Hello!
വിഷയം ക്രിസ്തുമതമാണെങ്കിൽ ഡോൺ പാലത്തറ അവിശ്വാസിയാണ്. പക്ഷേ, സംസാരം സ്വതന്ത്ര സിനിമയായാൽ ഡോൺ കടുത്ത വിശ്വാസിയാണ്. ഇടുക്കിയിൽ ജനിച്ച്, ഓസ്ട്രേലിയയിൽ സിനിമ പഠിച്ച്, മലയാളത്തിൽ പടമെടുക്കുന്ന ഡോൺ, സിനിമ തന്നെ ജീവിതവും വഴിയുമെന്ന് കരുതുന്നയാളാണ്.
ഇത്തവണ, Occha-ഒച്ച ഡോൺ പാലത്തറയുടെ ഹ്രസ്വമായ ഒരു പ്രൊഫൈൽ ആണ്. മൂന്നു സംഭാഷണങ്ങളിലായി ഡോൺ ഞങ്ങളോട് സംസാരിച്ചതിന്റെ ചുരുക്കം. നാലായിരത്തിന് മുകളിൽ വാക്കുകളുണ്ടായിരുന്ന ഈ സ്റ്റോറി, ന്യൂസ്-ലെറ്റർ പരുവത്തിലാക്കാൻ നാലിലൊന്നായി ചുരുക്കേണ്ടി വന്നു. അതുകൊണ്ടുതന്നെ ഇതിലൂടെ നിങ്ങൾക്ക് ഡോണിനെ അറിയാനാകുമെന്ന് നിർബന്ധമില്ല. ഡോണിലേക്ക് തുറക്കുന്ന വാതിൽ അയാളുടെ സിനിമകളാണ്. 1956 മദ്ധ്യതിരുവിതാംകൂർ, ശവം, വിത്ത് സിനിമകൾ യൂട്യൂബിൽ കാണാം. ഫാമിലി മനോരമ മാക്സിലും.
ഈ ലക്കത്തിലേക്ക് കടക്കും മുൻപ് ഒരപേക്ഷ കൂടെ: നിങ്ങൾക്ക് ഉപകാരപ്പെടുമെങ്കിൽ താഴെ ഈ ന്യൂസ്-ലെറ്റർ സബ്സ്ക്രൈബ് ചെയ്യുമോ?
നിങ്ങൾ ഇവിടെ ആദ്യമാണെങ്കിൽ ഞങ്ങളുടെ മുൻ ലക്കങ്ങൾ അശ്വന്ത് കോക്ക് ഉൾപ്പെടെ മലയാളത്തിലെ യൂട്യൂബ് സിനിമാ നിരൂപകരെക്കുറിച്ചും എസ്. ഹരീഷിന്റെ പട്ടുനൂൽപ്പുഴു, അഖിൽ പി ധർമ്മജന്റെ രാത്രി 12-ന് ശേഷം എന്നീ നോവലുകളുടെ നിരൂപണവുമായിരുന്നു. മൂന്നു സ്റ്റോറികളും ഇപ്പോഴും നിങ്ങൾക്ക് വായിക്കാം.
ഡോൺ ശാന്തമായി ഒഴുകുന്നു
Occha Volume 2, Issue 4, July 2025
Story by R.M. | Edited by Sreelakshmi Manohar | Fact-check by N.K.

1
ഭരതന്റെ “വൈശാലി”യാണ് ഡോൺ പാലത്തറയുടെ ആദ്യ സിനിമാ ഓർമ്മ.
ഉരുകുന്ന ചൂടിൽ, ഇരുണ്ട സിനിമാക്കൊട്ടകയ്ക്കുള്ളിൽ, സ്ക്രീനിന് തൊട്ടടുത്തിരുന്ന് കണ്ട 1989-ലെ ആ സിനിമാ അനുഭവത്തെ “അസ്സഹനീയമായ ഒരു എക്സ്പീരിയൻസ്” എന്നാണ് സ്വതന്ത്ര സംവിധായകനായ ഡോൺ വിശേഷിപ്പിക്കുന്നത്.
“ആ തീയേറ്റർപോലും എനിക്കോർമ്മയില്ല.” – ഡോൺ പറയുന്നു.
