതമാണ് വിപിൻ ആറ്റ്ലി “ഹോംലി മീൽസ്” ആക്കിയത്.
“ഒരു സുഹൃത്ത് എന്റെ ഐഡിയ മോഷ്ടിച്ചു എന്നത് നേരാണ്. അത് ആ സിനിമയിൽ കാണുന്ന അതേപോലെ തന്നെയല്ല. ആ സുഹൃത്ത്… അതാരാണെന്ന് ഞാൻ എന്തായാലും പറയില്ല.” – ആറ്റ്ലി വിശദീകരിക്കുന്നു.
“ബെൻ” പുറത്തിറങ്ങി അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ആറ്റ്ലി “മ്യൂസിക്കൽ ചെയർ” റിലീസ് ചെയ്തത്. കടുത്ത മാനസികാരോഗ്യ പ്രശ്നങ്ങളും ആത്മഹത്യ ഭീതിയും പിന്തുടരുന്ന മാർട്ടിൻ ആയിരുന്നു കഥയിലെ നായകൻ.
“ഞാൻ തന്നെയാണ് ആ മാർട്ടിൻ” – 2021-ലെ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച മലയാളം സിനിമയ്ക്കുള്ള പുരസ്കാരം കിട്ടിയ “മ്യൂസിക്കൽ ചെയറി”നെക്കുറിച്ച് ആറ്റ്ലി പറയുന്നു.
“ഞാൻ കടന്നുപോയ സാഹചര്യങ്ങളുടെ പത്ത് ശതമാനം പോലും ആ സിനിമയിൽ കാണിച്ചിട്ടില്ല. എനിക്ക് വെളിച്ചം പേടിയായിരുന്നു. പകൽ മുഴുവൻ ഞാൻ ഉറങ്ങും. എന്റെ ക്രൂ വീട്ടിൽ വന്നിരിക്കും. രാത്രി ഇരുട്ടുമ്പോൾ ഞങ്ങൾ ഷൂട്ട് ചെയ്യും.”
മാനസികാരോഗ്യ പ്രശ്നങ്ങൾ ചെറുപ്പം മുതൽ ആറ്റ്ലിയെ അലട്ടിയിരുന്നു. ആദ്യ സിനിമയ്ക്കും മുൻപ് അമ്മയോടൊപ്പം ഒരു സൈക്കാട്രിസ്റ്റിനെ കാണാൻ പോയ സംഭവം ആറ്റ്ലി ഓർമ്മിക്കുന്നു.
“കൊച്ചിയിലെ ഒരു പോപ്പുലർ സൈക്കാട്രിസ്റ്റാണ്. പേര് ഞാൻ പറയില്ല. പുള്ളി അമ്മയോട് പറഞ്ഞു, ഞാൻ ഡോൺ കിയോത്തെ(Don Quixote)യെ പോലെയാണ് എന്ന്.”
പാശ്ചാത്യലോകത്തെ ആദ്യ ആധുനിക നോവൽ എന്ന് വിശേഷിപ്പിക്കുന്ന കൃതിയാണ് ഡോൺ കിയോത്തെ. അതിലെ നായകൻ മതിഭ്രമത്തിലാണ്. സ്വയം കുതിരപ്പടയാളിയാണെന്ന് അയാൾ കരുതുന്നു.
“ഞാനും ഒരു ഫാന്റസി ലോകത്തിലാണെന്നാണ് സൈക്കാട്രിസ്റ്റ് പറഞ്ഞത്. എന്റെ ഫാന്റസി സിനിമയാണ്. സിനിമ ചെയ്തില്ലെങ്കിൽ ഞാൻ മരിച്ചേക്കും. പക്ഷേ, ഈ മാനസികാവസ്ഥയിൽ എനിക്ക് ഒരു സിനിമ ചെയ്യാനാകുമെന്ന് പുള്ളിക്കും ഉറപ്പില്ല.”
