Hello!
ഈ ന്യൂസ്-ലെറ്റർ ഒരിടവേളയിലായിരുന്നു. കുറഞ്ഞത് മൂന്ന് സ്റ്റോറികളെങ്കിലും പ്ലാൻ ചെയ്യുകയും മുന്നോട്ടെടുക്കാൻ കഴിയാതെ വരികയും ചെയ്തിടത്താണ് ഞങ്ങൾ ഏതാനും മാസം ഇടിച്ചുനിന്നത്.
ഒപ്പം, ‘Occha-ഒച്ച’ എഡിറ്റർ ലിയോനാൾഡ് മാത്യു പുതിയ ജോലിയിൽ പ്രവേശിച്ചു—Congratulations!
നിങ്ങൾ ഇവിടെ ആദ്യമാണെങ്കിൽ ഞങ്ങളുടെ മുൻ ലക്കങ്ങൾ മലയാളത്തിലെ യൂട്യൂബ് സിനിമാ നിരൂപകരെക്കുറിച്ചും എസ്. ഹരീഷിന്റെ പട്ടുനൂൽപ്പുഴു എന്ന നോവലിന്റെ നിരൂപണവുമായിരുന്നു. രണ്ട് സ്റ്റോറികളും ഇപ്പോഴും നിങ്ങൾക്ക് വായിക്കാം.
ഒരപേക്ഷ കൂടെ: നിങ്ങൾക്ക് ഉപകാരപ്പെടുമെങ്കിൽ താഴെ ഈ ന്യൂസ്-ലെറ്റർ സബ്സ്ക്രൈബ് ചെയ്യുമോ?
ഇത്തവണ വീണ്ടും ഒരു നോവൽ നിരൂപണമാണ്. “റാം c/o ആനന്ദി” എന്ന ബെസ്റ്റ് സെല്ലർ എഴുതിയ അഖിൽ പി. ധർമ്മജന്റെ പുതിയ നോവൽ “രാത്രി 12നു ശേഷം” ആഴ്ച്ചകൾക്ക് മുൻപാണ് പുറത്തിറങ്ങിയത്. വലിയൊരു മഴ നീന്തിക്കടന്ന് അതിന്റെ ഒരു കോപ്പി ഞങ്ങൾ സംഘടിപ്പിച്ചു. റിവ്യൂ താഴെ.

രാത്രി 12നു ശേഷം
Occha Volume 2, Issue 2, May 2025
Story by Editorial | Edited by Leonald Daisy Mathew | Fact-check by N.K.
അഖിൽ പി. ധർമ്മജനെ ഞങ്ങൾക്കിഷ്ടമാണ്. അഖിൽ കാശിന് വേണ്ടി മാത്രമാണെഴുതുന്നത് എന്നൊരു അഭിപ്രായം ഞങ്ങൾക്കില്ല. അഖിൽ എഴുതുന്നത് നോവൽ അല്ലെന്ന അഭിപ്രായം തീരെയില്ല. അഖിലിന് വായനക്കാരുള്ളതിൽ അസഹിഷ്ണുതയുമില്ല.
“ഏത് ഏതാണെന്നും ആര് ആരാണെന്നും” അഖിലിനുള്ള “വ്യക്തവും വടിവൊത്തതുമായ ധാരണ”യിൽ ഞങ്ങൾക്ക് സന്തോഷവുമുണ്ട്.
“റാം c/o ആനന്ദി” നോവലിന്റെ 47-ാം പതിപ്പിന്റെ ആമുഖത്തിൽ അഖിൽ എഴുതി:
“ലക്ഷണമൊത്ത ഒരു നോവലാണ് താങ്കൾ പ്രതീക്ഷിക്കുന്നതെങ്കിൽ ദയവായി എന്നോട് ക്ഷമിക്കുക. …കടുത്ത സാഹിത്യ പ്രേമിയാണ് താങ്കൾ എങ്കിൽ ചിലപ്പോൾ എന്റെ കഥപറച്ചിൽ താങ്കളെ നിരാശപ്പെടുത്തിയേക്കാം.”