ഡോൺ ഒച്ചയോട് സംസാരിക്കുമ്പോൾ അസ്സഹനീയമായ മറ്റൊരു വേനൽ തുടങ്ങുകയായിരുന്നു. രാജസ്ഥാനിലെ ഡോണിന്റെ മുറിക്ക് അലങ്കാരങ്ങളില്ലാത്ത ഒരു വെളുത്ത ഭിത്തിയുണ്ട്. അതിലെ ജനാലയിൽ ഇളം നിറത്തിലെ കർട്ടൻ കാറ്റിനൊപ്പം ഇളകിക്കൊണ്ടിരുന്നു. അത്രയുമേ ഗൂഗിൾ മീറ്റിന്റെ ജാലകത്തിൽ പതിഞ്ഞിരുന്നുള്ളൂ.
“പിന്നെ കണ്ട സിനിമകൾ…” ഡോൺ ഓർമ്മിക്കുന്നു, “പരിണയം. പാഥേയം.”
“സീരിയസ്” ആയ ഈ രണ്ടു സിനിമകളും അധ്യാപകനായ, ചിന്താമൂകനായ പിതാവ് പി. റ്റി. ചാക്കോ തെരഞ്ഞെടുത്ത് കാണിച്ച സിനിമകളാണ്.
“പപ്പ, ഞാൻ ജനിച്ചപ്പോ മുതലെ രോഗിയായിട്ടൊക്കെ ഇരുന്നയാളാണ്. അത്ര സന്തോഷവാനൊന്നും ആയിരുന്നില്ല. എനിക്ക് തോന്നുന്നു, ഒരു ലോങ് ടേം ഡിപ്രഷൻ ഒക്കെ ഉണ്ടായിരുന്ന ഒരു കക്ഷിയായിരിക്കണം.”
ഇടുക്കി കമ്പംമേട്ടിലെ ശാന്തിപുരത്താണ് ഡോൺ ജനിച്ചത്. ശാന്തിപുരം പശ്ചിമഘട്ട മലനിരകൾക്കിടയിലെ ശാന്തമായ മറ്റൊരു ക്രിസ്ത്യൻ കുടിയേറ്റ ഗ്രാമം മാത്രമായിരുന്നു-മനുഷ്യർ, കന്നുകാലികൾ, പാൽസൊസൈറ്റി, പള്ളി.
“ലോകം മുഴുവൻ അങ്ങനെ തന്നെയായിരുന്നു എന്നാണ് ഞാൻ കരുതിയിരുന്നത്.”
അതുകൊണ്ടുതന്നെ വലുതാകുമ്പോൾ ആരാകണമെന്ന ചോദ്യത്തിന് ചെറുപ്പം മുതലേ ഡോണിന് ഒരു ഉത്തരമേ ഉണ്ടായുള്ളൂ – പള്ളീലച്ചൻ.
“നമ്മൾ ചെയ്യുന്ന ഓരോ കാര്യത്തിലും പള്ളിയുടെയും മതത്തിന്റെയും ഭീകരമായ ഇടപെടൽ ഉണ്ടായിരുന്നു. നേരിട്ടുള്ള പള്ളിയുടെ ഇടപെടൽ ആകണമെന്നില്ല. ഇപ്പോൾ, എല്ലാ ആഴ്ച്ചയിലും ശനിയും ഞായറും പള്ളിയിൽ പോകണം. പിന്നെ സ്കൂളിൽ പോകുമ്പോഴേ പള്ളി സ്കൂളിൽ രാവിലെ പ്രാർത്ഥന, ഉച്ചയ്ക്ക് പ്രാർത്ഥന, പിന്നെ വീട്ടിൽ വന്ന് രാത്രി പ്രാർത്ഥന… ഭാഷയിലാണെങ്കിൽപ്പോലും സംസാരിക്കുമ്പോൾ ബൈബിളിലെ കാര്യങ്ങൾ കേറിവരുന്നു. പിന്നെ, വീട്ടിലെ ആളുകൾ ശരിതെറ്റുകളെക്കുറിച്ച് പറഞ്ഞുതരുന്നത് മുഴുവൻ ബൈബിളുമായി ബന്ധപ്പെട്ട കാര്യങ്ങൾ വെച്ചിട്ടാണ്.”
