Hello!
Occha-ഒച്ച ആദ്യ ലക്കത്തിലേക്ക് സ്വാഗതം.
Occha-ഒച്ച ആദ്യ ലക്കം ഓൺലൈൻ സിനിമാ നിരൂപകരെക്കുറിച്ചാണ്. അഞ്ച് അധ്യായങ്ങളുള്ള ലേഖനം താഴെ തുടങ്ങുന്നു. ഇഷ്ടപ്പെട്ടാൽ താഴെ ഇ-മെയിൽ ഐഡി മാത്രം നൽകി Occha-ഒച്ച സബ്സ്ക്രൈബ് ചെയ്യൂ!
ചിലപ്പൻ കിളികൾ
Occha Volume 1, Issue 1, Dec 2024
Story by R.M. | Edited by Leonald Daisy Mathew | Fact-check by N.K.
1
ഏതാണ്ട് 400 മില്യൺ ഡോളര്‍ നിര്‍മ്മാണച്ചെലവിൽ ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത ഹോളിവുഡ് ചിത്രം “അവതാർ-ദി വേയ് ഓഫ് വാട്ടർ” റിലീസ് ചെയ്തത് 2022-ലാണ്. ബോക്സ് ഓഫീസിൽ ഏറ്റവും അധികം കളക്ഷൻ നേടിയ “അവതാർ” (2009) സിനിമയുടെ രണ്ടാം ഭാഗമായിരുന്നു അവതാർ-ദി വേയ് ഓഫ് വാട്ടർ.
ഡിസംബർ ആറിന് ലണ്ടനിലെ ആദ്യത്തെ ഷോ കഴിഞ്ഞ്, 12-ന് ചൈന, യു.എസ് എന്നിവിടങ്ങളിലായി സിനിമ ആഗോള റിലീസായി. യൂറോപ്പിലും ഏഷ്യയിലും ഡിസംബർ 14-ന് ശേഷമാണ് ചലച്ചിത്രം റിലീസ് ചെയ്തത്.
ഡിസംബർ 13-ന് പ്രമുഖ ബ്രിട്ടീഷ് ദിനപത്രം ദി ടെലഗ്രാഫ് നിരൂപണം എഴുതി: മലർത്തിക്കിടത്തി മൂക്കിലും വായിലും “കടൽ നീല” സിമന്‍റ് ഒഴിക്കുന്നത് പോലെയാണ് “അവതാർ 2.” ടെലഗ്രാഫ് നൽകിയ റേറ്റിങ് ഒരു സ്റ്റാർ. അതേ ദിവസം തന്നെ ബി.ബി.സിയുടെ റിവ്യൂ വന്നു. “അവതാർ ദി വേയ് ഓഫ് വാട്ടർ ഒരു നനഞ്ഞ പടക്കമാണ്.” ദി ഗാർഡിയൻ പത്രത്തിനായി പീറ്റർ ബ്രാഡ്ഷോ എഴുതി: “ട്രില്യൺ ഡോളർ മുടക്കിയെടുത്ത ഒരു സ്ക്രീൻസേവർ.” യു.എസിലും സമാനമായ നിരൂപണങ്ങളുണ്ടായി. വാഷിങ്ടൺ പോസ്റ്റ് പത്രം എഴുതി: “നീണ്ട, ഉച്ചത്തിലുള്ള, കണ്ണ് തള്ളിക്കുന്ന, മറക്കാനാഗ്രഹിക്കുന്ന.”
നിരൂപകർ സിനിമയുടെ കാര്യത്തിൽ അവസാന വാക്കല്ല. ബോക്സ് ഓഫീസിൽ അവതാർ 2 നേടിയത് 1618.7 മില്യൺ ഡോളർ വരുമാനം. ലാഭം 531 മില്യൺ ഡോളർ. ഒപ്പം, ലോകത്തിലെ ഏറ്റവും അധികം കളക്ഷൻ നേടിയ സിനിമകളുടെ പട്ടികയിൽ മൂന്നാം സ്ഥാനവും.
