Hello!
ഓണം വന്നു, കൂടെ ഓണത്തിന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും.
“മിനിസ്ക്രീനിൽ ആദ്യമായി ഓണം ബ്ലോക്ക്ബസ്റ്റർ ചലച്ചിത്രം” എന്ന വാചകം നിങ്ങളുടെ കുട്ടിക്കാല നൊസ്റ്റാൾജിയയുടെ ഭാഗമാണെങ്കിൽ, ഓണത്തിനിറങ്ങുന്ന ഒരു ലോഡ് പരസ്യങ്ങളും ഓർമ്മയുണ്ടാകും.
എല്ലാ ആഘോഷങ്ങളും പോലെ ഓണക്കാലത്തും പരസ്യങ്ങളുണ്ടെങ്കിലും ഓണത്തെക്കുറിച്ചുള്ള പരസ്യങ്ങൾ ഒരുപക്ഷേ, നമ്മുടെ ദേശീയോത്സവത്തിന്റെ മാത്രം പ്രത്യേകതയാവാം.
ഓണക്കാല പരസ്യങ്ങൾ: ആള്, ബഹളം, അർമ്മാദം… നടൻ/നടി വന്നു പറയുന്നു – 25 കോടിയുടെ സമ്മാനങ്ങൾ!
ഓണത്തെക്കുറിച്ചുള്ള പരസ്യങ്ങൾ: തറവാട്ടിലെ ഓണത്തിന്റെ ഒരു “കിഡ്നി ടച്ചിങ്” ഓണം നൊസ്റ്റാൾജിയ.
പെട്ടന്ന് ഓർമ്മ വരുന്നത് സൂപ്പർ ബൗൾ ആണ്. ഇന്ത്യയിൽ ഐ.പി.എൽ (ഇന്ത്യൻ പ്രീമിയർ ലീഗ്) പോലെ, യു.എസ്.എയിൽ അമേരിക്കൻ ഫുട്ബോൾ ലീഗാണ് എൻ.എഫ്.എൽ (നാഷണൽ ഫുട്ബോൾ ലീഗ്). എൻ.എഫ്.എൽ ഫൈനലിനെയാണ് സൂപ്പർ ബൗൾ എന്ന് വിളിക്കുന്നത്.
ശരാശരി മൂന്നര മണിക്കൂർ നീണ്ടു നിൽക്കുന്ന സൂപ്പർ ബൗൾ, പരസ്യക്കാരുടെ ചാകരയാണ്. സൂപ്പർ ബൗൾ ദിവസം സംപ്രേഷണം ചെയ്യാൻ വേണ്ടി മാത്രം 30 സെക്കൻറിന് 8 മില്യൺ ഡോളർ വരെ മുടക്കാൻ കമ്പനികൾ തയാറാണ്. സിനിമയെ വെല്ലുന്ന പരസ്യങ്ങൾ അന്ന് സംപ്രേഷണം ചെയ്യും. സത്യത്തിൽ, പരസ്യം കാണാൻ വേണ്ടി മാത്രം സൂപ്പർ ബൗൾ കാണുന്നവരുണ്ട്.
അമേരിക്കാന അവിടെ നിൽക്കട്ടെ. നമുക്ക് നമ്മുടെ തുമ്പപ്പൂവിന്റെ നൈർമ്മല്യവും കാക്കപ്പൂവിന്റെ സൗന്ദര്യവും മതി.
ഈ ഓണത്തിന് യൂട്യൂബിലും ടിവിയിലും കണ്ട ഓണത്തെക്കുറിച്ചുള്ള പരസ്യങ്ങൾ ഒച്ച-Occha റിവ്യൂ ചെയ്യുകയാണ്. ഈ റിവ്യൂ സർക്കാസ്റ്റിക് ആയ ഒരു വീക്ഷണം മാത്രമാണ്.
ഈ പരസ്യങ്ങൾ ഞങ്ങളുടെ ഹൃദയത്തെയാണോ കിഡ്നിയെയാണോ സ്പർശിച്ചത്?
താഴെ അറിയാം.
