Book Review – Angel Maryilekku Nooru Divasam, M. Mukundan

പ്രേമം

അർജുൻ എന്ന യുവാവ് പ്രണയിക്കുന്ന പെൺകുട്ടിയാണ് നന്ദന അഥവാ ഏയ്ഞ്ചൽ മേരി സ്വിഫ്റ്റ്. മുണ്ടുടുത്തു സൈക്കിളിൽ യാത്രചെയ്യുന്ന ഒരു പാവം ചെറുപ്പക്കാരൻ, അതാണ് ആ നാട്ടുകാർക്കിടയിൽ അർജുൻ. അദ്ദേഹമൊരു സമർത്ഥനായ ആർക്കിടീക്ട് ആണ്.

നന്ദന മോഡേൺ വേഷങ്ങൾ മാത്രം ധരിക്കുന്ന, എല്ലാത്തിനോടും പ്രതികരിക്കുന്ന, തെറിവാക്കുകൾ പറയുകയും മദ്യപിക്കുകയും ചെയ്യുന്ന പെൺകുട്ടിയാണ്. നന്ദന എന്ന പേര് ഇഷ്ടമല്ലാത്തതിനാൽ മറ്റുള്ളവർക്കിടയിൽ അവൾ ഏയ്ഞ്ചൽ മേരി സ്വിഫ്റ്റ് ആണ്.

രണ്ടു യുഗങ്ങളിൽ ജീവിക്കുന്ന ഒരു യുവാവിന്റെയും യുവതിയുടെയും പ്രണയകഥയിലെ നൂറ് ദിനങ്ങൾ ആണ് എം. മുകുന്ദൻ നൂറ് അധ്യാങ്ങൾ ആയി വിവരിക്കുന്നത്. അർജുൻ പ്രണയം തുറന്നു പറയുമ്പോൾ പൊട്ടിത്തെറിക്കുന്ന ഏയ്ഞ്ചൽ മേരി, ആ വാഗ്വാദത്തിൽ ജയിക്കാനാണെന്നപോലെ ചുറ്റും കൂടിനിന്നവർക്കുമുന്നിൽ വെച്ച് താൻ നൂറു ദിവസത്തിനുള്ളിൽ കാമുകിയെ വിവാഹം ചെയ്യുമെന്ന ഉഗ്രശപതം എടുക്കുന്ന അർജുൻ. കാലുഷിതമായി ആരംഭിക്കുന്ന ആദ്യ അധ്യായം മുന്നോട്ടുവായിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്.

മുകുന്ദൻ പറയുന്നപോലെ പുതിയ ഭാഷയിൽ പുത്തൻ കാലഘട്ടത്തിന്റെ പ്രണയകഥ എന്നൊരു കൗതുകം നോവൽ വായിച്ചു തുടങ്ങുമ്പോൾ ഉണ്ട്. അതിലുപരി മുകുന്ദനെപ്പോലൊരു എഴുത്തുകാരൻ ഒരു ന്യൂജൻ കഥ, അതുമൊരു പ്രണയകഥ എങ്ങനെ കൈകാര്യം ചെയ്യും എന്നതും ഈ നോവലിൽ സമയം നിക്ഷേപിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്.

പക്ഷേ, പിന്നീടുള്ള അധ്യായങ്ങൾ ഇഴഞ്ഞു നീങ്ങുന്ന വായനാ അനുഭവമാണ് സമ്മാനിക്കുന്നത്. കാര്യമായ കഥാ പുരോഗതിയില്ലാതെ, വലിയ സംഭവവികാസങ്ങളൊന്നുമില്ലാതെ പ്രണയിനിയെ കാണാൻ വഴികൾ കണ്ടെത്തുന്ന കാമുകന്റെ മനോവ്യാപാരങ്ങളിൽ മാത്രം കഥ തളംകെട്ടി നിൽക്കുന്നു.

കഥനായകന്റെ അനുജത്തിയാണ് വൈദ; ഈ പ്രണയ നോവലിലെ ഹംസം. വൈദയുടെ കഥാപാത്രം വായനക്കാരന് വലിയൊരാശ്വാസം തന്നെയാണ്. സത്യത്തിൽ വൈദയുടെ ചിന്തകളിലൂടെ ആണ് ഈ പ്രണയകഥയ്ക്ക് ഒരു അർഥം ഉണ്ടാകുന്നതെന്നു പറയാം.