വളരെ യുക്തിസഹമായ ഒരു മുന്നറിയിപ്പാണ് മുകളിലേത്.
ഈ മുന്നറിയിപ്പും (അതിവിനയം) അഖിലിന്റെ മറ്റൊരു വിപണനതന്ത്രമാണെന്ന് “ചില ശബ്ദങ്ങൾ” ഉണ്ട്. കുറഞ്ഞത് 3.5 കോടി ആളുകൾക്ക് അറിയാവുന്ന മോഹൻലാലിനെക്കുറിച്ച് കാക്കത്തൊള്ളായിരം കഥകളുണ്ടെങ്കിൽ, 3 ലക്ഷത്തിലധികം പതിപ്പുകൾ വിറ്റ ഒരു പുസ്തകത്തിന്റെ എഴുത്തുകാരനെക്കുറിച്ചും കഥകളുണ്ടാകുന്നത് സ്വാഭാവികമല്ലേ? അതിന്റെ ജാമ്യം അഖിലിന് കൊടുക്കുന്നു.
നോവലിസ്റ്റ് എന്നതിനേക്കാൾ “കഥപറച്ചിലുകാരൻ” എന്ന് സ്വയം വിശേഷിപ്പിക്കുന്ന അഖിൽ, തന്റെ എഴുത്ത് “സിനിമാറ്റിക്” എന്നാണ് പരിചയപ്പെടുത്തുന്നത്.
ആധുനിക നോവലുകളിൽ കാണുന്ന ആഴമുള്ള കഥാപാത്രങ്ങളോ, അവരുടെ മനോവ്യാപാരങ്ങളോ, ഭാഷകൊണ്ടുള്ള അമ്മാനമാടലുകളോ ഒന്നും അഖിലിന് അവകാശപ്പെടാനില്ല. പകരം അഖിൽ ആശ്രയിക്കുന്നത് ലളിതമായ “പൈങ്കിളി” കഥ പറച്ചിലിനെയാണ്. അതിന് വായനക്കാരെ കണ്ടെത്താനായി എന്നതാണ് അഖിലിന്റെ വിജയം.
അഖിലിന്റെ പുതിയ നോവൽ “രാത്രി 12നു ശേഷം” നിഗൂഢമായ ഒരു അന്വേഷണമാണ്. എറണാകുളത്തെ കളമശേരിയിൽ അത് തുടങ്ങുന്നു, കേരളത്തിലെ മറ്റു ചിലയിടങ്ങളിലും കർണാടകത്തിലും ചെന്നൈയിലുമെല്ലാം ചുറ്റി അത് സമാപിക്കുന്നു.
കഥയുടെ നടുവിൽ ആത്മവിശ്വാസമുള്ള ഒരു 27 വയസ്സുകാരിയാണ്. അവരുടെ പേര്, വനിത സേവ്യർ.
വനിതയുടെ കാർ ഒരാളെ ഇടിച്ചിട്ടു. അയാളെ അവൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും അയാൾ അവിടെ നിന്നും ഓടിപ്പോയി. വലിയ അന്വേഷണമൊന്നും കൂടാതെ തന്നെ വനിത അയാളെ കണ്ടുപിടിച്ചു. പക്ഷേ, അയാളുടെ “മൗന”ത്തിലും സുന്ദരമായ ശരീരത്തിലും ചില രഹസ്യങ്ങളുണ്ടായിരുന്നു. ആദ്യം അത് അവൾ പിന്തുടരുകയും, പിന്നീട് അവളെ പിന്തുടരുകയും ചെയ്തു. ഒരു ലക്ഷണമൊത്ത “Genre fiction” നോവലിന്റെ ഫോർമുലയിൽ “ആരാണ് അയാൾ?” എന്ന ചോദ്യത്തിന് പിന്നാലെ വനിത യാത്ര തുടങ്ങുകയാണ്. കൂടെ അവളുടെ അച്ഛൻ, ഒരു ഓട്ടോറിക്ഷാക്കാരൻ, അയൽക്കാർ, അജ്ഞാതർ എന്നിങ്ങനെ കുറച്ചുപേരും ചേരുന്നു.
