Book Review – Tapomayiyude Achan, E Santhosh Kumar

അതിജീവനം

ഇ. സന്തോഷ്കുമാർ എഴുതിയ “തപോമയിയുടെ അച്ഛൻ” ഉത്തരേന്ത്യ പശ്ചാത്തലമായ നോവലാണ്. ഡൽഹിയും ബംഗാളും ഈ കഥയിൽ ഇടകലരുന്നു. വിരലിലെണ്ണാവുന്ന കഥാപാത്രങ്ങളേയുള്ളൂ, അതിൽ ഏറ്റവും പ്രധാനപ്പെട്ടയാൾ വാർധക്യത്തിലെത്തിയ ഗോപാൽ ബറുവയാണ്.

സന്തോഷ്കുമാറിന്റെ മറ്റൊരു നോവലായ “ജ്ഞാനഭാര”ത്തിലെ വൃദ്ധനായ നായകനെപ്പോലെ, ബറുവയും അവിശ്വസനീയമായ ജീവിതം ജീവിച്ച ഒരാളാണ്. അയാളുടെ മകൻ തപോമയി, ആ ജീവിതത്തിൽ താൽപര്യമുള്ളയാളല്ല. അവിവാഹിതനായ അയാളുടെ ശ്രദ്ധ ഡൽഹി നഗരത്തിൽ എത്തിപ്പെടുന്ന അഭയാർത്ഥികളുടെ സംരക്ഷണമാണ്.

ഗോപാൽ ബറുവ എഴുത്തുകാരന്റെ ജീവിതത്തിലേക്ക് എത്തുന്നത് ‘തപോമയിയുടെ അച്ഛനാ’യാണ്. ഗോപാൽ ബറുവയിൽ അയാൾക്കുള്ള പ്രത്യേക താൽപര്യത്തിന് കാരണം, അയാൾക്ക് പരിചിതമായ കോഡ് ഭാഷയിലുള്ള എഴുത്ത് ഗോപാലിനും അറിയാം എന്നതാണ്. അവരുടെ സംഭാഷണങ്ങളും കഥപറച്ചിലും മുന്നോട്ടുപോകുമ്പോൾ, തികച്ചും ആകസ്മികമായി ഗോപാൽ ബറുവയുടെ ജീവിതം പരിശോധിക്കാൻ എഴുത്തുകാരൻ നിർബന്ധിതനാകുന്നു. അത് വെളിപ്പെടുത്തുന്ന സത്യങ്ങൾ അയാൾക്ക് താങ്ങാവുന്നതേയുള്ളൂ, പക്ഷേ, തപോമയിക്ക് അത് കഴിയുമോ എന്നതാണ് അയാളെ അലട്ടുന്നത്.

ചെറിയ വാചകങ്ങളിലും ലളിതമായ മലയാളത്തിലുമാണ് നോവൽ പുരോഗമിക്കുന്നത്. അദ്ധ്യായങ്ങൾക്ക് ആകാംഷയുടെ മുൾമുനയൊന്നുമില്ല. അധികസമയവും നോവൽ ഗോപാൽ ബറുവയുടെ ജീവിതത്തിലും ഡൽഹിയിലെ അഭയാർത്ഥി കോളനിയിലും കിടന്ന് ഇഴയുകയാണ്. നമ്മൾ അനുഭവിച്ചിട്ടില്ലാത്ത ഒരു കാലത്തിന്റെ ദൃക്സാക്ഷി വിവരണം പറയുന്ന ഒരു വൃദ്ധനെ കേട്ടിരിക്കുന്നതുപോലെയാണ് നോവലിസ്റ്റിന്റെയും വായനക്കാരുടെയും അനുഭവം.

നോവലിസ്റ്റ് ചുരുളഴിക്കാൻ ശ്രമിക്കുന്ന കോഡ് ഭാഷയെക്കുറിച്ച് വിശദീകരണങ്ങൾ നൽകുന്നുണ്ടെങ്കിലും വഴിയൊരിടത്ത് ആ ചുരുൾ അയാൾ ഉപേക്ഷിക്കുകയാണ്. നോവലിന്റെ രണ്ടാംപാതി ഡയറിക്കുറിപ്പുകളിലൂടെയാണ് മുന്നേറുന്നത്. അലസമായ ഒരു ഉപകരണംപോലെ ഇത് അനുഭവപ്പെടുന്നു. പറയാൻ തലമുറകൾ നീളുന്ന ഒരു കഥയുണ്ടായിട്ടും, അതിനെ ആദ്യ പകുതിയിൽ പരത്തിപ്പറഞ്ഞും, പിന്നീട് സൗകര്യപൂർവ്വം ചുരുക്കുകയും ചെയ്തപോലെയാണ് ഇത് അനുഭവപ്പെടുന്നത്.

കഥാപാത്രങ്ങളെക്കുറിച്ചുള്ള ഒരു കമന്ററിക്കപ്പുറം അവരോട് വായനക്കാരെ അടുപ്പിക്കുന്ന എഴുത്ത് “തപോമയിയുടെ അച്ഛനി”ൽ കാണുന്നില്ല. പക്ഷേ, ഈ നോവലിൽ മനുഷ്യരുടെ ദുരിതങ്ങളുണ്ട്, പലായനമുണ്ട്, ഡോക്യുമെന്ററിക്ക് അപ്പുറത്തുള്ള നാടകീയതയുണ്ട്. അത് പകർത്താൻ ഇ. സന്തോഷ്കുമാറിന് കഴിഞ്ഞിട്ടുമുണ്ട്.

സംഭാഷണങ്ങളിൽ ഏച്ചുകെട്ടലുകൾ കുറവാണ്. പലയിടങ്ങളിലേക്ക് പിരിഞ്ഞുപോകുന്ന കഥകളുടെ ശാഖകളെല്ലാം ഏതാണ്ട് അപൂർണമായാണ് അവസാനിക്കുന്നതും. നിറംകെട്ട ജീവിതത്തെക്കുറിച്ചുള്ള വിവരണമായതുകൊണ്ടാകാം, ആവേശകരമായ ഒന്നും ഇതിലില്ല. ഒരുപക്ഷേ കേരളത്തിൽ നിന്നും ഒരുപാട് ദൂരെയുള്ള കാഴ്ച്ചയും പരിസരവും ആയതുകൂടെക്കൊണ്ടാകാം, ഈ കഥയോട് മാനസികമായ അടുപ്പം തോന്നുന്നില്ല.

★★★☆☆ 3/5

(തപോമയിയുടെ അച്ഛൻ പ്രസിദ്ധീകരിച്ചത് ഡി സി ബുക്സ്)

Leave a comment