ആറ്റ്ലി എന്തായാലും സിനിമ ചെയ്തു. അവയുടെ പേരിൽ അംഗീകാരങ്ങളും നേടി. “ബെൻ” ഒരു ദേശീയ പുരസ്കാരവും കേരള ചലച്ചിത്ര പുരസ്കാരവും നേടി. കൂടാതെ യൂറോപ്പിലും യു.എസിലും കാനഡയിലുമായി നാല് അന്താരാഷ്ട്ര ഫെസ്റ്റിവൽ പുരസ്കാരങ്ങളും സ്വന്തമാക്കി. ഐ.എഫ്.എഫ്.കെ 2024 പതിപ്പിൽ “ഇന്ത്യൻ സിനിമ നൗ” വിഭാഗത്തിൽ ആറ്റ്ലി ജൂറി അംഗവുമായി.
വർഷങ്ങൾക്ക് ശേഷം താൻ മുഖ്യാതിഥിയായ ഒരു പൊതുപരിപാടിയിൽ വച്ച് അതേ സൈക്കാട്രിസ്റ്റിനെ ആറ്റ്ലി കണ്ടു.
“ആ നിമിഷം ഞാൻ മമ്മിയെ വിളിച്ചു, എന്നിട്ട് പറഞ്ഞു, മമ്മീ, ആ ഡോക്ടർ ഇവിടെ ഇരിപ്പുണ്ട്. ഞാൻ സിനിമ ചെയ്യില്ലന്ന് പറഞ്ഞയാള്. ഞാൻ പ്രസംഗിക്കുന്നത് കേൾക്കാൻ.”

സിനിമ മനസ്സിനെ സുഖപ്പെടുത്തിയെന്നാണ് ആറ്റ്ലി വിശ്വസിക്കുന്നത്. “അതൊരു ഗിഫ്റ്റ് ആയിരിക്കും. എന്റെ ഭയങ്ങൾ ഞാൻ സിനിമ എടുത്താണ് മാറ്റുന്നത്. ജീവിതം സ്റ്റക്ക് ആകുമ്പോൾ അത് ഒരു ലൂപ്പിൽ കിടന്ന് കറങ്ങും. അതിൽ നിന്ന് രക്ഷപെടണമെങ്കിൽ നമ്മൾ കഴിവും ഭാവനയും പ്രയോഗിക്കണം. അത് നമ്മുടെ ജീവിതാനുഭവത്തിൽ നിന്നാണ് ഉണ്ടാകുന്നത്. ഇപ്പോൾ, ജുറാസിക് പാർക്ക് എടുത്താൽ പോലും, അതിൽ സ്റ്റീവൻ സ്പീൽബർഗിന്റെ ജീവിതത്തിൽ നിന്നുള്ള എന്തെങ്കിലും ഉണ്ടാകും.”
3
വാഴക്കാല ചെമ്പുമുക്കിൽ നിന്നും ഒരു ഇട റോഡിലേക്ക് തിരിഞ്ഞാൽ വിപിൻ ആറ്റ്ലിയുടെ വീടെത്തും. വീട്ടുനമ്പർ പറഞ്ഞുതന്ന് ആറ്റ്ലി ഫോൺ വച്ചു. ഗേറ്റിന് പുറത്തു കാത്തു നിൽക്കുമ്പോൾ ഏതാണ്ട് ആറ്റ്ലിയെപ്പോലെ മുഖമുള്ള ഒരാൾ സിഗരറ്റ് പുകച്ച് അകത്തേക്ക് പോയി.
“അറ്റ്ലിയുടെ ബ്രദറാണോ?”
“അല്ല.” – അയാൾ മറുപടി പറഞ്ഞു.
