പ്രിയപ്പെട്ട വായനക്കാരെ…
ഈ മാസം ഇവിടെ നിന്ന് ഒച്ചയും അനക്കവും ഇല്ല. കാരണം, ഞങ്ങൾ ഒരാളുടെ പ്രൊഫൈൽ എഴുതുകയാണ്. അതിനിയും പൂർത്തിയായിട്ടില്ല. നീണ്ടകഥകളുടെ ഒരു പ്രധാന പ്രശ്നമതാണ്. നിങ്ങൾ തയാറാണെങ്കിലും സാങ്കേതികമായ കാരണങ്ങൾകൊണ്ട് സ്റ്റോറി പൂർത്തിയാകാതെ വരും. എന്തായാലും നിങ്ങളെ വെറുംകൈയ്യോടെ വിടാൻ ഞങ്ങൾ ഒരുക്കമല്ല. ഈ തിരക്കിനിടയിലും എസ്. ഹരീഷിന്റെ ഡി.സി ബുക്സ് പുറത്തിറക്കിയ “പട്ടുനൂൽപ്പുഴു” വായിച്ചു. നോവലിന്റെ ഹ്രസ്വമായ നിരൂപണം താഴെ.
വിട, അടുത്തലക്കത്തിൽ കാണാം എന്ന പ്രതീക്ഷയോടെ.
നിരൂപണം താഴെ തുടങ്ങുന്നു. ഇഷ്ടപ്പെട്ടാൽ താഴെ ഇ-മെയിൽ ഐഡി മാത്രം നൽകി Occha-ഒച്ച സബ്സ്ക്രൈബ് ചെയ്യൂ!
പട്ടുനൂൽപ്പുഴു – എസ്. ഹരീഷ്
Occha Volume 2, Issue 1, Jan 2025
Story by Editorial | Edited by Leonald Daisy Mathew | Fact-check by N.K.

എസ്. ഹരീഷിന്റെ ആദ്യ നോവൽ “മീശ” ശ്രദ്ധിക്കപ്പെട്ടത് മതവികാരം വ്രണപ്പെട്ട ഏതാനും ഹിന്ദുക്കളുടെ പ്രകോപനം കൊണ്ടു മാത്രമല്ല.
“ഉച്ചകഴിഞ്ഞ് തെളിമയുള്ള വെള്ളവുമായി ആകാശത്തെ അകത്താക്കിയ തോടുകളിലേക്ക് കമിഴ്ന്ന് കിടന്ന് അവൻ മുഖം നോക്കി. …ഒരു സംഘം ചുമന്ന വരാൽപാർപ്പുകൂട്ടം അനക്കമുണ്ടാക്കാതെ അവന്റെ മീശമേൽക്കൂടി കടന്നുപോയി. തോട്ടിലേക്കിറങ്ങിനിൽക്കുന്ന വേരുകളുടെ ഊരാക്കുടുക്ക് പടർപ്പെന്നും കരുതി ചില ഗർഭിണി മീനുകൾ അതിനിടയിൽ മുട്ടയിടാനും പദ്ധതിയിട്ടു.” ഇതുപോലെ യാഥാർത്ഥ്യങ്ങൾക്കും അത്ഭുതങ്ങൾക്കും ഇടയിൽ നിന്ന് വാചകങ്ങൾ എഴുതാൻ കഴിഞ്ഞതുകൂടിക്കൊണ്ടാണ്.
എസ്. ഹരീഷിന്റെ മൂന്നാം നോവൽ, “പട്ടുനൂൽപ്പുഴു”വിലേക്ക് വരുമ്പോഴും, കോട്ടയത്തിന്റെ ഭാഷ അതുപോലെ തെളിഞ്ഞുനിൽക്കുന്നു. ഇത്തവണ പക്ഷേ, യാഥാർത്ഥ്യങ്ങളും അത്ഭുതങ്ങളും കുറവാണ്. ഒരുപക്ഷേ, ഈ “ജാമ്യം” ഹരീഷ് ആദ്യമേയെടുക്കുന്നുണ്ട്. ആമുഖത്തിൽ അദ്ദേഹം എഴുതുന്നു:
“മീശയ്ക്കും ആഗസ്റ്റ് 17-നും (എസ്. ഹരീഷിന്റെ രണ്ടാമത്തെ നോവൽ) കൈകാര്യം ചെയ്യുന്ന വിഷയങ്ങളുടെ പ്രത്യേകതകൊണ്ട് കുറച്ചധികം പഠനങ്ങളും യാത്രകളും വേണ്ടിവന്നിരുന്നു. പട്ടുനൂൽപ്പുഴുവിന്റെ എഴുത്തിനുവേണ്ടിയും ഞാൻ യാത്ര ചെയ്തു. പക്ഷേ, അത് ഉള്ളിലേക്കാണെന്നുമാത്രം.”