ഇതിന്‍റെ അർത്ഥം നിരൂപകരുടെ അഭിപ്രായങ്ങൾക്ക് ഒരു സ്വാധീനവും ഇല്ലെന്നാണോ? തീർച്ചയായും അല്ല. ആധികാരികമായ അഭിപ്രായങ്ങൾ സിനിമയേയും ബാധിക്കാം എന്ന് വിദേശത്ത് നടന്ന പഠനങ്ങൾ പറയുന്നു. ഈ പഠനങ്ങളൊന്നും ഒരേ ഫലമല്ല നൽകുന്നത്. ഉദാഹരണത്തിന് അമേരിക്കയിലെ കാലിഫോർണിയ സർവകലാശാല-ഡേവിസ് ഗവേഷകർ 2023-ൽ നടത്തിയ ഒരു പഠനത്തിൽ നിരൂപകർ നെഗറ്റീവ് റിവ്യൂ നൽകിയ സിനിമകൾ ബോക്സ് ഓഫീസിൽ ഹിറ്റ് ആകുകയും പോസിറ്റീവ് റിവ്യൂകൾ നൽകിയ സിനിമകൾ പൊതുവെ ഫ്ലോപ്പ് ആകുന്നതായും തിരിച്ചറിഞ്ഞു.
2022-ൽ യു.എസ് മാധ്യമം ബ്ലൂംബർഗ് നടത്തിയ ഒരു വിശകലനം ഇതേക്കുറിച്ച് കൂടുതൽ വ്യക്തമായ ഒരു ചിത്രം നൽകുന്നുണ്ട്. അവരുടെ കണക്ക് പ്രകാരം നിരൂപകരും പ്രേക്ഷകരും തമ്മിലുള്ള “അന്തർധാര സജീവമേയല്ല.” എളുപ്പത്തിൽ പറഞ്ഞാൽ നിരൂപകർ ഇഷ്ടപ്പെടുന്ന സിനിമകളെ പ്രേക്ഷകർ തള്ളുന്നു. പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട സിനിമകളെ നിരൂപകർ ചവറുകളാണെന്ന് വിലയിരുത്തുന്നു. ഇരുവരും തമ്മിലുള്ള അന്തരം ഏറ്റവും പാരമ്യത്തിലെത്തിയ കാലഘട്ടമാണ് നമുക്ക് മുന്നിൽ ഇപ്പോഴുള്ളത്.
പക്ഷേ, നിരൂപകന്‍റെ അഭിപ്രായത്തിന് ഒരു സിനിമയെ പൂർണ്ണമായും തീയേറ്ററിൽ നിന്നും അപ്രത്യക്ഷമാക്കാൻ കഴിയുമോ? കേരളത്തിൽ സിനിമാക്കാർക്കും ചില പരമ്പരാഗത മാധ്യമങ്ങൾക്കും ഇത് നീറുന്ന ചോദ്യമാണ്. അവരെ സംബന്ധിച്ച് “സിനിമയെ തകർക്കുന്ന” ഈ നിരൂപകർ പത്രങ്ങളിലോ, ന്യൂസ് പോർട്ടലുകളിലോ, ടെലിവിഷൻ വാർത്താ ചാനലുകളിലോ റിവ്യൂ എഴുതുന്നവരല്ല, മറിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ, പ്രത്യേകിച്ചും യൂട്യൂബിൽ സിനിമകളെ നിരൂപണം ചെയ്യുന്ന വീഡിയോ ക്രിയേറ്റർമാരാണ്.
2024 സെപ്റ്റംബർ 19-ന് “ഉണ്ണി വ്ലോഗ്സ് സിനിഫൈൽ” എന്ന യൂട്യൂബ് ചാനൽ നടത്തുന്ന ഉണ്ണികൃഷ്ണൻ ടി.എൻ, സ്വന്തം ചാനലിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തു. ഏകദേശം 3.7 ലക്ഷം സബ്സ്ക്രൈബേഴ്സ് ഉള്ള “ഉണ്ണി വ്ലോഗ്സ്” സിനിമാ റിവ്യൂകളാണ് പോസ്റ്റ് ചെയ്യുന്നത്.
ഉണ്ണികൃഷ്ണൻ പോസ്റ്റ് ചെയ്ത വീഡിയോ അയാൾ നേരിട്ട ഒരു ഭീഷണിയാണ്. വീഡിയോയിൽ തന്‍റെ സ്ഥിരം റെക്കോർഡിങ് സ്റ്റുഡിയോയിൽ ഇരുന്ന് ഉണ്ണി ഒരു ഫോൺ കോൾ എടുക്കുകയാണ്.