അയാൾ സിഗരറ്റ് വലിച്ചും ഞാൻ ആറ്റ്ലി എത്രയും വേഗം ഇറങ്ങിവരുമെന്നും പ്രതീക്ഷിച്ച് കുറച്ച് മിനിറ്റുകൾ വീടിന്‍റെ വരാന്തയിൽ ഇരുന്നു. ആറ്റ്ലിയുടെ എഡിറ്റർ ഗോപകുമാർ നമ്പ്യാരായിരുന്നു സിഗരറ്റ് വലിച്ച് മുറ്റത്തിരുന്നയാൾ. ഏതാനും മിനിറ്റുകൾക്ക് ശേഷം അയാൾ അകത്തേക്ക് കയറിപ്പോയി. ഞാൻ വരാന്തയിൽ കൊതുകുകളുടെ കൂടെയിരുന്നു.
വെള്ള ഭിത്തികളുള്ള വീടിന് മുൻപിൽ വിശാലമായ മുറ്റം. ഉപേക്ഷിക്കപ്പെട്ടത് പോലെ ഒരു കിണര്‍. മഴയെ പിന്തുടര്‍ന്ന് എത്തിയ കളകള്‍. തോന്നുന്ന പോലെ വളരുന്ന ഒരു തെങ്ങും രണ്ട് മാവുകളും. വാശിയോടെ കായ്ക്കുന്ന ഒരു ജാതിമരം.
ജനാലയോട് ചേർന്ന് ഒരു മാസിക, പോസ്റ്റ്മാൻ ഡെലിവറി ചെയ്ത അതേ പരുവത്തിൽ കിടന്നു. ബാൻഡേജ് പോലെ മാസികയ്ക്ക് ചുറ്റും ഒരു ബ്രൗൺ നിറത്തിലെ കവർ ഉണ്ടായിരുന്നു. അതിൽ ഒരു വെളുത്ത ചതുരക്കടലാസിൽ വിലാസം എഴുതിയിരുന്നു.
ആറ്റ്ലി കൂടെ അംഗമായ അസംബ്ലീസ് ഓഫ് ഗോഡ് എന്ന പെന്‍റകോസ്റ്റൽ പള്ളിയുടെ ആ മാസിക വന്നത് അയാളുടെ അമ്മയെ അന്വേഷിച്ചായിരുന്നു. മിസ്. അന്നക്കുട്ടി എന്നാണ് വിലാസത്തിലെ ആദ്യ വരി. പക്ഷേ, അത് കൈപ്പറ്റേണ്ട അന്നക്കുട്ടി കഴിഞ്ഞ ഡിസംബറിൽ മരിച്ചു. അവരുപേക്ഷിച്ച് പോയ കാർക്കശ്യമുള്ള മൗനം പോലെ, ആ കത്തും അനാഥമായി അവിടെ കിടന്നു.
“മമ്മിക്ക് സിനിമ ഇഷ്ടമല്ലായിരുന്നു. വിശ്വാസത്തിന് എതിരാണല്ലോ? മമ്മിയെ കാണിക്കാൻ സിനിമ ചെയ്യുക… മമ്മിയെ തോൽപ്പിക്കാൻ വേണ്ടി സിനിമയെടുക്കുക. അതായിരുന്നു ഒരു ‘കിക്ക്’. മമ്മി മരിച്ചപ്പോൾ ഇനി എന്തിനാണ് സിനിമ ചെയ്യുന്നത്?” – വൈകാരികതകളില്ലാതെ ആറ്റ്ലി പറഞ്ഞു.
അമ്മ, ആറ്റ്ലിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്വാധീനമായിരുന്നു. അവരുടെ അഭാവം മറ്റേതൊരു മലയാളി ‘മാൻ ചൈൽഡി’ന്റെ നിത്യജീവിതത്തിലും എന്നതുപോലെ ആറ്റ്ലിയുടെ ദിവസങ്ങളിലും പ്രതിഫലിക്കുന്നു.
4
ആറ്റ്ലിയുടെ മുറിയിലെ ഇപ്പോഴത്തെ ചവിട്ടി കറുത്ത നിറമുള്ള ഒരു അടിവസ്ത്രമാണ്. തുണികള്‍ അലക്ഷ്യമായി പലയിടത്തായി കിടക്കുന്നു, ഇസ്തിരിയിടാനുള്ളവ ചെമ്പുമുക്കിലെ തേപ്പുകടയിലേക്ക് പോകുന്നു.