ഒരു ലോഡ് നൊസ്റ്റാൾജ്യ
Occha Volume 2, Issue 6, September 2025
Story by R.M. | Edited by Sreelakshmi Manohar | Fact-check by N.K.
ബ്രാൻഡ്: സൗത്ത് ഇന്ത്യൻ ബാങ്ക്
ഓണത്തിന് വരില്ലെന്ന് പറഞ്ഞിട്ട്, പാതിരാത്രി വലിഞ്ഞു കയറി വരുന്ന ഒരു കസിൻ നമുക്കെല്ലാം കാണും. ആ “അറ്റൻഷൻ-സീക്കർ” ആണ് എസ്.ഐ.ബിയുടെ പരസ്യത്തിന്റെ കേന്ദ്രബിന്ദു. നന്നായി കൊറിയോഗ്രാഫ് ചെയ്ത ഒരു ഓണാഘോഷത്തിലൂടെ അവൾ മനസ്സിലാക്കുന്നു: “മലയാളിയെ മലയാളിയാക്കുന്ന ചിലതുണ്ട്.”
ക്യാമറ ഓഫ് ആയതിന് ശേഷം ആ വീട്ടിൽ സംഭവിച്ചത് എന്താണെന്നതിന്റെ ഒരു റിയലിസ്റ്റിക് പോർട്രയൽ ആയി “നാരായണീന്റെ മൂന്നാൺമക്കൾ” നമുക്ക് കണക്കാക്കാം. 🙂
തമാശ അവിടെ നിൽക്കട്ടെ, പരസ്യം കൊള്ളാം. നൊസ്റ്റാൾജിയ, പുതിയ തലമുറ-പഴയ തലമുറ തുടങ്ങിയ ചിന്തകളെ ബോറടിപ്പിക്കാതെ പരസ്യം കൈകാര്യം ചെയ്തിട്ടുണ്ട്.
വീണ്ടും തറവാട്ടിൽ! പതിനാറ് കൊല്ലത്തിന് ശേഷം നാട്ടിൽ ഓണം ആഘോഷിക്കാൻ ന്യൂ യോർക്കർ ടീനേജർ മകൾക്കൊപ്പം എത്തുകയാണ് അച്ഛനും അമ്മയും. എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ചായയോ നാരങ്ങാ വെള്ളമോ കൂടാതെ പാർലേ ജി തിന്നുന്ന ഒരാളെ ഞാൻ കാണുന്നത്. ഇതെങ്ങനെ തൊണ്ടയിൽ നിന്നും ഇറങ്ങും?
എന്തായാലും നാട്ടിൽ എത്തിയ ചേട്ടൻ തിരിച്ചറിയുന്നു, കേരളം ജി. അരവിന്ദന്റെ “ഒരിടത്ത്” സിനിമ പോലെയല്ല, ആകെ മാറിപ്പോയി. പഞ്ചായത്ത് മൈതാനം ബസ് സ്റ്റാൻഡ് ആയി, പൂക്കളം പ്ലാസ്റ്റിക്കായി, ഊഞ്ഞാല് കെട്ടാറുള്ള മാവ് വെട്ടി.
ഹൃദയവേദനയുമായി ചാരുകസേരയിൽ കിടന്ന് ഓർമ്മകൾ അയവിറക്കുമ്പോൾ, മകൾ ആ സങ്കടം തിരിച്ചറിയുന്നു. “ജഗൻ, നീ ഇറങ്ങണം.” ഒരു വെളിപാട് പോലെ അവൾ ഓണം തിരിച്ചു പിടിക്കുന്നു.
സ്ഥിരം പാറ്റേണിലുള്ള ഒരു പരസ്യം. നമ്മളൊക്കെ കുറേ ഓണം ഉണ്ടതല്ലേ, ഈ വാശിയൊക്കെ ഇത്തിരി കുറച്ചൂടെ!
