ശ്രീലക്ഷ്മിക്ക് സ്വാഗതം!
Occha Volume 2, Issue 3, July 2025
പ്രിയ വായനക്കാരെ…
സന്തോഷ വാർത്തയുണ്ട്.
മാധ്യമപ്രവർത്തക ശ്രീലക്ഷ്മി മനോഹർ Occha-ഒച്ച സംഘത്തിന്റെ ഭാഗമാകുകയാണ്. ഒറിജിനൽ റിപ്പോർട്ടിങ്ങിനോട് പ്രത്യേക സ്നേഹം പുലർത്തുന്ന ശ്രീലക്ഷ്മി, കോൺട്രിബ്യൂട്ടിങ് എഡിറ്റർ ആയാണ് എത്തുന്നത്.

കേരള പ്രസ് അക്കാദമി (ഇപ്പോൾ കേരള മീഡിയ അക്കാദമി) പൂർവ്വ വിദ്യാർത്ഥിയായ (2013-14) ശ്രീലക്ഷ്മി, എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും ചരിത്രത്തിൽ ബിരുദാനന്തരബിരുദം (2015-2017) പൂർത്തിയാക്കിയിട്ടുണ്ട്.
എറണാകുളത്ത് നിന്നും പ്രസിദ്ധീകരിച്ചിരുന്ന ടുമോറോ എന്ന മാഗസിനിൽ ലൈഫ്സ്റ്റൈൽ റിപ്പോർട്ടർ, കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിൽ എഡിറ്റോറിയിൽ അസിസ്റ്റന്റ്, സിൽവർ സ്ക്രീൻ മലയാളം പോർട്ടലിൽ കണ്ടന്റ് എഡിറ്റർ എന്നിങ്ങനെ പ്രവർത്തിച്ചു. 2017-ൽ വിവാഹത്തിന് ശേഷം ജേണലിസത്തിൽ നിന്നും വിട്ടു നിന്നെങ്കിലും ഇപ്പോൾ കണ്ടന്റ് ക്രിയേറ്ററാണ്. ഇൻസ്പയർഹബ്ബ് വിത്ത് ശ്രീലക്ഷ്മി മനോഹർ എന്ന പേരിൽ സ്വന്തമായി ഒരു യൂട്യൂബ് ചാനൽ നടത്തുന്നുണ്ട്.
“ശ്രീലക്ഷ്മി ഒരു ഇടവേളയ്ക്ക് ശേഷമാണ് പ്രൊഫഷണൽ ജേണലിസം ചെയ്യുന്നത്. പക്ഷേ, ഞാൻ കാണുന്ന ഒരുപാട് ജേണലിസ്റ്റുകളെക്കാൾ വ്യക്തമായ കാഴ്ച്ചപ്പാട് അവർക്കുണ്ട്. ശ്രീലക്ഷ്മി തന്നെ പറഞ്ഞതുപോലെ, ഒരു നിയോഗം പോലെ ജേണലിസത്തിൽ തന്നെ തിരികെ എത്തി. Occha-ഒച്ച പൂർണമായും സ്വതന്ത്രമാണ്. നിലവിൽ ഒരു പാഷൻ പ്രോജക്റ്റുമാണ്. ആ നിലയിൽ ശ്രീലക്ഷ്മിയുടെ സേവനം വളരെ വിലപ്പെട്ടതുമാണ്. ശ്രീലക്ഷ്മി എഴുതാനും എഡിറ്റ് ചെയ്യാനും പോകുന്ന സ്റ്റോറികളെക്കുറിച്ച് എനിക്ക് വളരെ പ്രതീക്ഷയുണ്ട്. അവരെ Occha-ഒച്ചയിലേക്ക് സ്വാഗതം ചെയ്യുന്നു.” – Occha-ഒച്ച എഡിറ്റർ ലിയോനാൾഡ് മാത്യു കുറിച്ചു.
എഴുതാതിരിക്കുമ്പോഴും മക്കളായ ഏഴ് വയസ്സുകാരൻ സാത്വിക്കിനെയും ഒരു വയസ്സുകാരൻ പ്രത്യുഷ് കൃഷ്ണയെയും കുറിച്ച് ചിന്തിക്കാതിരിക്കുമ്പോഴും “മാനിഫെസ്റ്റേഷനി”ലാണ് ശ്രീലക്ഷ്മിയുടെ ശ്രദ്ധ. “ഞാൻ ആഗ്രഹങ്ങളുടെയാളാണ്. ഇപ്പോൾ എനിക്ക് ജ്ഞാനപീഠം വേണമെന്നാണ്!”
