Hello!
ഈ ലക്കം Occha-ഒച്ച വളരെ വ്യത്യസ്തമാണ്. ഞങ്ങളൊരു നടന്ന സംഭവം എഴുതി. ഇത് നടന്നത് മൂന്നാറിലാണ്. ഒരു കാടിനുള്ളിൽ. ഇതിൽ എഴെട്ട് കഥാപാത്രങ്ങളുണ്ട്. അതിൽ ഒരാൾ അരൂപിയാണ്!
Occha-ഒച്ച ഒരു ഇ-മെയിൽ ന്യൂസ് ലെറ്റർ ആണ്. മാസത്തിൽ ഒരെണ്ണം. നിലവിൽ ഇത് സൗജന്യമാണ്. ഇനിയും സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ, നല്ല ജേണലിസം പ്രോത്സാഹിപ്പിക്കാൻ ഞങ്ങൾക്കൊപ്പം ചേരുമോ? താഴെ ഇ-മെയിൽ വിലാസം നൽകൂ, സബ്സ്ക്രൈബ് ചെയ്യൂ.
കേൾക്കാത്ത ശബ്ദങ്ങൾ
Occha Volume 2, Issue 5, August 2025
Story by R.M. | Edited by Sreelakshmi Manohar | Fact-check by N.K.

2024 ജൂലൈ 23-ന് പരിസ്ഥിതി സംരക്ഷണ സംഘടന വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ (ഡബ്ല്യു.ടി.ഐ) മൂന്നാറിലെ ഫീൽഡ് സ്റ്റേഷനിൽ രാത്രി 12 മണിയോടെ ഒരു ജീപ്പ് വന്നു നിന്നു. കാടിനെ അതിരിടുന്ന ആ പഴയ കെട്ടിടത്തെ പൊതിയുന്ന വിജനത പോലെ, ആ ജീപ്പും ഇപ്പോൾ ഒരു പതിവുകാരനാണ്.
ഡബ്ല്യു.ടി.ഐ ഫീൽഡ് ഓഫീസർ അഭിജിത്ത് വിജയ് ജീപ്പിൽ നിന്നും ഇറങ്ങി; പിന്നാലെ ഇന്റേണുകളായ സാന്ദ്ര റോസ്, അഖിൽ എ.എസ്, ഷബ്നം മുഹമ്മദ്, ഷാച്ചി പാണ്ഡേ എന്നിവരും. മൂന്നാർ ന്യാമക്കാട് എസ്റ്റേറ്റിലെ കാട്ടിൽ രാത്രി സർവേ കഴിഞ്ഞ് മടങ്ങിയെത്തിയതായിരുന്നു സംഘം. ജീപ്പിൽ നിന്നും ഇറങ്ങിയ ഉടനെ എല്ലാവരും ഫീൽഡ് സ്റ്റേഷനിലേക്ക് ഇരച്ചു കയറി. സംഘത്തിനൊപ്പം അന്ന് പോകാതിരുന്ന ഇന്റേൺ മൃണാളി റാവത്തിന് ചുറ്റുംകൂടി.
“ഇന്ന് കാട്ടിലൊരു സംഭവം ഉണ്ടായി.” – എല്ലാവരും ഒരുമിച്ച് പറഞ്ഞു. “ഒരു പ്രേതം…” – ശരീരത്തിൽ പറ്റിപ്പിടിച്ച കുളയട്ടകളെ പറിച്ചെടുത്ത്, മുറിവിലെ ചോര പഞ്ഞികൊണ്ട് ഒപ്പിയെടുക്കുന്നതിനിടെ അഖിലും സാന്ദ്രയും അന്നുണ്ടായ അസാധാരണ സംഭവം വിവരിച്ചു.
മൃണാളി ധൈര്യത്തിന് പേരുകേട്ടയാളല്ല. അവൾ പ്രാർത്ഥന ചൊല്ലി. കണ്ണുകൾ വിടർത്തി. “നീ ഉണ്ടായിരുന്നെങ്കിൽ രാമനാമം ജപിച്ച് ആദ്യം ഓടിയേനേ.” – ഷാച്ചി കളിയാക്കി.
അന്നത്തെ ദിവസം ഒറ്റയ്ക്ക് ഫീൽഡ് സ്റ്റേഷനിൽ ചെലവഴിച്ച മൃണാളിക്കും ഒരു കഥ പറയാനുണ്ടായിരുന്നു; ഫീൽഡ് സ്റ്റേഷന് തൊട്ടടുത്ത് വന്നെന്ന് മൃണാളി വിശ്വസിക്കുന്ന ആനയേയും കടുവയേയും കുറിച്ച്. പക്ഷേ, ആ കഥ സർവേ സംഘത്തിന്റെ അസാധാരണ കഥയിൽ മുങ്ങിപ്പോയി.
