Book Review – Kambilikandathe Kalbharanikal, Babu Abraham

മലയോരം

നിങ്ങൾ ഒരു തവണയേ ഇത് കാണൂ എന്ന് പ്രേക്ഷകർ വിശേഷിപ്പിക്കുന്ന 1990-കളിലെ സങ്കടപ്പെടുത്തുന്ന ചില മലയാള സിനിമകളെപ്പോലെയാണ് “കമ്പിളികണ്ടത്തെ കൽഭരണികൾ.”

ഫ്രാൻസിൽ ഗവേഷകനും അദ്ധ്യാപകനുമായ മലയാളി ബാബു അബ്രഹാമിന്റെ ഓർമ്മക്കുറിപ്പുകളാണ് ഈ പുസ്തകം.

കൽഭരണികളിലെ വെള്ളം വീഞ്ഞാക്കുന്ന വിദ്യ ബൈബിളിലാണ്. സമാനമാണ് ഈ അനുഭവകഥയും. ബൈബിളിലെ ആദിയിലെ ലോകംപോലെ കമ്പിളികണ്ടം കാടുവെട്ടിത്തെളിച്ചും കുടിൽകെട്ടിയും ഇടുക്കിയിലെ ക്രിസ്ത്യൻ കുടിയേറ്റക്കാരുണ്ടാക്കിയതാണ്.

ആ കാലത്ത് ആർക്കും ഒന്നിനേക്കുറിച്ചും ഒരു രൂപമുണ്ടായിരുന്നില്ല. നീതി അവ്യക്തമായിരുന്നു. വിശ്വാസം മൂടൽമഞ്ഞുപോലെ എല്ലാത്തിനെയും പുതച്ചു.

പേജുകൾ അധികം മുന്നോട്ടുപോകുന്നതിന് മുൻപുതന്നെ ഈ പുസ്തകത്തിൽ ഒരിടത്ത് നിസ്സഹായയായ ഒരു അമ്മയും നാല് മക്കളും ആത്മഹത്യ ചെയ്യാൻ കല്ലാർകുട്ടി ഡാമിലേക്ക് നടക്കുന്നുണ്ട്. മരിക്കുന്നത് ഒരു “പൊട്ടബുദ്ധി”യാണന്ന് തോന്നിയതുകൊണ്ട് അവർ ജീവിതത്തിലേക്ക് തിരികെ നടക്കുന്നു. അവിടെ നിന്നുമാണ് ഈ “കഥ” യഥാർത്ഥത്തിൽ ആരംഭിക്കുന്നത്.

ബാബു അബ്രഹാം ജനിച്ചു ബാല്യം പിന്നിട്ട 1970-കളിൽ മലയോര മേഖലകളിലെ ജീവിതം ദാരിദ്ര്യവും അഭിമാനവും തമ്മിലുള്ള ഒരു പോരാട്ടമായിരുന്നു. അച്ഛൻ ഉപേക്ഷിച്ചുപോയ മക്കളെ ഒറ്റയ്ക്ക് വളർത്താനും കടുത്ത സാമ്പത്തികബാധ്യത വീട്ടാനും ഒരു “വീട്ടമ്മ” നിർബന്ധിക്കപ്പെടുകയാണ്. ഈ സമ്മർദ്ദങ്ങൾക്കൊപ്പം അവർ ക്രിസ്ത്യൻസഭ എന്ന പുരുഷകേന്ദ്രീകൃത സ്ഥാപനത്തിന്റെ സാമൂഹിക-സദാചാര ചോദ്യംചെയ്യൽകൂടെ നേരിടേണ്ടിവരുന്നു. പക്ഷേ, എല്ലാ അശരണരെയുംപോലെ അവർ വിശ്വാസിയാണ്.

ഒരു വിമതയും പോരാളിയുമായ ആ അമ്മയാണ് ഈ പുസ്തകത്തിലെ നായിക. അവരുടെ സഹനടന്റെ വേഷമേ ബാബു അബ്രഹാമിനുള്ളൂ. പക്ഷേ, അത് അയാളുടെ ജീവിതം എളുപ്പമാക്കുന്നില്ല. ജീവിതം തുറന്നെഴുതാനുള്ള ധൈര്യം ബാബു അബ്രഹാം ഇതിൽ കാണിക്കുന്നുണ്ട്. ഇതിൽ അയാൾ നേരിട്ട അവഗണനകളുണ്ട്, അവജ്ഞയും കളിയാക്കലുകളുമുണ്ട്, തിക്താനുഭവങ്ങളുണ്ട്, അധികമാരും തുറന്നു സമ്മതിക്കാത്ത ലൈംഗിക ചൂഷണങ്ങളുടെ സാക്ഷ്യങ്ങളുണ്ട്.