ഡോൺ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ പിതാവ് മരിച്ചു. ഗുരുതരമായ ഒരു ചോദ്യം സ്വയം ചോദിക്കാൻ അത് പ്രേരിപ്പിച്ചു:
“അത്രയും ചെറിയ ഒരു പയ്യന്റെ ഫാദർ മരിക്കുക, നമുക്ക് ഏറ്റവും ആവശ്യമുള്ള സമയത്ത് അച്ഛൻ ഇല്ലാതാകുക എന്ന് പറയുന്നത്… ഒരു ഭയങ്കര നീതിമാനും ഭയങ്കര ലവിങ്, കെയറിങ് ആണെന്ന് പറയുന്ന ഒരു ദൈവത്തിന് എങ്ങനെ ചെയ്യാൻ പറ്റും… അങ്ങനെയാണെങ്കിൽ, അത് എന്തുതരം ദൈവമാണ്?”
2
രണ്ടു സംഗതികളാണ് ഡോണിന്റെ വിശ്വാസത്തെ ചെറുപ്പത്തിലേ ഉലച്ചത്. ഒന്ന്, വായന. രണ്ട്, ചോദ്യങ്ങൾ.
“എന്നോട് (വീട്ടിൽ നിന്നും) വായിക്കാൻ ഒരുപാട് പറയുമായിരുന്നു. അത് തന്നെ തിരിച്ചു കുത്തി എന്ന് പറയാം.” – ഡോൺ വിശദീകരിക്കുന്നു. “പിന്നെ, നമ്മള് പലതും വായിക്കാൻ തുടങ്ങി. ഓഷോ, നിത്യചൈതന്യയതി…”
ചോദ്യങ്ങൾ ശക്തമാകുന്നത് അഞ്ചാം ക്ലാസ്സിൽവച്ചാണ്. “ചോദ്യത്തിനൊക്കെ ഉത്തരമുണ്ടെന്ന ഒരു ആത്മവിശ്വാസത്തിൽ നിന്നാകാം അവർ (സമൂഹം) ചോദ്യം ചോദിക്കുന്നത് പ്രോത്സാഹിപ്പിക്കാൻ തുടങ്ങിയത്.”
വീട്ടിലും സ്കൂളിലും സണ്ടേ സ്കൂളിലുമായി ചോദ്യങ്ങൾ കാടുകയറി. “അപ്പോ മനസ്സിലായി, ഇവർക്ക് എല്ലാത്തിനുമൊന്നും ഉത്തരമില്ല എന്ന്.”
ചോദ്യങ്ങൾക്ക് മതിയായ ഉത്തരമില്ലാതെ അവശേഷിക്കെ കൗമാരമെത്തി.
“അപ്പോൾ പെൺകുട്ടികളോട് ഒരു താൽപര്യം തോന്നുന്നു. അത് ഉള്ളിൽത്തന്നെ പിടിവലിയായി. തലച്ചോറ് പറയുന്നു പള്ളീലച്ചനാകാൻ. ഹൃദയം പറയുന്നു പ്രേമിക്കാൻ.”
പിന്നാലെ, പിതാവിന്റെ മരണം വിശ്വാസത്തിൽ നിന്നുള്ള അകൽച്ചയ്ക്ക് ആക്കംകൂട്ടി. “അത് ഉപബോധപരമായിരിക്കാം… പത്താം ക്ലാസ്സോടെ എനിക്ക് മതവിശ്വാസവും ഏതാണ്ട് ദൈവവിശ്വാസവും നഷ്ടപ്പെട്ടു.”
വിശ്വാസം പ്രകടിപ്പിക്കാൻ വ്യവസ്ഥാപിതമായ ആചാരങ്ങളുള്ള ഒരു മതത്തിൽ നിന്ന് ഒഴിവാകുന്നത് പക്ഷേ എളുപ്പമായിരുന്നില്ല. “പള്ളിയിൽ കണാതായാൽ ബന്ധുക്കളൊക്കെ എന്തുകൊണ്ട് വന്നില്ലെന്ന് ചോദിക്കും. ചോദ്യത്തിൽ അത് അവസാനിക്കില്ല, പിന്നാലെ ആളുകൾ വീട്ടിൽ വരും. ഇനി ഒരിക്കലും പള്ളിയുടെ ഭാഗത്തേക്ക് വരില്ല എന്നൊക്കെ ഞാൻ സ്ട്രോങ് ആയിട്ട് പറയുന്നത് ഒരു 28 വയസ്സായപ്പോഴാണ്.” – ഡോൺ ഓർമ്മിക്കുന്നു.