രാത്രി പിന്നെയും നീണ്ടു. പ്രേതങ്ങളിൽ വിശ്വാസമുള്ള അഖിൽ അന്ന് ഉറങ്ങിയില്ല. മൃണാളി ഉറങ്ങിയോ എന്ന് ഉറപ്പില്ല. സാന്ദ്ര, നേരം പുലരാൻ കാത്തിരുന്നു, വീട്ടുകാരോട് ആ കഥ വിവരിക്കാൻ.

മൂന്നാർ മാടുപ്പെട്ടി എസ്റ്റേറ്റിലെ ഗ്രഹാംസ് ലാൻഡ് ഡിവിഷനിലാണ് ഡബ്ല്യു.ടി.ഐയുടെ ഫീൽഡ് സ്റ്റേഷൻ. 1956-ൽ പണിത, കൊളോണിയൽ ശൈലിയിലുള്ള ആ കെട്ടിടത്തിൽ ബയോളജിസ്റ്റ് അഭിജിത്ത് വിജയിയെയും ഏതാനും മാസങ്ങൾ മാത്രം ഇന്റേൺഷിപ്പിന് എത്തിയ ഗവേഷക വിദ്യാർത്ഥികളേയും കൂടാതെ, മച്ചിൽ ഇതുവരെ അവരാരും കണ്ടിട്ടില്ലാത്ത ഒരു മരപ്പട്ടിയും കൂടി താമസമുണ്ട്.
ഡബ്ല്യു.ടി.ഐ 2021-ൽ തുടങ്ങിയ ആംഫീബിയൻ റിക്കവറി പ്രോജക്ടിന്റെ (എ.ആർ.പി) ഭാഗമായാണ് ഫീൽഡ് സ്റ്റേഷൻ തുറന്നത്. ഇടുക്കിയിൽ 23,783 ഹെക്ടർ സ്ഥലം സ്വന്തമായുള്ള കണ്ണൻദേവൻ ഹിൽസ് പ്ലാന്റേഷൻസ് കമ്പനിയുടെ (കെ.ഡി.എച്ച്.പി) തോട്ടങ്ങളിലേത് ഉൾപ്പെടെ ചോല വനങ്ങൾക്കുള്ളിൽ കാണപ്പെടുന്ന തവളകളെ സംരക്ഷിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ചോല വനങ്ങൾ പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന കാടുകളാണ്. മലമടക്കുകളിൽ, സമുദ്രനിരപ്പിൽ നിന്നും 1800 മീറ്ററിന് മുകളിൽ തുരുത്തുകൾ പോലെ ചിതറിയാണ് ചോല വനങ്ങൾ വളരുക. ഈ വനങ്ങളുടെ തുണ്ടുകൾക്ക് ഇടയിൽ വലിയ പുൽമേടുകൾ കാണും. ഒരു ദ്വീപ് പോലെ ഒറ്റപ്പെട്ട് കിടക്കുന്ന ഈ വനങ്ങളെ “ആകാശ ദ്വീപുകൾ” എന്നും ഗവേഷകർ വിളിക്കാറുണ്ട്.
ജൂലൈ 23 ഫീൽഡ് ഓഫീസർ അഭിജിത്തിന് മറ്റൊരു ദിവസം മാത്രമായിരുന്നു. 2022-ൽ പ്രോജക്ടിന്റെ ഭാഗമായ അഭിജിത്തിന് മൂന്നാറിലെ ദിവസങ്ങൾ ഏതാണ്ട് ഒരുപോലെയായിരുന്നു: ഉച്ച തിരിയുമ്പോൾ ബാഗ് പാക്ക് ചെയ്യും. വാടക ജീപ്പിൽ കെ.ഡി.എച്ച്.പിയുടെ വാച്ചർക്കും ഇന്റേൺമാർക്കും ഒപ്പം മുന്നേ നിശ്ചയിച്ച കാട്ടിലെ ഒരു മൂലയിലേക്ക് യാത്ര തിരിക്കും. രാത്രിയിൽ തവളകളെ തെരയും. നിരീക്ഷണങ്ങൾ റെക്കോഡ് ചെയ്യും. അർദ്ധരാത്രിയോടെ ഫീൽഡ് സ്റ്റേഷനിൽ തിരിച്ചെത്തും. രാവിലെ പത്തിന് ഉണർന്ന് ക്ലറിക്കൽ ജോലികളും തലേ രാത്രിയിലെ നിരീക്ഷണങ്ങളുടെ റിപ്പോർട്ടുകളും പൂർത്തിയാക്കും. സ്വയം ഭക്ഷണം ഉണ്ടാക്കും. പതിയെ ഉച്ച മയക്കത്തിലേക്ക് വീഴും. ഉണരുമ്പോൾ വീണ്ടും കാടുകയറാൻ സമയമാകും.