ശ്രീലക്ഷ്മി തുടരുന്നു:
“Occha-ഒച്ച പക്വതയുള്ള വായനക്കാരെയാണ് ലക്ഷ്യമിടുന്നതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. പക്ഷേ, അതേ സമയം എല്ലാവർക്കും വായിക്കാൻ കഴിയുന്ന സ്റ്റോറികളാണ് ചെയ്യുന്നത്. മൂന്ന് സെക്കന്റിനുള്ളിൽ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റണം എന്ന് ചിന്തിക്കുന്ന കാലത്ത്, പുറമേ നിന്ന് നോക്കുമ്പോൾ ഈ സ്റ്റോറികൾ കട്ടിയാണെന്ന് തോന്നും. Occha-ഒച്ചയ്ക്കൊപ്പം ഞാൻ ശ്രമിക്കുന്നത് വായനയോട് താൽപര്യമുള്ള ആളുകളെ തിരികെ കൊണ്ടുവരാനാണ്.”
ജേണലിസം മനുഷ്യത്വപരമല്ലാതാകുന്ന കാലത്ത് വായനക്കാരെ വീണ്ടെടുക്കൽ കൂടുതൽ പ്രധാനമാണെന്ന് ശ്രീലക്ഷ്മി പറയുന്നത്.
“ഇപ്പോൾ പലയിടത്തും ജേണലിസ്റ്റ് ആണെന്ന് പറയാൻ വലിയ അഭിമാനമില്ല. നമ്മളെപ്പോലെയുള്ള മനുഷ്യരുടെ ജീവിതമല്ലേ നമ്മൾ കവർ ചെയ്യുന്നത്, അതിനെന്തിനാണ് ഈ മത്സരം എന്ന് മനസ്സിലാകുന്നില്ല. ഞാൻ ചിലപ്പോൾ ടി.വി അസഹനീയമാകുമ്പോൾ കണ്ണടച്ചിരിക്കും. പക്ഷേ, ഇത് തിരുത്താവുന്ന തെറ്റാണെന്നേ എനിക്ക് തോന്നുന്നുള്ളൂ. അവർ ചെയ്യുന്നതും നമ്മൾ അവരെ നോക്കി ചിരിക്കുന്നതും ഒരുപോലെ തെറ്റാണെന്നാണ് എന്റെ ധാരണ. അത് തിരുത്താൻ പറ്റും. എനിക്ക് മാത്രമല്ല, അത് തെറ്റാണെന്ന് കരുതുന്ന എല്ലാവർക്കും പറ്റും.”
മഹാരാജാസ് ആണ് ജേണലിസം കഴിഞ്ഞാൽ ശ്രീലക്ഷ്മയുടെ മറ്റൊരു “പോസിറ്റീവ് സ്പേസ്.”
“മഹാരാജാസിനോടുള്ള ഇഷ്ടം ഇപ്പോഴും എന്റെ ജീവിതത്തിൽ കൂടെയുള്ള ആളോടുള്ള ഇഷ്ടം പോലെയാണ്.” മഹാരാജാസ് കാലത്തെ എൻ.സി.സി ബാച്ച്മേറ്റ് സനൽകുമാർ എം.എസിനെയാണ് ശ്രീലക്ഷ്മി വിവാഹം ചെയ്തത്. സനൽ എറണാകുളം ചോറ്റാനിക്കരയിൽ കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം നൽകുന്ന ഈസ്റ്റ് കൊച്ചിൻ ഫുട്ബോൾ അക്കാദമി നടത്തുന്നു.
ഒരു രഹസ്യം കൂടെ ശ്രീലക്ഷ്മി വെളിപ്പെടുത്തുന്നു: “മഹാരാജാസുകാർ എന്നതിന് പുറമെ എനിക്കും മമ്മൂട്ടിക്കും തമ്മിൽ ഒരു സാമ്യമുണ്ട്. ഞങ്ങൾ രണ്ടുപേരും ചിങ്ങത്തിലെ വിശാഖം നാളുകാരാണ്. മമ്മൂട്ടിക്ക് 33-ാം വയസ്സിലാണ് ആദ്യ സംസ്ഥാന അവാർഡ് കിട്ടിയത്. എനിക്കിനി ഒരു വർഷംകൂടെയുണ്ട്.”
Occha-ഒച്ച പുതിയ ലക്കം സ്വതന്ത്ര ഫിലിംമേക്കർ ഡോൺ പാലത്തറയുടെ പ്രൊഫൈൽ ആണ് ശ്രീലക്ഷ്മി ആദ്യമായി എഡിറ്റ് ചെയ്യുന്ന സ്റ്റോറി.
ശ്രീലക്ഷ്മിക്ക് ഇ-മെയിൽ ചെയ്യാം: sreelakshmisanlkumar07@gmail.com
ഞങ്ങൾക്ക് എഴുതൂ: occhanewsletter@yahoo.com

Leave a comment