മാലാ പാർവതിയില്ലാതെ എന്ത് ഓണപ്പരസ്യം? ഇത്തവണ അവർ മകനെ കാത്തിരിക്കുന്ന അമ്മയല്ല, പ്രസാദിക്കാൻ ബുദ്ധിമുട്ടുള്ള അമ്മായിയമ്മയാണ്. അവരുടെ അപ്രൂവലിനായി അധ്വാനിക്കുകയാണ് ആദ്യ ഓണം “ആഘോഷിക്കുന്ന” മരുമകൾ. ചെകുത്താനും കടലിനും നടുവിലുള്ള ഭർത്താവ്/മകൻ. അമ്മായിയമ്മ-മരുമകൾ “ഡൈനാമിക്സ്” എപ്പോഴും വിപണിയുള്ള ഒന്നായത് കൊണ്ട് ഒരുപാട് മലയാളി മരുമകൾമാർക്ക് പരസ്യം പറയുന്ന “ആധി” ഉൾക്കൊള്ളാൻ ചെയ്യാൻ പറ്റുമായിരിക്കാം. വരും കാലങ്ങളിൽ ഈ റാഗിങ് ഒന്നും ഇല്ലാതെ മരുമകളെ മകളായി തന്നെ കാണാൻ പറ്റുന്ന അമ്മായിയമ്മാർ മാത്രമുള്ള കിനാശ്ശേരിയായി കേരളം മാറുമായിരിക്കും അല്ലേ? എല്ലാവരുടെയും കൈയ്യിൽ കാസിയോ വാച്ചുള്ള കാലം!
എന്റെ പൊന്നേ!
പായസം ഒരു ഔപചാരികതയും ചായ ഒരു ക്ഷണവുമാണല്ലോ. ശാന്തികൃഷ്ണ പൂക്കളമിടുകയാണ്. മൊബൈൽഫോണിൽ കണ്ണ് കുഴിഞ്ഞുപോയ മില്ലേനിയൽ/ജെൻ-സി അയൽവാസി, പായസം കുടിക്കാനുള്ള വിളി കേട്ടത് പോലുമില്ല. ശാന്തികൃഷ്ണയുടെ മുഖം വാടുന്നതിനൊപ്പം, തിരു ആവണി രാവ്… (പുതിയ ഓണം ദേശീയഗാനം) നിശബ്ദമാകുന്നു. സന്ദർഭം തിരിച്ചറിഞ്ഞ് ആറ് കപ്പ് ചായയുണ്ടാക്കുകയാണ് ജഗദീഷ്. ഒപ്പം, തിരുവാവണി രാവിന്റെ വരികൾ കൂടെ തിരുത്തുന്നു. ഗായകന്റെ ശബ്ദം ജഗദീഷിന് ചേരുന്നില്ല എങ്കിലും ജഗദീഷിനെക്കൊണ്ട് പാടിക്കാതിരുന്നത് ഒരു ബ്രില്യൻസ് ആയി കണക്കാക്കാവുന്നതാണ്.
ഈ നിറംകെട്ട ആളുകൾ എന്നൊരു സങ്കൽപ്പം ഉണ്ടെന്ന് തോന്നുന്നു. അനാഥർ, ദളിതർ, പാർശ്വവൽക്കരിക്കപ്പെട്ടവർ – പൊതുവെ പരസ്യത്തിലായാലും സിനിമയിലായാലും ഇവർക്ക് നിറം ഇത്തിരി കുറവാണ്. പുരാതനമായ ഈ കാഴ്ച്ചപ്പാട് പോലെ തന്നെ പുരാതനമായ ഒരു ടെലഫോൺ ഡയറക്ടറിയും ഈ പരസ്യത്തിലുണ്ട്. പരിസരം ഒരു ഓൾഡ് ഏജ് ഹോം ആണ്. ഓണത്തിന് അവരൊരു കളി കളിക്കുന്നു: “ഒറ്റയ്ക്ക് വിട്ടിട്ടു പോയ” മക്കളെ ഓണാഘോഷത്തിന് വിളിക്കാം. വൃദ്ധസദനത്തിൽ കളിക്കാൻ പറ്റിയ നല്ല കളി. വീണചേച്ചിയുടെ മക്കൾ മാത്രം വരാനില്ല. പക്ഷേ, അവർക്ക് വിശ്വാസമുണ്ട് – “മക്കൾ വരും.”