അതേസമയം, കേരള കാർഷിക സർവകലാശാലയിൽ നിന്നുള്ള ഇന്റേൺ സാന്ദ്ര റോസിന് ആ ദിവസം പ്രത്യേകതയുള്ളതായിരുന്നു. കാരണം, അന്നത്തെ ഫീൽഡ് വിസിറ്റ് ന്യാമക്കാട് എസ്റ്റേറ്റിലെ കടലാർ ഡിവിഷനിലായിരുന്നു. ജൂൺ മൂന്നിന് ഇന്റേൺഷിപ് തുടങ്ങിയ സാന്ദ്രയും സഹപാഠികളായ അഖിൽ എ.എസും ഷബ്നം മുഹമ്മദും ജൂലൈ 25-ന് മൂന്നാറിൽ നിന്നും മടങ്ങേണ്ടിയിരുന്നു. അതിന് മുൻപ് കടലാറിൽ മാത്രം കാണപ്പെടുന്ന അപൂർവ്വയിനം കടലാർ സ്വാംപ് ഫ്രോഗ് എന്ന തവളയെ കാണാനുള്ള അവസരമായിരുന്നു അന്നത്തെ ദിവസം. മൂവർ സംഘത്തിൽ അഖിലിന് മാത്രമേ ഇതിന് മുൻപ് കടലാർ പോകാൻ അവസരം കിട്ടിയിരുന്നുള്ളൂ.
അഖിലിൽ നിന്നും സാന്ദ്ര അറിഞ്ഞു: കടലാർ വളരെ മനോഹരമായ സ്ഥലമാണ്. പിന്നാലെ സാന്ദ്ര അഭിജിത്തിനോട് പറഞ്ഞു: ഒന്നുകിൽ കടലാർ, അല്ലെങ്കിൽ ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്ന റെസ്പ്ലെൻഡൻഡ് ഷ്രബ് ഫ്രോഗിനെ കാണുന്ന ഒരു സ്ഥലം. അവിടെ കൊണ്ടുപോകണം.
അന്ന് ഉച്ചതിരിഞ്ഞ് കടലാറിലേക്കുള്ള യാത്രയ്ക്ക് സംഘം പാക്കിങ് തുടങ്ങി. അഭിജിത്ത് സ്വന്തം ക്യാമറ ശ്രദ്ധയോടെ ബാഗിലെടുത്തുവച്ചു. താപനില അളക്കുന്ന പോക്കറ്റ് വെതർമീറ്റർ, ജി.പി.എസ്, ഫസ്റ്റ് എയ്ഡ് കിറ്റ്, സൗണ്ട് റെക്കോഡർ, റെയിൻകോട്ട്, പോഞ്ചോ, ഓഫീസ് മൊബൈൽ, വാട്ടർപ്രൂഫ് കവറുകൾ തുടങ്ങിയ ഉപകരണങ്ങൾ ഇന്റേണുകൾ പാക്ക് ചെയ്തു.
അഞ്ചരയോടെ ജീപ്പ് വന്നു. അഭിജിത്തിനൊപ്പം സാന്ദ്രയും അഖിലും ഷബ്നവും മഹാരാഷ്ട്രക്കാരി ഷാച്ചിയും ചേർന്നു. നേരം പതിയെ ഇരുട്ടിത്തുടങ്ങിയപ്പോൾ ജീപ്പ് കടലാർ എത്തി.

സാന്ദ്ര മനസ്സിൽ കണ്ടതിനേക്കാൾ മനോഹരമായിരുന്നു കടലാർ. ജീപ്പ് നിന്നിടത്ത് നിന്ന് സംഘം ഒരു വലിയ മൊട്ടക്കുന്ന് കയറി. മുകളിൽ നിന്നും തേയിലക്കാടുകൾക്ക് ഇടയിലൂടെ താഴേക്ക് ഇറങ്ങണം. അവിടെയെത്തി തിരിഞ്ഞുനോക്കുമ്പോൾ കാട്ടുപോത്തുകളെ കണ്ടു. മുന്നോട്ടു നടക്കുമ്പോൾ തലയിലെ ടോർച്ചിന്റെ വെളിച്ചത്തിൽ എല്ലാ മരങ്ങളിലും വെളുത്ത പൂക്കൾ.
അന്ന് രണ്ട് സ്ഥലങ്ങളാണ് സംഘത്തിന് സർവ്വേ ചെയ്യാനുണ്ടായിരുന്നത്. ആദ്യ സൈറ്റിലെ സർവേ 40 മിനിറ്റിൽ പൂർത്തിയായി. അവിടെ റെക്കോർഡ് ചെയ്യാൻ മാത്രം തവളകളുണ്ടായിരുന്നില്ല.