ഞാൻ മുകൾ നിലയിലേക്ക് കടക്കുമ്പോൾ ആറ്റ്ലി, ഡൈനിങ് ടേബിളിന് അടുത്ത് നിന്ന് ചുളുങ്ങിയ ഒരു ഷർട്ട് കൈയ്യിലെടുത്ത് ഗോപകുമാറിനെ വഴക്കു പറയുകയായിരുന്നു.
ക്ലീൻ ഷേവ് ചെയ്ത ആറ്റ്ലിക്ക് മുൻപത്തേക്കാൾ വണ്ണമുണ്ടെന്ന് തോന്നി. തടിച്ച ഒരു ലെതർ ബെൽറ്റിനോട് യുദ്ധം ചെയ്തെന്നപോലെ ജീൻസ് അരയിൽ തൂങ്ങി നിന്നു. മുറി ഇനിയും പൂർത്തിയായിട്ടില്ലാത്ത ഒരു ലോകം പോലെയിരുന്നു. അലമാരയിൽ കുറച്ച് അവാർഡുകൾ, നേർത്ത പെയിന്റടിച്ച ഭിത്തിയിൽ സിനിമാ പോസ്റ്ററുകൾ.
ക്രീം നിറത്തിലെ ഡൈനിങ് ടേബിളിൽ “യേശു നിന്നെ സ്നേഹിക്കുന്നു” എന്ന് നീല മഷിയിൽ എഴുതിയിരുന്നു. തൊട്ടടുത്ത മേശയിൽ കുറച്ച് ആത്മീയ, സെൽഫ്-ഹെൽപ് പുസ്തകങ്ങളും കിടന്നു. ആറ്റ്ലിയുടെ ഫോണിന്റെ വാൾപേപ്പർ ഒരു ബൈബിൾ വചനമായിരുന്നു.
“എന്തെന്നാൽ, ഭീരുത്വത്തിന്റെ ആത്മാവിനെയല്ല ദൈവം നമുക്കു നൽകിയത്; ശക്തിയുടെയും സ്നേഹത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയും ആത്മാവിനെയാണ്.”
“വിശ്വാസം എന്റെ ഫേവറിറ്റ് സബ്ജക്റ്റ് ആണ്. ബൈബിളാണ് എനിക്ക് ഏറ്റവും ഇഷ്ടം.” ആറ്റ്ലി തുടരുന്നു “പിന്നെ… ഞാൻ ബോൺ എഗെയ്ൻ ആണ്…” ഒരു നിമിഷം സംസാരം മുറിച്ച് ആറ്റ്ലി കൂട്ടിച്ചേർത്തു: “ഇപ്പോഴത്തെ സിറ്റുവേഷനിൽ ഞാൻ ബോൺ എഗെയ്നാണ്. സത്യം പറഞ്ഞാൽ, ഞാൻ തന്നെ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ഒരു മതത്തിലെ അംഗമാണ് ഞാൻ. ഞാൻ തന്നെ അത് പഠിച്ചുകൊണ്ടിരിക്കുകയാണ്.”
ദൈവവുമായി വളരെ കുഴപ്പം പിടിച്ച ബന്ധമാണ് വിപിൻ ആറ്റ്ലിക്കുള്ളത്. എൻജിനീയറായിരുന്ന അച്ഛൻ സി.ജെ ആറ്റ്ലി, വിപിൻ ആറ്റ്ലിക്ക് ഒൻപത് വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് മരിച്ചത്. പിന്നാലെ, ചുറ്റും നിറയെ മനുഷ്യരുണ്ടായിരുന്ന മുളവുകാട്ടെ വീട്ടിൽ നിന്നും വാഴക്കാലയിലേക്ക് ആറ്റ്ലിയെയും സഹോദരിയെയും അമ്മ പറിച്ചുനട്ടു.