ഈ പുസ്തകത്തെക്കുറിച്ച് കൂടുതൽ ചിന്തിപ്പിക്കുന്നത് മറ്റൊന്നാണ്. എങ്ങനെയാണ് വിശ്വാസം മനുഷ്യന്റെ ചിന്തകളെ ബാധിക്കുന്നത് എന്നതാണത്. ക്രിസ്ത്യൻസഭകൾ ആഴത്തിൽ ജീവിതത്തിൽ ഇടപെടുന്ന കുടിയേറ്റ ജീവിതത്തിൽ വിശ്വാസം ഒഴിച്ചുകൂടാനാകാത്ത ശക്തിയാണ്. “കമ്പിളികണ്ടത്തെ കൽഭരണികളി”ൽ സഭ ഒരേസമയം ബാബു അബ്രഹാമിന് ഒഴിച്ചുകൂടാനാകാത്ത പിന്തുണയും ഉൾക്കൊള്ളാനാകാത്ത ഉപദ്രവവുമാണ്. മുന്നോക്കക്കാരിലെ പിന്നോക്കക്കാരാണ് തങ്ങൾ എന്ന തിരിച്ചറിവോ സമാശ്വാസമോ ആകാം, പലപ്പോഴും ക്രിസ്ത്യീയത ദാരിദ്ര്യത്തിന്റെ വേദന കുറയ്ക്കുന്നുണ്ട്. കാരണം, പലപ്പോഴും ജാതിയും സാമൂഹികമൂലധനം ഇല്ലായ്മയും ചുറ്റുമുള്ള മനുഷ്യരോട് ചെയ്യുന്നത് എന്താണെന്ന് ബാബു ഈ പുസ്തകത്തിൽ എഴുതുന്നുണ്ട്.

അമ്മ എന്ന കഥാപാത്രം, ബാബു അബ്രഹാമിന് സ്വാഭാവികമായും ഒരു പോരാളിയാണ്. അതിലെ അതിശയോക്തികൾ ഈ കഥാപാത്ര നിർമ്മിതിയിൽ വന്നിട്ടുണ്ടാകാം. പക്ഷേ, ഒരാൾ ജീവിച്ച ജീവിതമാണ് ഇതെന്നതിനാൽ അതിന്റെ ജാമ്യം എഴുത്തുകാരന് കൊടുത്തേ മതിയാകൂ.

വളരെ അഴത്തിലുള്ള എഴുത്തല്ല ബാബു അബ്രഹാമിന്റെത്. കൂടുതലും വിഷയങ്ങൾ വളരെ ലളിതമായ ഭാഷയിൽ എഴുതുന്നു. അതുകൊണ്ടുതന്നെ കനപ്പെട്ടത് എന്ന കരുതുന്ന പല ഭാഗങ്ങളും പുറമെ നിന്ന് മാത്രം നിരീക്ഷിച്ചുപോകുകയാണ്. ഒരുപക്ഷേ, വായനക്കാരെ മനസ്സിൽക്കണ്ട് ഇവ ലളിതമാക്കിയതാകാം.

ഒറ്റയിരിപ്പിൽ വായിച്ചുതീരുന്ന ഒരു പുസ്തകമാണ് “കമ്പിളികണ്ടത്തെ കൽഭരണികൾ.” ഈ കാലഘട്ടത്തിൽ ഇരുന്നു വായിക്കുമ്പോൾ അവിശ്വസനീയമാണെന്ന് തോന്നുന്ന, ഫിക്ഷനാണെന്ന് തോന്നിപ്പിക്കുന്ന, എന്നാൽ ഒരുപക്ഷേ ഇടുക്കിയിലെ ആദ്യകാല കുടിയേറ്റകാലത്ത് നിന്നും പ്രകൃതിയെയും മനുഷ്യരെയും എതിരിട്ട് സ്വന്തം ജീവിതത്തിന് തെളിച്ചമുണ്ടെന്ന് വിശ്വസിച്ച എല്ലാവരെയും പ്രതിനിധാനം ചെയ്യുന്ന ഒരു ജീവിതകഥ.

★★⯪☆☆ 2.5/5

(കമ്പിളികണ്ടത്തെ കൽഭരണികൾ പ്രസിദ്ധീകരിച്ചത് മാതൃഭൂമി ബുക്സ്)

Leave a comment