രണ്ടാമത്തെ സ്ഥലം ഇരവികുളം ദേശീയോദ്യാനത്തിന്റെ അതിരിനോട് ചേർന്ന ഒരു ചതുപ്പായിരുന്നു. ഒരു ഹോക്കി സ്റ്റിക്ക് പോലെ വളഞ്ഞ ചതുപ്പ്, കടലാർ സ്വാംപ് ഫ്രോഗിനേയും ആനമലൈ ഫ്ലൈയിങ് ഫ്രോഗിനേയും നിരീക്ഷിക്കാൻ പറ്റിയ ആവാസവ്യവസ്ഥ; ഗവേഷകരെ സംബന്ധിച്ചിടത്തോളം അതവർക്ക് ഒത്തിണങ്ങി വന്നൊരു അനുകൂലമായ സാഹചര്യം കൂടിയുണ്ടായിരുന്നു. ജൂണിലെ മഴക്കാലം കടലാർ സ്വാംപ് തവളകളുടെ പ്രജനനകാലമാണ്. മഴ തകർക്കുന്ന ആദ്യ ആഴ്ച്ചകളിൽ മരത്തവളകളായ ഇവ ഇണകളെത്തേടി ചതുപ്പുകളിലേക്ക് ഇറങ്ങിവരും. ഇണചേരൽ കഴിഞ്ഞ് മുട്ടയിട്ട് ആഴ്ച്ചകൾക്കുള്ളിൽ മരങ്ങളിലേക്ക് അപ്രത്യക്ഷമാകും. ചതുപ്പിൽ വളരുന്ന ഓറഞ്ച് കണ്ണുള്ള കുഞ്ഞുങ്ങളും മഴ തോരുന്നതോടെ മരങ്ങളിലേക്ക് കയറും. അതുകൊണ്ട് തന്നെ മൺസൂണിന്റെ രണ്ടാം പകുതി കടലാർ ചതുപ്പു തവളകളെ കാണാനാകുന്ന അപൂർവ്വ സമയം കൂടിയാണ്.
ചതുപ്പിലേക്കുള്ള വഴിയിൽ മുന്നിൽ അഭിജിത്ത് നടന്നു. പിന്നിൽ അഖിൽ. അതിന് പിന്നിൽ സാന്ദ്ര. കുറച്ചുകൂടി പിന്നിൽ ഷബ്നവും ഷാച്ചിയും. ചതുപ്പിന് അകത്തേക്ക് നടന്നടുക്കുന്തോറും കൂടുതൽ വെള്ളപ്പൂക്കൾ തെളിഞ്ഞു തെളിഞ്ഞു കണ്ടു, നിലത്തു നിറയെ പിങ്ക് പൂക്കളും. ആ പൂക്കൾക്ക് മനം മയക്കുന്ന ഗന്ധവുമുണ്ടായിരുന്നു.
ഷബ്നം പൂക്കളുടെ ഭംഗി ആസ്വദിച്ച് ചതുപ്പിലേക്ക് ഇറങ്ങുന്നതിന് മുൻപേ പിന്നിൽ നിന്നും ഒരു മൂളിപ്പാട്ടു കേട്ടു. തിരിഞ്ഞു നോക്കുമ്പോൾ കുറച്ചുദൂരെ ഷാച്ചിയുണ്ട്. പക്ഷേ, അവൾ പാടുന്നില്ല.
കടുവയും പുലിയും ആനയും വിഷ പാമ്പുകളുമുള്ള പശ്ചിമഘട്ട വനങ്ങളിൽ രാത്രി സർവേ അപകടം പിടിച്ച പണിയാണ്. ഇന്റേണുകളുമായി വരുമ്പോൾ അഭിജിത്തിനെപ്പോലെയുള്ളവരുടെ ആദ്യ മുൻഗണന അവരുടെ സുരക്ഷയാണ്. തങ്ങളുടെ അധീനതയിലുള്ള വനങ്ങളിലെ സർവേയിൽ കെ.ഡി.എച്ച്.പിക്കും ഉത്തരവാദിത്തമുണ്ട്.
സർവേ നടത്തുന്ന സ്ഥലങ്ങളെക്കുറിച്ച് സംഘം നേരത്തെ കെ.ഡി.എച്ച്.പിക്ക് വിവരം നൽകണം. ഓരോ രാത്രിയിലെ സർവേയ്ക്കും മുൻപ് രാവിലെ അതത് എസ്റ്റേറ്റുകളുടെ മാനേജറെ അറിയിക്കണം. പ്രദേശത്തെ മൃഗങ്ങളുടെ സഞ്ചാരവും സാഹചര്യവും പരിഗണിച്ചാണ് അനുമതി നൽകുക. സുരക്ഷയ്ക്ക് സംഘത്തോടൊപ്പം പ്രദേശവാസിയായ ഒരു വാച്ചറെ കൂടെ അയക്കും.