വിനയ് ഫോർട്ട് അഭിനയിച്ച് 2023-ൽ പുറത്തിറങ്ങിയ “ഫാമിലി” ഉൾപ്പെടെ ആറ് സിനിമകളാണ് ഡോൺ പാലത്തറ ഇതുവരെ സംവിധാനം ചെയ്തത്.
ഏതാണ്ട് എല്ലാ സിനിമകളിലും ഇടുക്കിയും വിശ്വാസവും ഇഴചേർന്ന് കിടക്കുന്നു.
“ക്രിസ്ത്യൻ വിശ്വാസം സിനിമയാക്കുന്നത് എനിക്ക് കുറേക്കൂടി എളുപ്പമുള്ള പണിയാണ്. എനിക്കിതിൽ ഒരുപാട് ഇൻസൈഡർ ഇൻഫർമേഷൻ ഉണ്ട്. അതിനെ ഏതെങ്കിലും തരത്തിൽ പ്രൊമോട്ട് ചെയ്യുകയോ മാഹാത്മ്യം കാണിക്കുകയോ അല്ല. എല്ലാം ഓരോ ജീവിതങ്ങളാണ്. ഒരു കലാകാരന്റെ കടമ പരമാവധി സത്യസന്ധതയോടെ അതിനെ പ്രതിഫലിപ്പിക്കുകയാണ്.” – ഡോൺ വിശദീകരിക്കുന്നു.
ഇടുക്കിയെന്ന പശ്ചാത്തലവും സമാനമാണെന്നാണ് ഡോൺ നൽകുന്ന വിശദീകരണം.
“എന്റെ സിനിമകളിലെ ഇടുക്കി ഏതെങ്കിലും തരത്തിൽ ഒരു അഭിമാനവുമായി ബന്ധപ്പെട്ടു നിൽക്കുന്ന ഒന്നല്ല. നമ്മൾ എവിടെ ജനിക്കുന്നു ഏത് സാഹചര്യത്തിലൂടെ കടന്നുപോകുന്നു ഇതൊന്നും നമ്മുടെ നിയന്ത്രണത്തിലുള്ളതല്ല.”
3
ഒന്നിനോടും നൊസ്റ്റാൾജിയ ഇല്ലെന്നാണ് ഡോൺ അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ പറയുന്ന മറ്റൊരു കാര്യം.
പതിനഞ്ചാം വയസ്സിലാണ് ഡോൺ ആദ്യമായി ഹൈറേഞ്ചിൽ നിന്നും മാറിനിൽക്കുന്നത്. തൊടുപുഴ മുട്ടത്തെ ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പഠിക്കാൻ ചേർന്നു.
തൊടുപുഴ, ഡോണിന് മറ്റൊരു ലോകമായിരുന്നു.
“കേരളത്തിന്റെ മാപ്പ് എടുത്തുനോക്കിക്കഴിഞ്ഞാൽ തൊടുപുഴ ഇടുക്കിയിൽ ആണെങ്കിലും, അവർ ഇടുക്കിക്കാരായിട്ട് സ്വയം കണക്കാക്കുന്നില്ല.” – ഡോൺ പറയുന്നു.
“വളരെ ചലഞ്ചിങ് ആയ കാലമായിരുന്നു അത്. അധികം സുഹൃത്തുക്കളില്ല, പരിചയക്കാരില്ല, മലയിൽനിന്നും വരുന്നതാണെന്ന തരംതിരിവ്… ബാക്കിയുള്ളവരോട് മാച്ച് ചെയ്ത് നിൽക്കാൻ പറ്റുന്നില്ല അങ്ങനെ കുറേ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.”
പ്ലസ് ടുവിന് ശേഷം ചങ്ങനാശ്ശേരി എസ്.ബി കോളേജിൽ നിന്നും ഫിസിക്സിൽ ബിരുദം നേടി. പിന്നീട് തമിഴ്നാട്ടിൽ ഭാരതിദാസൻ യൂണിവേഴ്സിറ്റിയിൽ എം.എസ്.സിക്ക് ചേർന്നു. ഒരു സെമസ്റ്ററിനുള്ളിൽ അത് അവസാനിപ്പിച്ചു. എല്ലാവരെയും നിരാശപ്പെടുത്തി തിരികെ നാട്ടിലെത്തി.