“അവരെങ്ങോട്ടുപോയാലും ചെന്നെത്തുന്നതു അടുക്കളയിലേക്കാണ്” കഥാനായകന്റെ അമ്മയെ പരിചയപ്പെടുത്തുന്നതിങ്ങനെയാണ്. മകനെ ചുറ്റിപടർന്നുള്ളൊരമ്മയുടെ ചിത്രം കൃത്യമായി മുകുന്ദൻ വരച്ചിടുന്നുണ്ട്. സ്കൂൾ മാഷ് ആയ എപ്പോളും ചെടിപരിപാലനവും പത്രവായനയും നിത്യ വൃത്തിയാക്കി ഉമ്മറത്തിരിക്കുന്ന ഒരു തനത് അച്ഛൻ കഥാപാത്രമാണ് മറ്റൊരാൾ. പിന്നെ കഥയിൽ എവിടെയൊക്കെയോ ഇടയ്ക്കിടയ്ക്ക് പ്രത്യക്ഷപ്പെട്ടു പോകുന്ന ഒരുപിടി കഥാപാത്രങ്ങളും. ചില ന്യൂജൻ പ്രണയങ്ങൾ വികാരങ്ങൾക്കപ്പുറത്തേക്ക് സോഷ്യൽ മീഡിയയിലെ വൈറൽ ഉള്ളടക്കമായി മാത്രം മാറുന്നതിലെ വൈരുധ്യംകൂടെ നോവലിൽ പരാമർശിക്കുന്നുണ്ട്.

മുകുന്ദന്റെ ആദ്യ മുഴുനീളൻ “ന്യൂജെൻ” പ്രണയകഥ എന്ന “ഹൈപ്പി”ൽ വായിക്കുന്ന വായനക്കാരനെ നോവൽ നിരാശപെടുത്തും. ഒരു പുതിയ കാലഘട്ടത്തെ പകർത്തുന്നതിലെ, ആ കാലഘട്ടത്തിലെ പ്രണയം അടയാളപ്പെടുത്തുന്നതിലെ വെല്ലുവിളി കഥയിലൂടനീളം അനുഭവിക്കാം.
മോഡേൺ വേഷങ്ങളും പ്രതികരിക്കാൻ തെറിവാക്കുകൾ പ്രയോഗിക്കുകയും മദ്യപിക്കുകയും ഒക്കെ ചെയ്യുന്നവർ എന്നേ പുതിയ തലമുറയെക്കുറിച്ച് എം. മുകുന്ദന് അറിയൂ എന്ന് തോന്നിപ്പോകുന്നു.

കഥയിൽ പലയിടത്തും വ്യക്തമായൊരു ചിത്രം മനസ്സിൽ വരച്ചിടാൻ പറ്റാതെ, വൈകാരികമായി നോവലിലേക്ക് പ്രവേശിക്കാൻ കഴിയാതെ പോകുന്ന അവസ്ഥ നിഴലിച്ചുകാണുന്നുണ്ട്. അവിടെയാണ് എം മുകുന്ദനെപ്പോലൊരു എഴുത്തുകാരന് പുതുകാലഘട്ടത്തിലെ പ്രണയം പറഞ്ഞു ഫലിപ്പിക്കാൻ എത്രമാത്രംസാധിച്ചു എന്നതിൽ സംശയം തോന്നിപ്പിക്കുന്നത്.

പ്രണയിനിയെ തിന്നാനുള്ളത്രയും പ്രണയം എന്ന് മുകുന്ദൻ തന്നെ ഈ നോവലിനെ പരിചയപ്പെടുത്തി പറയുന്നുണ്ട്. എന്നാൽ ആ തീവ്രത എവിടെയും കാണാനാകുന്നില്ല എന്നതാണ് വായനനുഭവം. ഏയ്ഞ്ചൽ മേരിയിലേക്ക് നൂറ് ദിവസം വായിച്ചു മടക്കിവയ്ക്കുമ്പോൾ ആ പ്രക്ഷുബ്ധ പ്രണയമോ വിരഹ വേദനകളോ അതിലെ കഥാപാത്രങ്ങളോ ഒന്നും നമ്മളെ തൊടുന്നില്ല എന്നു തന്നെ പറയേണ്ടിവരും.

★★⯪☆☆ 2.5/5

(എയ്ഞ്ചൽ മേരിയിലേക്ക് നൂറ് ദിവസം പ്രസിദ്ധീകരിച്ചത് ഡി സി ബുക്സ്)

Leave a comment