കടലാറിലെ ചതുപ്പ് തവളകളുടെ സ്വർഗമായിരുന്നു. എല്ലാവരും അവരവരുടെ ജോലികൾ തുടങ്ങി. അഭിജിത്ത് ചതുപ്പിലൂടെ പതിയെ അടിവച്ച് ഏതാനും മീറ്ററുകൾ ചതുപ്പ് വനത്തോട് ചേരുന്ന വളവിലേക്ക് നടന്നു. ചുറ്റും ഇരുട്ട്. ചുറ്റും കാട്. ചതുപ്പിലെ നടപ്പ് ശ്രദ്ധയോടെ വേണം. എളുപ്പം കാൽ പുതഞ്ഞുപോകാം. ചതുപ്പിൽ വളരുന്ന കനത്ത പുല്ലുകളിൽ മാത്രം ചവിട്ടുക എന്നതാണ് അത് ഒഴിവാക്കാനുള്ള പ്രതിവിധി.

അഭിജിത്ത് ഒരു ചുവടുവച്ചു. ടോർച്ചു വെളിച്ചത്തിൽ ചുറ്റും നോക്കി. അടുത്തുള്ള ഇലയില്ലാത്ത മരങ്ങളിൽ ഇരിക്കുന്ന തവളകളെ എണ്ണി. പെട്ടന്ന് തൊട്ടടുത്ത് ഒരു ഇലയിൽ പാമ്പിനെ കണ്ടു. വിരിഞ്ഞിട്ട് അധികമായിട്ടില്ലാത്ത, പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന, പച്ച നിറമുള്ള ഒരു അണലിയായിരുന്നു അത്. അഭിജിത്ത് സാവധാനം ക്യാമറ പുറത്തെടുത്തു.
അതിനിടെ, തവളകളുടെയും കിളികളുടെയും മറ്റു ജീവികളുടെയും കരച്ചിലിനിടെ ഒരു “സ്ത്രീ ശബ്ദത്തിലെ” മൂളിപ്പാട്ട് ഇരുട്ടിൽ നിന്നും ഒഴുകിവന്നു. “ആ…ആ…ആ…ആ” മറ്റു ശബ്ദങ്ങളെ മുറിച്ച് ആ പാട്ട് അഭിജിത്ത് കേട്ടു.
സാന്ദ്രയോ ഷബ്നമോ പാടുന്നതാകും എന്നാണ് അഭിജിത്ത് ആദ്യം കരുതിയത്. അയാൾ ചതുപ്പിൽ മുട്ടുകുത്തി പാമ്പിന്റെ രണ്ട് ഫോട്ടോകൾ പകർത്തി. അപ്പോഴാണ് അയാൾ അത് ശ്രദ്ധിച്ചത് “സ്ത്രീ ശബ്ദം” പിന്നിൽ നിന്നല്ല, മുന്നിൽ നിന്നാണ് ചതുപ്പിനും അപ്പുറം വനത്തിൽ നിന്നും.
അഭിജിത്ത് നിശ്ചലനായി. ശബ്ദത്തിൽ മാത്രം ശ്രദ്ധിച്ചു. അത് മുന്നിൽ നിന്നും തന്നെയാണ് കേൾക്കുന്നത്. ഒരുപക്ഷേ ഒരു എട്ടടി ഉയരത്തിൽ നിന്നും. അഭിജിത്തിന്റെ ആദ്യ ചിന്ത, അതൊരു പക്ഷിയാകും എന്നായിരുന്നു.
ഉഭയജീവികളെ നിരീക്ഷിക്കുന്ന അഭിജിത്തിനെപ്പോലെയുള്ള ഗവേഷകരുടെ പ്രധാനപ്പെട്ട ആയുധം ശബ്ദം തിരിച്ചറിയാനുള്ള കഴിവാണ്. പക്ഷേ, മുന്നിൽ കേൾക്കുന്ന ശബ്ദം പക്ഷിയേക്കാൾ ഒരു മനുഷ്യന്റേതിന് സമാനമാണെന്നായിരുന്നു അഭിജിത്തിന് തോന്നിയത്. അഭിജിത്ത് ഏതാനും ചുവടുകൾ മുന്നോട്ടുവച്ചു, ശബ്ദം കേട്ട ഭാഗത്തേക്ക് ടോർച്ച് അടിച്ചുനോക്കി. മരങ്ങൾ തിങ്ങി നിൽക്കുന്ന അവിടെ ആരെയും കണ്ടില്ല. പക്ഷേ, പാട്ട് അപ്പോഴും തുടരുകയായിരുന്നു.