ഇനിയെന്ത് ചെയ്യുമെന്ന് ആലോചിച്ചിരിക്കുന്ന കാലത്ത്, ഒരു ദിവസം കട്ടപ്പനയിൽ വിദേശവിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഒരു സെമിനാറിൽ പങ്കെടുത്തു. ലോൺ എടുത്ത് 21-ാം വയസ്സിൽ ഓസ്ട്രേലിയക്ക് പോയി. രണ്ടു വർഷംകൊണ്ട് ഐ.ടിയിൽ മാസ്റ്റേഴ്സ് പൂർത്തിയാക്കി. എല്ലാത്തിനും ശേഷം ജോലി ചെയ്യാൻ അവസരം കിട്ടിയപ്പോൾ ഒരിക്കൽക്കൂടി ജീവിതത്തെ മാറ്റിമറിക്കാവുന്ന മറ്റൊരു ചോദ്യം കൂടെ സ്വയം ചോദിച്ചു: ജീവിതം മുഴുവൻ ഒരു കമ്പ്യൂട്ടർ സ്ക്രീനിൽ നോക്കിയിരിക്കാനാണോ പ്ലാൻ?
2011-ലാണ് ഡോൺ പാലത്തറ ഓസ്ട്രേലിയയിലെ സിഡ്നി നഗരത്തിലെ അക്കാദമി ഓഫ് ഫിലിം തീയേറ്റർ, ആൻഡ് ടെലിവിഷനിൽ (എ.എഫ്.ടി.ടി) പഠിക്കാൻ ചേരുന്നത്. ആ ബാച്ചിലെ ഏക മലയാളിയായിരുന്നു ഡോൺ.
എ.എഫ്.ടി.ടിക്ക് ശേഷം ഡോണിന് ഓസ്ട്രേലിയയിൽ തന്നെ തുടരാമായിരുന്നു. അല്ലെങ്കിൽ സാമ്പത്തിക സുരക്ഷിതത്വം നൽകുന്ന ഒരു ജോലി ഐ.ടിയിൽ ലഭിക്കുമായിരുന്നു. അതുമല്ലെങ്കിൽ ഓസ്ട്രേലിയൻ പൗരത്വത്തിന്റെ ബലത്തിൽ യു.എസിലേക്ക് കുടിയേറാമായിരുന്നു.
ഇടയ്ക്ക് ഓസ്ട്രേലിയയിലെ ഫിലിം സ്കൂളിലെ ഒരു അദ്ധ്യാപകൻ ഉപദേശിച്ചു: “ഇനി എന്തിനാണ് ഇവിടെ നിൽക്കുന്നത്, നാട്ടിലേക്ക് പൊയ്ക്കൂടേ”
വീണ്ടും ചോദ്യങ്ങളുടെ പിടിവലികൾ തുടരവെ വിഖ്യാത റഷ്യൻ സംവിധായകൻ ആന്ദ്രേ തർകോവ്സ്കിയുടെ പുസ്തകം “സ്കൾപ്റ്റിങ് ഇൻ ടൈം” ഡോണിന്റെ കൈയ്യിൽ വന്നു.
“അതൊരു ഭയങ്കര എക്സ്പീരിയൻസ് ആയിരുന്നു. പുള്ളി (തർകോവ്സ്കി) പുള്ളീടെ നാട്ടിൽ തന്നെ സിനിമ ചെയ്യുന്നു, പുള്ളി ഹോളിവുഡിലൊന്നും പോയില്ല. പ്രശസ്തിക്കും പണത്തിനും വേണ്ടിയല്ല സിനിമ ചെയ്യുന്നത്. ആ ഒരു ഫിലിംമേക്കർക്ക് സിനിമ എന്ന് പറയുന്നത് അയാൾ ചെയ്യുന്ന ഒരുപാട് കാര്യങ്ങളിൽ ഒന്ന് മാത്രമല്ല, അയാളെ സംബന്ധിച്ചിടത്തോളം അയാള് ജീവിച്ചുമരിച്ചത് സിനിമയ്ക്ക് വേണ്ടിയിട്ടാണ്. അപ്പോൾ, നമുക്ക് എന്താ സിനിമയിൽ നിന്നും തിരിച്ചുവേണ്ടത് എന്നൊരു ചിന്തയുണ്ട്. എനിക്കത് ക്രിയേറ്റീവ് സാറ്റിസ്ഫാക്ഷൻ ആണെന്നൊരു തിരിച്ചറിവുണ്ടായി.”