ഇതേ ആമുഖത്തിൽ മറ്റൊരിടത്തു പറയുന്നത്പോലെ “പട്ടുനൂൽപ്പുഴു”വിൽ ഏകാന്തത മാത്രമേയുള്ളൂ. അത് പൂർണ്ണമായും കഥാപാത്രങ്ങൾക്ക് അടുത്തുനിന്നുള്ള കാഴ്ച്ചയുമാണ്. സാംസയാണ് “പട്ടുനൂൽപ്പുഴു”വിലെ നായകൻ. അവന്റെ പേര്, നിങ്ങൾക്ക് ഊഹിക്കാവുന്നതുപോലെ തന്നെ ഫ്രാൻസ് കാഫ്കയുടെ “ദ മെറ്റമോർഫോസിസി”ലെ ഗ്രെഗർ സാംസയിൽ നിന്നാണ്. ബാല്യത്തിൽ നിന്ന് കൗമാരത്തിലേക്ക് കാല് നീട്ടിവെക്കുന്ന ഒരു പതിമൂന്ന് വയസ്സുകാരൻ കണ്ടും കേട്ടും തൊട്ടും മണത്തും ഗ്രഹിക്കുന്ന ലോകമാണ് “പട്ടുനൂൽപ്പുഴു”. അത് നോവലാകുന്നത് ഇവയ്ക്ക് മുകളിൽ ഒരു അടര് കൂടെ വരുമ്പോഴാണ്.
കൗമാരത്തിന് ഒരു വന്യതയുണ്ട്. ഒരു പകൽ സ്വപ്നത്തിൽ നിന്ന് ഞെട്ടിയേഴുന്നേൽക്കുമ്പോൾ സ്വയം ഒരു ഷഡ്പദമായി മാറിയേക്കാവുന്ന നിഷ്കളങ്കതയുടെ കൊക്കൂണിൽ നിന്ന് തിക്താനുഭവങ്ങളിലേക്കുള്ള വാതിലായും ചിലപ്പോൾ അത് തോന്നാം. കൗമാരത്തിന് ഒരു ദിവ്യത്വവുമുണ്ട്, ഖസാക്കിന്റെ ഇതിഹാസത്തിലെ രവിയുടെ ചെറുപ്പം ഓർമ്മയില്ലേ?
‘ഖസാക്കിന്റെ ഇതിഹാസ’ത്തിൽ എല്ലാം മയങ്ങിക്കിടക്കുന്ന, കാറ്റു വീശാത്ത, ഒരു നട്ടുച്ചയിലാണ് രവി കുട്ടിക്കാലത്തേക്ക് പോകുന്നത്. മുന്നിൽ കളിപ്പാട്ടങ്ങൾ നിരത്തിവെച്ച് തിണ്ണയിൽ തനിച്ചിരിക്കുകയാണ് കുഞ്ഞു രവി. തിണ്ണയിൽ നിന്നും ദൂരേയ്ക്ക് നോക്കിയാൽ അറ്റമില്ലാത്ത കാപ്പിത്തോട്ടങ്ങൾ. അമ്മയുടെ വയറും ചാരി കിടക്കുന്ന മറ്റൊരു ഓർമ്മയിൽ അമ്മ പറയും: “നക്ഷത്രക്കുട്ടാ, കൽപകവൃക്ഷത്തിന്റെ തൊണ്ട് കാണണോ?” വെയിലെരിയുന്ന മാനത്ത് ഇമതല്ലിമിഴിക്കാതെ നോക്കിയിരുന്നാൽ കണ്ണനങ്ങുന്നതിനൊപ്പം സ്ഥടികമണികൾ കോർത്തിണക്കിയപോലെ എന്തോ ഇളകുന്നത് കാണാം. അത് ദേവന്മാർ ഇളനീര് കുടിച്ച് കൽപകവൃക്ഷത്തിന്റെ തൊണ്ടുകൾ താഴോട്ടെറിയുന്നതാണ്.
ഈ ഓർമ്മയ്ക്കുള്ളത് പോലെയൊരു ദിവ്യത്വം എസ്. ഹരീഷിന്റെ “പട്ടുനൂൽപ്പുഴു”വിനുണ്ട്. അവ്യക്തമായ ഒരു വിഷാദം ഈ നോവലിനുണ്ട്.
ഒട്ടും ആകർഷകമല്ലാത്ത, കഥയെ അതുപോലെ വരയ്ക്കാൻ ആരോ കഴുത്തിന് കത്തിവെച്ച് ആവശ്യപ്പെട്ടതുപോലെ തോന്നിക്കുന്ന കവറിൽ (രണ്ടാം പതിപ്പ്) കൽപ്പകവൃക്ഷത്തിന്റെ തൊണ്ടുകൾപോലെ പൂക്കൾ പൊഴിയുന്നുണ്ട്. സാംസ, മിശ്രവിവാഹിതർ വിജയന്റെയും ആനിയുടേയും മകനാണ്. അവന് നാല് വയസ്സുവരെ പേരുപേരും ഇല്ലായിരുന്നു. ഒഴുക്കിൽപ്പെട്ട പാഴ്ത്തടിപോലെ ജീവിക്കുന്ന അവന്റെ അച്ഛൻ, മറ്റൊരാളോട് ചോദിച്ചു വാങ്ങിയ പേരാണ് സാംസ. ഈ പേരിന്റെ അല്ലെങ്കിലും, പേരുകളുടെ ഭാരത്തെക്കുറിച്ച് ഒരിടത്ത് ഹരീഷ് എഴുതുന്നുണ്ട്.