ഏതാണ്ട് നാല് മിനിറ്റ് അവിടെ തുടർന്നെങ്കിലും പാട്ടിന്റെ ഉറവിടം കണ്ടെത്താനായില്ല. പതിയെ പാട്ട് നിന്നു. അഭിജിത്ത് മെല്ലെ തിരിഞ്ഞു. തിരിച്ചു നടക്കാൻ ഏതാനും അടിവച്ചപ്പോൾ മുന്നിൽ നിന്നും വീണ്ടും പാട്ട് തുടങ്ങി. ഇത്തവണ നിലത്ത് നിന്ന് ഏകദേശം ഒരടി ഉയരത്തിൽ നിന്നാണ് പാട്ടെന്നാണ് അഭിജിത്തിന് തോന്നിയത്. പത്ത് സെന്റീമീറ്റർ വരെയെങ്കിലും വെള്ളം നിറഞ്ഞിരുന്ന ചതുപ്പിൽ ഇരുന്ന് ഒരു കിളി പാടാൻ സാധ്യത കുറവാണ്. അതുകൊണ്ട് ചതുപ്പിലെ ചെടികളിൽ അയാൾ പരതി. മുന്നിൽ വളർന്നിരുന്ന ചെടികളുടെ ഓരോ ഇലയും അയാൾ ടോർച്ച് കൊണ്ട് പരിശോധിച്ചു. പാട്ട് അപ്പോഴും തുടരുകയാണ്, പക്ഷേ “പക്ഷിയെ” മാത്രം കാണാനായില്ല.
പശ്ചിമഘട്ടത്തിലെ കാടുകൾ രാത്രി നിശബ്ദമല്ല. രാത്രി കിളികൾ സജീവമാണ്, പ്രത്യേകിച്ചും മൂങ്ങകൾ. ഇവ ഓരോന്നിന്റേയും ശബ്ദവും വ്യത്യസ്തമാണ്. കാട്ടുമൂങ്ങ (സ്പോട്ട് ബെല്ലീഡ് ഈഗിൾ ഔൾ) യുടെ കരച്ചിൽ പഴയ പ്രേതപ്പടങ്ങളിലെ യക്ഷിയുടെ അലർച്ച പോലെയാണ്.
അഭിജിത്തിന് മനസ്സിൽ തോന്നിയ മറ്റൊരു സാധ്യത ഷഡ്പദങ്ങളാകാം ശബ്ദത്തിന് പിന്നിൽ എന്നാണ്. പക്ഷേ, വളരെ ബേസ് (Bass) ആയ ലോ പിച്ച് (low-pitched) ശബ്ദമുള്ള ജീവികൾ അഭിജിത്തിന്റെ അറിവിൽ കുറവാണ്. അടുത്ത ചിന്ത താനൊരു ഭ്രമലോകത്താണോ എന്നായിരുന്നു.
ചിന്തകൾക്കിടെ അഭിജിത്ത് കുറച്ചകലെ നിന്നിരുന്ന സാന്ദ്രയെ വിളിച്ചു. സർവേക്കിടെ തവളകളുടെ ശബ്ദം റെക്കോഡ് ചെയ്യേണ്ടി വരുമ്പോഴാണ് പൊതുവെ അഭിജിത്ത് അടുത്തേക്ക് വിളിക്കാറ്. ഇത്തവണയും അത് പ്രതീക്ഷിച്ചാണ് സാന്ദ്ര വന്നത്.
“എന്താ ചേട്ടാ, എന്തിനെയാ കണ്ടത്?” – സാന്ദ്ര ചോദിച്ചു.
അഭിജിത്ത്, മിണ്ടരുത് എന്ന് അവളോട് ആംഗ്യം കാണിച്ചു.
“ഒരു മൂളിപ്പാട്ട് പോലെയാണ് എനിക്കത് തോന്നിയത്.” – സാന്ദ്ര പറയുന്നു.
രാത്രികളിൽ തവളകളുടെ “മേറ്റിങ് കോളുകൾ” (ഇണയെ ആകർഷിക്കാനുള്ള ശബ്ദം) സാധാരണയാണ്. ഈ മേഖലയിൽ പരിചയസമ്പത്തുള്ളവർക്കാണ് അത്തരം ശബ്ദങ്ങൾ വേർതിരിച്ച് അറിയാനാകുക. തവളകളുടെ പഠനത്തിൽ തുടക്കക്കാരി എന്ന നിലയ്ക്ക് സാന്ദ്രയ്ക്ക് അതെപ്പോഴും ബുദ്ധിമുട്ടാണ്. പക്ഷേ, ഈ “മൂളിപ്പാട്ട്” സാന്ദ്ര വേഗത്തിൽ തിരിച്ചറിഞ്ഞു.
ജിജ്ഞാസയോടെ സാന്ദ്ര അഭിജിത്തിനോട് കാര്യം തിരക്കി.
“എനിക്കറിയില്ല, തപ്പിയിട്ട് ഒന്നും കാണുന്നില്ല.” – അഭിജിത്ത് മറുപടി പറഞ്ഞു.