നഗരത്തിലെ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഒറ്റപ്പെട്ട മലയാളം മീഡിയം കുട്ടിയെ പ്രശ്ന പരിഹാരത്തിന് അമ്മ എത്തിച്ചത് ഒരു ക്രിസ്ത്യൻ ധ്യാനകേന്ദ്രത്തിലാണ്. ഒറ്റയ്ക്ക്, വീട്ടുകാരോട് പിണങ്ങി, സ്വന്തം കുടുംബത്തെക്കുറിച്ച് മാത്രം ചിന്തിച്ച് ജീവിക്കുന്ന ഒരു സാധാരണ വിശ്വാസിയായിരുന്നു ആറ്റ്ലിയുടെ അമ്മ. അവരുടെ സംരക്ഷണം പക്ഷേ, ഒടുവിൽ കുട്ടിയെ ഒരു മാനസികരോഗാശുപത്രിയിലാണ് എത്തിച്ചത്.
ആറ്റ്ലിയുടെ ജീവിതം തന്നെ പ്രമേയമായ മ്യൂസിക്കൽ ചെയറിൽ ഓട്ടോറിക്ഷ സഞ്ചരിക്കുന്ന ദൂരങ്ങളിൽ പുതിയ പ്രവാചകരെ അന്വേഷിച്ച ആറ്റ്ലിയുടെ കഥാപാത്രം യാത്ര അവസാനിപ്പിച്ചത് ഒരു കടൽത്തീരത്താണ്. ദൈവം തന്നെ ഒരു അപൂർണമായ, അബദ്ധമായ സങ്കൽപ്പമാണെന്ന് തോന്നിപ്പിച്ച ആറ്റ്ലി ജീവിതത്തിൽ പക്ഷേ, വിശ്വാസിയായി–അതും അമ്മയുടെ വഴി പിൻതുടർന്ന്.
“ഞാൻ വിശ്വാസിയാണ്, അടിമയല്ല.” ആറ്റ്ലി ഓർമ്മിപ്പിക്കുന്നു. ആ വിശ്വാസത്തെ പരീക്ഷിക്കുകയാണ് ‘ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ’. ആറ്റ്ലിയുടെ ഭാഷയിൽ ആ പരീക്ഷ ഭൂരിപക്ഷ വിശ്വാസികൾക്ക് ഉൾക്കൊള്ളാൻ കഠിനമായിരിക്കും.
“ഈ പടത്തിന്റെ സൗണ്ട് ചെയ്യാൻ വന്നയാൾ പറ്റില്ലെന്ന് പറഞ്ഞ് പോയി. അയാള് പടം കണ്ട് കഴിഞ്ഞപ്പോൾ അയാളുടെ വിശ്വാസത്തിന് എതിരാണെന്ന് പറഞ്ഞു.”
പക്ഷേ, അമാനുഷികമായ കാര്യങ്ങളിൽ ചിലപ്പോൾ ആറ്റ്ലിയും വിശ്വസിക്കുന്നുണ്ട്.
“ഞാൻ ഗർഭപാത്രത്തിലുണ്ടായിരുന്ന കാലത്ത് മമ്മിയും പപ്പയും കൂടെ തീയേറ്ററിൽ സിനിമ കാണാൻ പോയി. സിനിമ തുടങ്ങിയത് മുതൽ വയറ്റിനുള്ളിൽ നിന്ന് ഞാൻ മമ്മിയെ ചവിട്ടിക്കൊണ്ടിരുന്നു. ആദ്യം അനക്കമായിരുന്നു, പിന്നെ അത് വലിയ ചാട്ടമായി. തീയേറ്ററിൽ നിന്നും ഇറങ്ങുന്നത് വരെ ചാട്ടം തുടർന്നു.”