അധികം വൈകാതെ ഡോൺ കേരളത്തിലേക്ക് വിമാനം കയറി.
4
കേരളത്തിൽ തിരിച്ചെത്തി ഡോൺ എടുത്ത ആദ്യ തീരുമാനങ്ങളിലൊന്ന് മുഖ്യധാര-വാണിജ്യ സിനിമയിൽ പങ്കെടുക്കില്ല എന്നതാണ്. പകരം സ്വതന്ത്ര സംവിധായകരെ, സിനിമാപ്രവർത്തകരെ പരിചയപ്പെട്ടു.
അതിലൊരാൾ, പ്രതാപ് ജോസഫ്, ഡോണിന്റെ ആദ്യ ഫീച്ചർ ഫിലിമായ “ശവ”ത്തിന്റെ ഛായാഗ്രാഹകനായി.
ഒരു മരണവീട്ടിലെ മനുഷ്യരുടെ സ്വഭാവത്തെക്കുറിച്ചുള്ള പഠനമായിരുന്നു 2015-ൽ ഇറങ്ങിയ “ശവം.” 2018-ൽ ലിജോ ജോസ് പെല്ലിശ്ശേരി “ഈ. മ. യൗ.” എന്ന പേരിൽ പി.എഫ് മാത്യൂസിന്റെ “ചാവുനിലം” സിനിമയാക്കിയപ്പോൾ, “ശവ”ത്തോടുള്ള താരതമ്യങ്ങൾ ഉയർന്നുവന്നു.
ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ ഒരു അഭിമുഖത്തിൽ ലിജോ പറഞ്ഞു: “ഞാൻ ഈ സിനിമ കണ്ടിട്ടില്ല. അതാണ് വാസ്തവം. …എനിക്കോ മാത്യുസ് സാറിനോ ഒരു ക്രിസ്ത്യൻ ശവമടക്കിനെപ്പറ്റി ഒരു സിനിമ സ്ക്രിപ്റ്റ് എഴുതാനായിട്ട് ഉറപ്പായിട്ടും ഡോൺ പാലത്തറയുടെ സിനിമ കണ്ടുപഠിക്കേണ്ടതില്ലാന്ന് എനിക്ക് വളരെ നല്ല ബോധ്യമുണ്ട്.”
അന്നും ഇതേ വിവാദത്തിൽ പ്രതികരിക്കാത്ത ഡോൺ, ഏഴ് വർഷങ്ങൾക്ക് ശേഷവും അതേക്കുറിച്ച് സംസാരിക്കാൻ ഇഷ്ടപ്പെടുന്നില്ല.
2017-ൽ ഡോൺ “വിത്ത്” എന്ന രണ്ടാമത്തെ ചിത്രം എടുത്തു. നായകൻ-പ്രതിനായകൻ ദ്വന്ദങ്ങൾക്കിടയിൽ നിന്നും ഒരു അച്ഛൻ-മകൻ ബന്ധത്തെ നോക്കിക്കണ്ട ഈ സിനിമയ്ക്കും ഇടുക്കി തന്നെയായിരുന്നു പശ്ചാത്തലം.
ഇതുവരെയുള്ള ഡോൺ പാലത്തറ സിനിമകളിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രം “1956, മദ്ധ്യതിരുവിതാംകൂർ” 2019-ലാണ് പൂർത്തിയാകുന്നത്.
“കഥകളെക്കുറിച്ചുള്ള കഥയാണ് ആ സിനിമ.” – ഡോൺ പറയുന്നു. ഡോണിന്റെ “അച്ചാച്ചൻ” മത്തായി പുളിക്കലിനോടാണ് ആ കഥയ്ക്ക് ഡോൺ കടപ്പെട്ടിരിക്കുന്നത്.