ഇൻഫ്ലൂവൻസർമാരും സിനിമാ അഭിനേതാക്കളും സ്വന്തം ഓണം വിവരിക്കുന്ന, ആറ് മിനിറ്റിൽ താഴെ ദൈർഘ്യമുള്ള പരസ്യങ്ങളാണ് ഹ്യുണ്ടായ് യൂട്യൂബിൽ പോസ്റ്റ് ചെയ്തത്. ആരോ വലിയ താൽപര്യം ഒന്നും ഇല്ലാതെ ചെയ്തത് പോലെ തോന്നിപ്പിക്കുന്ന, ഇഴഞ്ഞു നീങ്ങുന്ന, വളരെ നാടകീയമായ പരസ്യങ്ങൾ. ഹ്യുണ്ടായ് ക്രെറ്റ, എക്സ്റ്റർ, വെന്യൂ കാറുകളാണ് പരസ്യങ്ങളിൽ പ്രധാന കഥാപാത്രങ്ങൾ. കാറിന്റെ ഫീച്ചറുകൾ പരിചയപ്പെടുത്തുന്നതിനിടയിൽ മേമ്പൊടി പോലെ ആത്മഗതമായി സ്ഥിരം ക്ലീഷെ ഓണം ഡയലോഗുകൾ. വന്നത് ഓണം തന്നെയാണെന്ന് ഇവരെ ആരെങ്കിലും ഓർമ്മപ്പെടുത്തേണ്ടി വരുമെന്ന് തോന്നിപ്പോയി.
ഓണം, തീർച്ചയായും വീട്ടിലേക്കുള്ള മടങ്ങി വരവാണ്. ഒപ്പം നഷ്ടപ്പെട്ട് പോയെന്ന് നമ്മൾ കരുതുന്ന ഒത്തൊരുമയുടെ നൊസ്റ്റാൾജിയകളുടെ കൂമ്പാരവും. അതുകൊണ്ട് തന്നെ ഓണ പരസ്യങ്ങളെല്ലാം ഈ രണ്ട് കാര്യങ്ങളിൽ ചുറ്റിയാണ് തിരിയുന്നത്.
ഓണത്തിന് പരസ്യമെടുക്കുമ്പോൾ പിന്നെ ഒമിക്രോൺ വൈറസിനെക്കുറിച്ച് എഴുതാൻ പറ്റുമോ എന്ന ചോദ്യം സ്വാഭാവികം. എന്നാലും, ഡെവിൾ വിയേഴ്സ് പ്രാഡയിലെ മെറിൽ സ്ട്രീപ്പിനെ ഓർക്കാം:
“Florals, for spring? ground breaking.”
പോകും മുൻപ്, ഒരു റെക്കമെൻഡേഷൻ കൂടെ: ഓണത്തിന് നിങ്ങൾ കാണേണ്ട ഒരു പരസ്യം ഇതാണ് – ജാങ്ക ജക്കട ഓണം ഫീച്ചറിങ് ജാസി ഗിഫ്റ്റ്. ഒപ്പം, നസ്ലെൻ നാച്ചുറലായി അഭിനയിക്കാൻ ശ്രമിച്ച് ആർട്ടിഫിഷ്യലായിപ്പോയ ഒരു പോത്തീസ് പരസ്യവും കാണാം.
Occha-ഒച്ച ഒരു ഇ-മെയിൽ ന്യൂസ് ലെറ്റർ ആണ്. മാസത്തിൽ ഒരെണ്ണം. നിലവിൽ ഇത് സൗജന്യമാണ്. ഇനിയും സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ, നല്ല ജേണലിസം പ്രോത്സാഹിപ്പിക്കാൻ ഞങ്ങൾക്കൊപ്പം ചേരുമോ? താഴെ ഇ-മെയിൽ വിലാസം നൽകൂ, സബ്സ്ക്രൈബ് ചെയ്യൂ.

Leave a comment