ഈ രഹസ്യം “മ്യൂസിക്കൽ ചെയറി”ന് ഐ.എഫ്.എഫ്.കെ നെറ്റ്പാക് പുരസ്കാരം കിട്ടുമ്പോഴാണ് മേരിക്കുട്ടി, വിപിൻ ആറ്റ്ലിയോട് പറഞ്ഞത്.
“സത്യമാണോന്ന് അറിയില്ല. മമ്മിക്ക് നുണ പറയണ്ടകാര്യമില്ല. അല്ലെങ്കിൽ തന്നെ സിനിമയെക്കുറിച്ച് പോസിറ്റീവ് ആയിട്ട് പോലും ഒന്നും പറയാത്ത ആളാണ്.” – ആറ്റ്ലി പറയുന്നു.
“ആന്റപ്പന്റെ അത്ഭുതപ്രവർത്തികൾ” വൈകുകയാണ്. അതിനിടയിൽ കൊവിഡ്-19 കാലത്ത് ആറ്റ്ലി സംവിധാനം ചെയ്ത “പൊമ്പളൈ ഒരുമൈ” ഒ.ടി.ടിയിൽ റിലീസ് ചെയ്തു. കൈയ്യിൽ കിട്ടിയ അഭിനേതാക്കളെയും ടെക്നീഷ്യന്മാരെയും വച്ച് സംവിധാനം ചെയ്ത സിനിമ, തനിക്ക് പ്രിയപ്പെട്ട സംവിധായകൻ ആൽഫ്രഡ് ഹിച്കോക്കിനുള്ള പ്രണാമമാണെന്നാണ് ആറ്റ്ലി വിശേഷിപ്പിക്കുന്നത്.
2024 ഓഗസ്റ്റിൽ മികച്ച സ്വഭാവ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം, “പൊമ്പളൈ ഒരുമൈ”യിൽ അഭിനയിച്ച ശ്രീഷ്മ ചന്ദ്രൻ സ്വന്തമാക്കി. പിന്നാലെ, പതിവുപോലെ ആറ്റ്ലിക്ക് അഭിനന്ദന സന്ദേശങ്ങളുടെ ഒഴുക്കായിരുന്നു. എല്ലാവരും സന്തോഷത്തിനൊപ്പം ആശങ്കകൂടെ പങ്കുവെച്ചു:
“നീ മടിയനാണ്. എവിടെ എത്തേണ്ടവനാണ് നീ…”
“നീ കഴിവ് നശിപ്പിക്കല്ലേ. അടുത്ത പടം എന്താ ചെയ്യാത്തത്?”
“നിനക്ക് എന്തിന്റെ കുറവാ, കടലാസ് ഇല്ലാത്തതാണോ… ഞാൻ വാങ്ങിത്തരാം…”
“ഒരു പടം മതി, നിന്റെ തലവര മാറും.”
ഒരു വലിയ മാറ്റത്തിന്റെ അരികിലാണോ താനെന്ന് ആറ്റ്ലി സ്വയം ചോദിക്കുന്നുണ്ട്. “രക്ഷപെടൽ. അതാണ് എല്ലാവരും പറയുന്നത്. ശരി, എന്താ ഈ രക്ഷപെടൽ? ഒരു വലിയ വാണിജ്യ സിനിമയിൽ എല്ലാവരും ഓർത്തിരിക്കുന്ന ഒരു ഡയലോഗ് പറയുന്നതാണോ? അതോ ഫെയിം ആണോ?”
ഒരു നിമിഷം ആലോചിച്ചിട്ട് ആറ്റ്ലി തുടരുന്നു: “ഞാൻ ടെലിവിഷൻ പ്രസന്ററായിരുന്ന കാലം ഇപ്പോഴും ഓർമ്മയുണ്ട്. അന്ന് കൂടെയുണ്ടായിരുന്ന ഒരുപാട് പേരുണ്ട്. അവരൊക്കെ വലിയ നടന്മാരായി, താരങ്ങളായി. അത് നല്ലതാണ്. എനിക്ക് ബഹുമാനം ഉണ്ട്. പക്ഷേ, അതിൽ, അതിലെന്താ കാര്യം. അത് ശരിക്കും കാര്യമുണ്ടോ? എനിക്ക് കഷ്ടപ്പെടൽ ഇഷ്ടമാണ്. അതില്ലാതായാൽ… ഈ ത്രില്ലും സ്വാതന്ത്ര്യവും ഒക്കെ നശിക്കും.”