സഹോദരങ്ങളായ ഓനന്റെയും കോരയുടെയും കഥയാണ് “മദ്ധ്യതിരുവിതാംകൂർ.” കാടും മനുഷ്യരും കന്യാമറിയവും പ്രത്യക്ഷപ്പെടുന്ന സിനിമ, ഡോണിന്റെ ആദ്യ രണ്ട് സിനിമകളെപ്പോലെ ബ്ലാക്ക് ആൻഡ് വൈറ്റിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഭാഷയിലും വസ്തുക്കളിലും “മദ്ധ്യതിരുവിതാംകൂർ” മിനിമൽ ആണ് എന്നതിനൊപ്പം ആ കാലഘട്ടത്തെ പുനർനിർമ്മിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ, കല “ഫാക്ച്വൽ” ആകണമെന്ന വാദത്തോട് ഡോണിന് പൂർണമായും വിയോജിപ്പാണുള്ളത്.
“ഞാനൊരു അക്കാദമിക് വിദഗ്ധൻ അല്ല, സിനിമ ഒരു കലാരൂപമാണ്. നമ്മുടെ മനസ്സിൽ ആ കാലം (1956) എങ്ങനെയായിരുന്നു എന്ന് റീക്രിയേറ്റ് ചെയ്യുകയാണ് വേണ്ടത്. വസ്തുനിഷ്ഠമാകുന്നതല്ല, കലയുടെ ഒരു സത്യമുണ്ട്, അതിനെ ആവിഷ്കരിക്കുകയാണ് ചെയ്യുന്നത്.’’
സമാനമായാണ് കഥകളെയും അവിശ്വാസിയായ ഡോൺ കൈകാര്യം ചെയ്തത്.
“പുള്ളി (അച്ചാച്ചൻ) ഇത് ചരിത്രത്തിന്റെ ഭാഗമായി എഴുതിവച്ചത് പോലെയാണ് സംസാരിക്കുന്നത്. കഥകളിൽ കാലക്രമേണ വന്ന പൊടിപ്പും തൊങ്ങലും അവർക്ക് പ്രശ്നമല്ല. അവരുടെ പ്രയാസങ്ങളൊന്നും ഇന്റലക്ച്വൽ പ്രശ്നങ്ങളല്ല. ഏറ്റവും പ്രാഥമികമായ വിഷയങ്ങളായിരുന്നു അവരുടെ പ്രതിസന്ധികൾ. ഇത് (വിശ്വാസം) ഒരു ശക്തിയാണ്, അവർക്ക് ജീവിതത്തിൽ പിടിച്ചുനിൽക്കാൻ. ഞാൻ വിശ്വാസത്തെ കാണുന്നത് എന്നെ ഞെരുക്കുന്ന, ചെറുപ്പത്തിൽ ഒരുപാട് ബുദ്ധിമുട്ടുണ്ടാക്കിയ ഒന്നായിട്ടാണ്. അവർക്ക് അങ്ങനെയല്ല. അവരുടെ വിശ്വാസത്തെ ഞാൻ റദ്ദ് ചെയ്യേണ്ടതുമില്ല.”
ഞെരുക്കുന്ന ആ വിശ്വാസമാണ് 2023-ൽ റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രീമിയർ ചെയ്ത “ഫാമിലി”ക്ക് പിന്നിൽ.
“ഫാമിലി വ്യക്തിപരമാണ്.” – അർത്ഥശങ്കകൾക്ക് ഇടനൽകാതെ ഡോൺ പറയുന്നു. “നാട്ടിലും വീട്ടിലുമായി നടന്ന കാര്യങ്ങളിൽ നിന്ന്, അതിലെ ദേഷ്യത്തിൽ നിന്നാണ് ആ സിനിമയുണ്ടായത്.”
“ഫാമിലി”യിലെ നായകൻ (വില്ലനും) സോണിയാണ്. ശാന്തമായ ഒരു ഹൈറേഞ്ച് ഗ്രാമത്തിന്റെ ഹൃദയത്തുടിപ്പാണ് യുവാവായ സോണി. എല്ലാവരുടെയും അടുക്കളകളിൽ, അരമതിലുകളിൽ, പള്ളിയോഗങ്ങളിൽ, പൊതുപരിപാടികളിൽ എല്ലാം സോണിയുണ്ട്. പക്ഷേ, അരണ്ട വെളിച്ചത്തിൽ സോണി മറ്റൊരാളാണ്. ആ ഇടയ്ക്ക് അവിടേക്ക് കാടിറങ്ങിവന്ന ഒരു പുലിയെപ്പോലെ ഇരപിടിയൻ. പക്ഷേ, സോണിയെ സംരക്ഷിക്കുന്നത് വിശ്വാസികളുടെ/കുടുംബങ്ങളുടെ മൗനമാണ്.