ഈ നോവലിന്റെ ഏറ്റവും വലിയ പ്രതിസന്ധി ഇതേ മാതൃകയിൽ എഴുതിയിട്ടുള്ള, സിനിമയായി ചിത്രീകരിക്കപ്പെട്ടിട്ടുള്ള ഒരുപാട് കഥകളുടെ ആവർത്തനമോ, പ്രതിഫലനമോ ആണ് ഇതെന്നതാണ്. സമാനമായ കൃതികളും സൃഷ്ടികളും വന്നതുകൊണ്ട് പലതവണ ഈ നോവൽ മാറ്റിയെഴുതേണ്ടി വന്നിട്ടുണ്ടെന്ന് അഖിൽ തന്നെ സമ്മതിക്കുന്നുണ്ട്. എന്നാലും, പുതുതായി ഒന്നും സൃഷ്ടിക്കാൻ അഖിലിനും കഴിഞ്ഞിട്ടില്ല.
അഖിലിന്റെ ജിജ്ഞാസയുണ്ടാക്കുന്ന സ്വാഭാവിക ശൈലിയിൽ തുടങ്ങുന്ന നോവൽ, ഒരു പരിധി കഴിയുമ്പോൾ കുഴക്കുന്ന ഒരു ഇൻഫോഡംപ് (infodump) ആയി മാറുന്നു. ഒരുപാട് കാര്യങ്ങൾ പറയാനുള്ള വ്യഗ്രതയ്ക്ക് ഇടയിൽ കഥ തന്നെയും നഷ്ടപ്പെട്ടു പോകുന്നു.
“റാം c/o ആനന്ദി” തരക്കേടില്ലാത്ത ഒരു നോവൽ ആയിരുന്നു. അതിലെ കഥാപാത്രങ്ങളോട് തോന്നുന്ന അടുപ്പമോ അവരുടെ ജീവിത പരിസരങ്ങൾക്കുള്ള തെളിച്ചമോ “രാത്രി 12നു ശേഷ”ത്തിൽ കാണാനാകുന്നില്ല. പക്ഷേ, “റാം c/o ആനന്ദി” സഞ്ചരിച്ച അതേ വഴിയിലൂടെ കഥ നയിക്കാനാണ് അഖിൽ പുതിയ നോവലിൽ ശ്രമിക്കുന്നത്. അത് ഈ നോവലിനെ സഹായിക്കുന്നതേയില്ല.
കഥാപാത്രങ്ങൾ തമ്മിൽ പ്രത്യേകിച്ച് ഒരു ബന്ധവും പുലർത്താതെ നീണ്ട മോണോലോഗുകളാണ് നോവൽ രണ്ടാം പകുതിയിലേക്ക് എത്തുമ്പോൾ കാണുന്നത്. അതിൽ സയൻസും മിത്തും എല്ലാം കൂടെ കലരുന്നു. നോവലിനായി നടത്തിയ റിസർച്ച് മുഴുവൻ ഉൾക്കൊള്ളിച്ചതുപോലെയാണ് അവസാന ഭാഗങ്ങൾ തോന്നിപ്പിക്കുന്നത്. ആദ്യത്തെ അദ്ധ്യായങ്ങളിൽ പുലർത്തിയ നിയന്ത്രണം പുസ്തകം പകുതിവഴിയെത്തുമ്പോൾ പൂർണ്ണമായും ഇല്ലാതാകുന്നു. പുതിയ കഥാപാത്രങ്ങൾ വരുന്നു, പുതിയ സങ്കേതങ്ങൾ പരിചയപ്പെടുത്തുന്നു, പക്ഷേ ഒന്നും വായനക്കാരെ സ്പർശിക്കുന്നില്ല. കഥയുടെ മൊത്തത്തിലുള്ള ഒഴുക്കിലേക്ക് വന്ന് വീഴുകയും അപ്രത്യക്ഷമാകുകയും ചെയ്യുകയാണ് കൂടുതൽ കാര്യങ്ങളും.