സ്വയം എഴുതുന്ന സിനിമകളിൽ മാത്രം അഭിനയിക്കുക എന്ന പതിവ് ആറ്റ്ലി ഇതുവരെ ഒരു തവണയെ തിരുത്തിയിട്ടുള്ളൂ. അത് ലിജോ ജോസ് പെല്ലിശ്ശേരിയുടെ “നൻപകൽ നേരത്ത് മയക്ക”ത്തിന് വേണ്ടിയാണ്. പ്രണയനൈരാശ്യത്തിൽപ്പെട്ട ഒരു നഴ്സിന്റെ വേഷമായിരുന്നു ആറ്റ്ലി ചെയ്തത്.
“ലിജോ ചേട്ടൻ വിളിച്ചു. ചെയ്തു.” – ആറ്റ്ലി എന്നോട് പറഞ്ഞു.
5
ഞങ്ങളുടെ ആദ്യ കൂടിക്കാഴ്ച്ച അവസാനിക്കുമ്പോൾ ആറ്റ്ലി തിരക്കിട്ട് പുറത്തേക്കിറങ്ങി. കൊച്ചിയിലെ ഒരു ഹോട്ടലിലെ നീന്തൽക്കുളമാണ് ലക്ഷ്യം.
“എനിക്ക് വെള്ളത്തിനകത്ത് ജീവിക്കാനാണ് ഏറ്റവും ഇഷ്ടം. എനിക്കെപ്പോഴും ആലുവാപ്പുഴയിൽ പോയി കിടക്കണം. ഒ, എന്തുരസാടാ, അവിടെ കിടക്കുമ്പോൾ ട്രെയിൻ പോകുന്നത് കാണാം.”
ആറ്റ്ലി എന്നെ ആലുവാപ്പുഴയിലേക്ക് ക്ഷണിച്ചു.
“ആലുവാപ്പുഴയ്ക്ക് എന്തോ പ്രത്യേകതയുണ്ട്. അതിൽ പോയി കിടന്നാൽ തീരാവുന്ന പ്രശനമേ എല്ലാവർക്കും ഉള്ളൂ. ഒരു സൈക്കോളജിസ്റ്റിനെയും കാണണ്ട, തെറാപ്പിക്കും പോകണ്ട. നമ്മള് ആലോചിച്ചുകൂട്ടുന്നത് ഒക്കെ എത്രയോ ചെറിയ പ്രശനങ്ങളാണെന്ന് ആലുവാപ്പുഴയിൽ പോയി കിടക്കുമ്പോൾ മനസ്സിലാകും”.
ഈ ലക്കം നിങ്ങൾക്ക് ഇഷ്ടമായോ? കൂടുതൽ വ്യത്യസ്തമായ ഉള്ളടക്കങ്ങൾക്കായി ഒച്ച-Occha സബ്സ്ക്രൈബ് ചെയ്യാം. താഴെ ഇ-മെയിൽ ഐഡി നൽകൂ:
മുൻ ലക്കങ്ങളും വായിക്കാം. ഞങ്ങളുടെ പ്രിയപ്പെട്ട ആർക്കൈവുകളിൽ അശ്വന്ത് കോക്ക്, എസ്. ഹരീഷ്, അഖിൽ പി ധർമ്മജൻ, ഡോൺ പാലത്തറ തുടങ്ങിയവരുണ്ട്. ഒപ്പം മൂന്നാറിൽ നിന്നൊരു “പ്രേതകഥ”യും.
Occha is licensed under CC BY-NC-ND. Read the full disclaimer here.

Leave a comment