സാന്ദ്രയുടെ മുഖത്തെ ജിജ്ഞാസ പതിയെ ഭയത്തിലേക്ക് മാറിയത് അഭിജിത്ത് കണ്ടുനിന്നു. അപ്പോഴേക്കും ഷബ്നവും അഖിലും ഷാച്ചിയും എത്തി. അവരും നിശബ്ദരായി, അവരും പാട്ടു കേട്ടു.
“ഇത് ഇവിടെ ഇറങ്ങുന്നതിന് മുൻപ് ഞാനും കേട്ടിരുന്നു” ശബ്നം പറഞ്ഞു “ഷാച്ചി പാടിയതാണെന്നാണ് ഞാൻ കരുതിയത്.”
കൂട്ടത്തിൽ നിഷ്കളങ്കനും പാവവുമെന്ന് അഭിജിത്ത് വിശേഷിപ്പിക്കുന്ന അഖിലിന്റെ കണ്ണുകൾ വിടർന്നു. മുഖത്ത് ഭയം നിറഞ്ഞു.
“ഇത് പണ്ടെങ്ങാണ്ടും ഏതോ പെണ്ണിനെ ഇവിടെ കൊന്ന് ചതുപ്പിൽ താഴ്ത്തിയതാണ്. അതുകൊണ്ടായിരിക്കും നമ്മുടെ കാലൊക്കെ താഴ്ന്നു പോകുന്നത്” – ചതുപ്പിൽ ചവിട്ടി അഖിൽ പറഞ്ഞു.
അതിന് പിന്നാലെ അടുത്ത അടി വച്ച സാന്ദ്രയുടെ കാലുകൾ ചതുപ്പിൽ ആണ്ടുപോയി. തിരിച്ചു വലിച്ചെടുത്തപ്പോൾ ബൂട്ടിൽ നിറയെ വെള്ളം കയറി. വോയിസ് റെക്കോർഡർ കയ്യിലുണ്ടായിരുന്നെങ്കിലും അതെടുക്കാൻ സാന്ദ്രയ്ക്ക് പിന്നീട് ധൈര്യം വന്നില്ല.
അഭിജിത്ത് ചതുപ്പിൽ ശബ്ദം കേട്ടിടത്തേക്ക് കൂടുതൽ ഇറങ്ങി. വെള്ളത്തിൽ വീണു കിടന്ന കരിയിലകൾ നീക്കി, ആ പ്രദേശം മുഴുവൻ അരിച്ചുപെറുക്കി. അപ്പോഴേക്കും ശബ്ദം കുറഞ്ഞു കുറഞ്ഞ് “പാട്ട്” നിലച്ചു.
തെരച്ചിൽ നിർത്തുമ്പോഴേക്ക് “പാട്ട്” വീണ്ടും തുടങ്ങി. ഇത്തവണ അത് സംഘം നിന്നിരുന്നതിന് പിന്നിൽ, ഏഴെട്ടടി ഉയരത്തിൽ നിന്നായിരുന്നു. എല്ലാവരും മരങ്ങളിലേക്ക് ദൃഷ്ടി പായിച്ചു. പാട്ടിന്റെ ശബ്ദം ഇടയ്ക്ക് കുറയുന്നതല്ലാതെ ജീവികളെ ഒന്നിനെയും കണ്ടില്ല.
സാന്ദ്രയും അഖിലും പേടിച്ചു നിൽക്കേ, അഭിജിത്ത് ചോദിച്ചു: “ഇനി ശരിക്കും വല്ല പ്രേതവുമാണോ?”
അഭിജിത്ത് കഴിഞ്ഞാൽ കൂട്ടത്തിൽ ധൈര്യശാലിയായ ഷാച്ചി, പരതൽ അവസാനിപ്പിച്ചു പറഞ്ഞു: “ഇവിടെ എന്തോ ഉണ്ട്.”
അന്നത്തെ വിവരശേഖരണം അവസാനിച്ചു. ശരിക്കും പേടിച്ചവർ ആദ്യം തന്നെ കാട്ടിൽ നിന്നും പുറത്തേക്ക് നടന്നു. ഷബ്നം “ഇതെന്താണെന്ന് അറിയണമല്ലോ” എന്ന ഭാവത്തിൽ നിൽപ്പ് തുടർന്നു. അഭിജിത്തും ഷാച്ചിയും പത്ത് മിനിറ്റ് കൂടി ചതുപ്പിൽ പരതി. അപ്പോഴേക്കും മെല്ലെ മെല്ലെ പാട്ട് അവസാനിച്ചിരുന്നു.