“ഒരാൾ ജീവിതകാലം മുഴുവൻ പേറുന്ന പേരിടുന്നത് വേറൊരാളാണ്.”
“പട്ടുനൂൽപ്പുഴു”വിനെ കുറച്ചെങ്കിലും ആസ്വാദ്യകരമാക്കുന്നത് എസ്. ഹരീഷിന്റെ തെളിഞ്ഞ ഭാഷയാണ്. ഹരീഷിന്റെ കഥപറച്ചിൽ നിരീക്ഷണങ്ങളുടെ, സാധാരണ അനുഭവങ്ങളുടെ ആകെത്തുകയാണ്.
രാവിലെ സാംസ കുടിക്കുന്ന ചൂടുകഞ്ഞിക്കൊപ്പം ഉണക്കസ്രാവ് വറുത്തതുണ്ട്. “എല്ലുള്ള കഷണം. വല്ലാത്ത ഉപ്പ്. …കൈ നക്കിയാലും ചുണ്ട് കടിച്ചാലും ഉപ്പ്.” സാംസ വിചാരിക്കുന്നു. വെള്ള അരിയുടെ കഞ്ഞിയായത് കൊണ്ട് കഞ്ഞിവെള്ളം കൊഴുത്തതാണ്. കലങ്ങിയ ചോറിന് മുകളിൽ ചുവപ്പുനിറത്തിലെ മീനിന്റെ എണ്ണമയം. – ഓർമ്മയുടെ ഓരോ കാലൊച്ചയും എസ്. ഹരീഷ് വാക്കുകൾക്കൊണ്ട് വരച്ചിടുന്നു.
ഒഴുകാത്ത വെള്ളംപോലെ കെട്ടിക്കിടക്കുന്നതാണ് ഈ നോവലിന്റെ ഏറ്റവും വലിയ പരിമിതി.
സാംസ എങ്ങോട്ടും യാത്ര ചെയ്യുന്നില്ല. പതിയെ അവന് ചുറ്റുമുള്ള കഥാപാത്രങ്ങൾ വെറുതെ അനാവൃതമാകുകയാണ്. ഇടയ്ക്ക് ഭ്രാന്ത് മൂക്കുന്ന സ്റ്റീഫൻ, ലൈബ്രേറിയൻ മാർക്ക് സാർ, ഒരു നായ… ഒരുപാട് നോവലുകളിൽ മുൻപ് വായിച്ച കഥാപാത്രങ്ങളും അവരുടെ അസ്തിത്വപ്രശ്നങ്ങളും ഈ നോവലിലും ആവർത്തിക്കുകയാണ്. വൈകാരികമായ ഒരു തലത്തിന് ശേഷം, തീരെ സ്പർശിക്കാതെ ഒരു പാരഗ്രാഫ് ഇവരുടെ മരണത്തിനായി നീക്കിവെക്കപ്പെടുകയും ചെയ്യുന്നു. നോവലിന്റെ കഥയുടെ കാമ്പായ രണ്ടാം അടരാകട്ടെ ഒരു ദൃക്സാക്ഷിവിവരണം പോലെ ഒതുങ്ങിപ്പോകുന്നു.
ഈ നോവലിനെ “പുകഴ്ത്തുന്ന” ഞാൻ വായിച്ച അര ഡസൺ കുറിപ്പുകളെങ്കിലും വിഷാദത്തെയും ജീവിതത്തിന്റെ സാധാരണ സ്വഭാവത്തെയും ഉൾക്കൊള്ളാൻ ഇതിന് കഴിഞ്ഞിട്ടുണ്ടെന്നാണ് അഭിപ്രായപ്പെടുന്നത്. അത് ശരിയുമാകാം. പക്ഷേ, ഇതിനകത്ത് പുരോഗമിക്കുന്ന ഒരു കഥയുണ്ട്, നോവലിസ്റ്റ് എല്ലാവരും എത്തിപ്പെടാൻ ആഗ്രഹിച്ച ഒരു ലക്ഷ്യമുണ്ട്. അവിടെയെത്തുമ്പോൾ എല്ലാവരും തൃപ്തരാകുമെന്ന് തോന്നുന്നില്ല.
(“പട്ടുനൂൽപ്പുഴു” വിപണിയിൽ ലഭ്യമാണ്.)
Publisher DC Books may hold the rights to the titles Pattunool Puzhu and Khasakkinte Itihasam. Quotes from these novels used in this article fall under fair use copyright provisions.
Occha is licensed under CC BY-NC-ND. Read the full disclaimers here. Have a question or suggestion? Drop an email at occhanewsletter@yahoo.com

Leave a comment