ഡോൺ ഇപ്പോൾ ഇടുക്കിയിലില്ല. അഞ്ച് വർഷം കൊച്ചിയിൽ ചിലവഴിച്ചശേഷം സ്ഥിരമായി ഇപ്പോൾ രാജസ്ഥാനിലാണ്. ഒപ്പം ഗുജറാത്തിൽ ഒരിടത്ത് ഫിലിംമേക്കിങ് പഠിപ്പിക്കുന്നു. ഇടവേളകളിൽ കേരളത്തിലേക്ക് വരുന്നു.
എന്നെങ്കിലും ഡോൺ ഒരു വാണിജ്യ സിനിമയെടുക്കുമോ? – ഞാൻ ചോദിച്ചു.
“ഇല്ല. ഞാൻ സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ആളാണ്. സ്വാതന്ത്ര്യം എനിക്ക് വെള്ളവും ഭക്ഷണവും പോലെയാണ്. അതുകൊണ്ടാണ് ഞാൻ ഈ വഴി തെരഞ്ഞെടുത്തത്. ഞാൻ മുൻഗണന കൊടുത്തത് ഇതിനാണ്, അവസരങ്ങൾ ഇല്ലാഞ്ഞിട്ടല്ല.”
ഇത് കൂടെ ഡോൺ ഓർമ്മിപ്പിക്കുന്നു: ““ശവം” സുഹൃത്തുക്കൾ പിരിച്ച ആറ് ലക്ഷം രൂപയിൽ നിന്നുണ്ടായതാണ്. “വിത്ത്” സിനിമാപ്രേമികളിൽ നിന്നും പിരിച്ച തുകകൊണ്ട് എടുത്ത സിനിമയാണ്. തീരെ പ്രതീക്ഷിക്കാത്ത ആളുകളാണ് അന്ന് പണം തന്നത്, സുഹൃത്തുക്കളും ബന്ധുക്കളുമല്ല. പിന്നെ, നമ്മൾ ശ്രമം നടത്തിയാലേ ഇതെല്ലാം നടക്കൂ. ഇവിടെ ഇത്രയും ആളുകളില്ലേ? നമ്മൾ ചെയ്യുന്ന വർക്ക് ആരെങ്കിലുമൊക്കെ മനസ്സിലാക്കും. പിന്നെ വരുന്നത് വഴിയിൽവച്ച് കാണാം.”
Occha is licensed under CC BY-NC-ND. Read the full disclaimer here.
Occha-ഒച്ച സ്വതന്ത്രമാണ്. നിങ്ങളുടെ സബ്സ്ക്രിപ്ഷൻ മാത്രമാണ് ഇപ്പോൾ ഇതിന്റെ ഇന്ധനം. ഇനിയും ഈ ന്യൂസ്-ലെറ്റർ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ, നല്ല ജേണലിസം പ്രോത്സാഹിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ദയവായി താഴെ ഇ-മെയിൽ വിലാസം നൽകി സബ്സ്ക്രൈബ് ചെയ്യൂ.
എഡിറ്ററുടെ കുറിപ്പ്: ഈ സ്റ്റോറിയുടെ ആദ്യ വേര്‍ഷനിൽ രണ്ട് വസ്തുതാപരമായ പിഴവുകള്‍ സംഭവിച്ചിട്ടുണ്ട്. ഡോൺ പാലത്തറ ഓസ്ട്രേലിയയിൽ വച്ച് പി.എച്ച്.ഡി എടുത്തതായും തമിഴ് നാട്ടിലെ ഭാരതിയാര്‍ സര്‍വകലാശാലയിൽ പഠിച്ചതായും എഴുതിയിരുന്നു. ഭാരതിദാസൻ സര്‍വകലാശാലയിലാണ് ഡോൺ പഠിച്ചത്. അദ്ദേഹത്തിന് നിലവിൽ പി.എച്ച്.ഡിയും ഇല്ല. തെറ്റുപറ്റിയതിൽ ഖേദിക്കുന്നു. പുതിയ പതിപ്പിൽ തിരുത്തലുകള്‍ വരുത്തിയിട്ടുണ്ട്.
Leave a reply to Jiya Cancel reply