ഇതിനിടയിൽ ഒരു കഥാപാത്രത്തിന്റെ തിക്തജീവിതത്തെ സാവധാനം കഥയിൽ അവതരിപ്പിക്കുന്നുണ്ട്. ആ അനുഭവങ്ങളെക്കുറിച്ച് നോവലിസ്റ്റിന് അമർഷമുണ്ടെന്ന് മനസ്സിലാക്കുന്നതല്ലാതെ, അത് ഒരിടത്തും കഥയിൽ വലിയ ചലനമുണ്ടാക്കുന്നില്ല. അഖിൽ അവതരിപ്പിക്കുന്ന ട്വിസ്റ്റ് ആകട്ടെ, പഴകിപ്പഴകി ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമാക്കാലത്ത് തന്നെ പുറന്തള്ളപ്പെട്ടതുമാണ്.
“Genre fiction” ലോകം മുഴുവൻ ആളുകൾ വായിക്കുന്ന ഒന്നാണ്. സാഹിത്യത്തിന്റെ “ഭാരം” ആഗ്രഹിക്കാത്ത, എളുപ്പത്തിൽ വായിച്ചു തള്ളാവുന്ന പുസ്തകങ്ങളാണ് പൊതുവെ ഇവ. ഈ ഗണത്തിൽ റൊമാൻസും മിസ്ട്രിയും സയൻസ് ഫിക്ഷനും എഴുതുന്ന നിരവധി എഴുത്തുകാരുണ്ട്. അവർക്കെല്ലാം പതിനായിരക്കണക്കിന് ആരാധകരുമുണ്ട്.
അവരും വായനയുടെ ഭാഗമാണ്. എല്ലാവർക്കും അവരുടേതായ ഇടമുണ്ടെന്ന് മനസ്സിലാക്കുന്നതുകൊണ്ടുതന്നെ, അത് മറ്റൊരിടത്തും “മുഖ്യധാര” എഴുത്തുകാരെ ചൊടിപ്പിക്കുന്നില്ല. അതേസമയം തന്നെ, “മനുഷ്യനായിരിക്കുക” എന്ന ദുർഘട പ്രതിഭാസത്തെ നേരിടുന്നതിൽ ഒന്നും ഈ നോവലുകൾ സംഭാവന ചെയ്യുന്നില്ല എന്ന തിരിച്ചറിവും പുറത്തുണ്ടായിട്ടുണ്ട്. – ഇത് മറ്റൊരു ദിവസത്തേക്കുള്ള മറ്റൊരു വലിയ വിഷയം.
മലയാളത്തിൽ “Genre fiction” പെട്ടന്ന് ശ്രദ്ധിക്കപ്പെട്ടതിൽ അഖിൽ പി. ധർമ്മജന് വലിയ പങ്കുണ്ട്. അതുകൊണ്ടു തന്നെ അഖിൽ എഴുതണം, സ്വയം പുതുക്കണം. വിവേചനത്തിന്റെ സ്വരമുള്ള വിമർശനങ്ങൾക്ക് അഖിൽ വ്യക്തമായ മറുപടി പറഞ്ഞെങ്കിലും, എഴുത്ത് തന്നെയാണല്ലോ ഏറ്റവും വലിയ ഉത്തരം. അക്കാര്യത്തിൽ “രാത്രി 12നു ശേഷം” അഖിലിനെ സഹായിക്കുമെന്ന് തോന്നുന്നില്ല.
(“രാത്രി 12നു ശേഷം” പ്രസിദ്ധീകരിച്ചിരിക്കുന്നത് ഡി.സി ബുക്സ്. കോപ്പികൾ ഓൺലൈനിലും ലഭ്യം.)
Occha is licensed under CC BY-NC-ND. Read the full disclaimer here.

Leave a comment