ചതുപ്പ് കടന്ന് എല്ലാവരും തിരികെ വാച്ചറുടെ അടുത്തെത്തി. കടലാറിന് ദുർമരണങ്ങളുടെ എന്തെങ്കിലും ചരിത്രമുണ്ടോയെന്ന് അഖിൽ തിരക്കി. അയാൾ ഇല്ലെന്ന് പറഞ്ഞു. പാട്ടിനെക്കുറിച്ച് ചോദിച്ചപ്പോൾ, അത് ഏതെങ്കിലും കിളിയായിരിക്കുമെന്ന് മറുപടിയും പറഞ്ഞു.
വാച്ചറെ വീട്ടിൽ വിട്ട് എസ്റ്റേറ്റ് റോഡിലൂടെ ജീപ്പ് പതിയെ ഉരുണ്ടു തുടങ്ങി. സമയം രാത്രി 11.30 കഴിഞ്ഞു. പുറത്തെ മൂടൽമഞ്ഞും ഇരുട്ടും ജീപ്പിനെ പൊതിഞ്ഞു. അഭിജിത്തും ഷാച്ചിയും അറിയാവുന്ന പ്രേതകഥകൾ മുഴുവൻ പറഞ്ഞുകൊണ്ടിരുന്നു. വഴിയിലൊരിടത്ത് അപ്രതീക്ഷിതമായി ഡ്രൈവർ ജീപ്പ് നിറുത്തി. അയാൾ കഴുത്തുവെട്ടിച്ച് അഭിജിത്തിനെ നോക്കി. അയാളുടെ മുഖത്ത് തുടക്കത്തിലുണ്ടായിരുന്ന ചിരി മാഞ്ഞിരുന്നു. അയാൾ വേഗത്തിൽ പറഞ്ഞു:
“ചേട്ടാ, എന്റെ വീട് കടലാറാണ്. ഞാൻ ഈ വഴി ഒറ്റയ്ക്ക് തിരിച്ചു വരേണ്ടതാണ്. ഒന്ന് നിർത്താമോ?”

അന്നത്തെ സംഭവത്തിന് ശേഷം മൂന്നു തവണ കൂടി അഭിജിത്ത് കടലാറിൽ സർവേയ്ക്ക് പോയിരുന്നു. പക്ഷേ, ആ “പാട്ട്” പിന്നീട് കേട്ടില്ല.
2025 മെയ് മാസം അഭിജിത്ത് ഡബ്ല്യു.ടി.ഐയിലെ ജോലി ഉപേക്ഷിച്ചു. മാസങ്ങൾക്ക് ശേഷം ഗ്രഹാംസ് ലാൻഡിലെ പുതിയ ഫീൽഡ് ഓഫീസർ ആൽബിൻ തോമസ് അഭിജിത്തിനെ ഫോണിൽ വിളിച്ചു ചോദിച്ചു: “നിങ്ങൾ അന്ന് എങ്ങനത്തെ ശബ്ദമാണ് കേട്ടത്, ഞാനൊരു ശബ്ദം കേൾപ്പിച്ചു തരട്ടേ?”
ഫീൽഡ് സ്റ്റേഷന് അടുത്തുള്ള അരുവിയിൽ നിന്ന് റെക്കോർഡ് ചെയ്ത ഒരു തവളയുടെ ശബ്ദം ആൽബിൻ കേൾപ്പിച്ചു.
“അതേ പാറ്റേൺ. പക്ഷേ, ഇതൊരു ജീവിയുടെ ശബ്ദമാണെന്ന് മനസ്സിലാകും. ശബ്ദം സാമ്യമുണ്ട്. പക്ഷേ, ഞാൻ കേട്ടത് ഇതല്ല.” – അഭിജിത്ത് മറുപടി പറഞ്ഞു.
അപ്പോൾ ആരായിരിക്കും ആ ശബ്ദത്തിന്റെ ഉടമ? – ഒച്ച-Occha അഭിജിത്തിനോട് ചോദിച്ചു.
“ഇതുവരെ തിരിച്ചറിയാത്ത മറ്റൊരു തവളയായിരിക്കാം.”
അതോ, പ്രേതമാണോ?
“ആ ശബ്ദം നാച്ചുറലാണ്. എനിക്ക് വിശ്വാസം തന്നെയില്ല, പിന്നെയല്ലേ അന്ധവിശ്വാസം.” – അഭിജിത്ത് പറഞ്ഞു.
■
occha.in
ഈ ലക്കം മുഴുവൻ വായിച്ചോ? ഇഷ്ടപ്പെട്ടെങ്കിൽ നല്ല ജേണലിസം പ്രോത്സാഹിപ്പിക്കാൻ ഞങ്ങൾക്കൊപ്പം ചേരുമോ? താഴെ ഇ-മെയിൽ വിലാസം നൽകൂ, സൗജന്യമായി സബ്സ്ക്രൈബ് ചെയ്യൂ.
Occha is licensed under CC BY-NC-ND. Read the full disclaimer here.

Leave a reply to മാരകൻ Cancel reply