“തന്‍റെ പേര് ഉണ്ണി വ്ലോഗ് എന്നാണോ?” ഫോൺ ചെയ്തയാൾ ചോദിക്കുന്നു.
“എന്‍റെ പേര് എബ്രഹാം മാത്യു എന്നാണ്. അബാം മൂവീസിലെ, പടത്തിന്‍റെ പ്രൊഡ്യൂസറാണ്. താനിപ്പോ ഒരു വീഡിയോ ഇട്ടല്ലോ, കേട്ടല്ലോ, ആ വീഡിയോ താൻ ഒരു മണിക്കൂറിനുള്ളിൽ ഡിലീറ്റ് ചെയ്തില്ലെങ്കിൽ രണ്ട് മണിക്കൂറിനുള്ളിൽ പൊല** മോനെ നിന്‍റെ വീട്ടിൽ ഞാൻ ആളിനെക്കൊണ്ട് വരും, പോലീസിനെക്കൊണ്ട് വരും. നിന്നെ ഞാൻ പിടിച്ച് തൂക്കിയെടുത്തോണ്ട് വരും.”
സെപ്റ്റംബർ 13-ന് ഓണം റിലീസ് ആയി ഇറങ്ങിയ “ബാഡ് ബോയ്സ്” എന്ന സിനിമയുടെ നിർമ്മാതാവ് എബ്രഹാം മാത്യു എന്നയാളാണ് തന്നെ വിളിച്ചതെന്ന് ഉണ്ണി വീഡിയോയിൽ പറയുന്നു. 2017-ൽ ഇറങ്ങിയ “സോലോ” ഉൾപ്പെടെയുള്ള സിനിമകൾ നിർമ്മിച്ച അബാം മൂവീസ് എന്ന സിനിമാ നിർമ്മാണക്കമ്പനിയുടെ ഉടമയാണ് എബ്രഹാം മാത്യു.
പണം വാങ്ങി റിവ്യൂ ചെയ്യുന്നു, സിനിമ ഇറങ്ങി ആഴ്ച്ചകൾക്ക് ശേഷം മോശം റിവ്യൂ ചെയ്യുന്നു, ഫേസ്ബുക്കിൽ സിനിമയ്ക്ക് എതിരെ എഴുതുന്നു എന്നിവയാണ് എബ്രഹാം മാത്യു ഫോൺകോളിൽ ഉന്നയിക്കുന്ന ആരോപണങ്ങൾ.
ഈ മൂന്ന് ആരോപണങ്ങളും ഉണ്ണി നിഷേധിച്ചു.
ഹ്രസ്വമായ ആ ഫോൺകോൾ അവസാനിച്ചത് രണ്ട് ഉപാധികളോടെയും ഒരു അറിയിപ്പോടെയുമാണ്. ഉപാധികളിൽ ഒന്ന് – “സത്യസന്ധ”മാണെങ്കിലും ബാഡ് ബോയ്സ് റിവ്യൂ ഉണ്ണി വ്ലോഗ്സ് യൂട്യൂബ് ചാനലിൽ നിന്നും നീക്കം ചെയ്യും. രണ്ട് – പകരം പ്രൊഡ്യൂസറുടെ അധിക്ഷേപ ഫോൺവിളി അതേപടി ഉണ്ണി സ്വന്തം യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിക്കും. അറിയിപ്പ് ഇതാണ്: ഇനി മുതൽ അബാം നിർമ്മിക്കുന്ന സിനിമകൾ “ഉണ്ണി വ്ലോഗ്സ്” റിവ്യൂ ചെയ്യില്ല.
“അബാമിന്‍റെ സിനിമകള്‍ ഇനിയും കാണും. ഒമര്‍ ലുലുവിന്‍റെ സിനിമകള്‍ ഇനി കാണുന്നില്ല.” ഈ ഫോൺവിളിക്ക് ഏകദേശം ഒരു മാസത്തിന് ശേഷം ഒരു ടെലിഫോൺ അഭിമുഖത്തിൽ ഒച്ച ന്യൂസ് ലെറ്ററിനോട് ഉണ്ണി പറഞ്ഞു.

ഒമര്‍ ലുലു, ബാഡ് ബോയ്സ് എന്ന സിനിമയുടെ സംവിധായകനാണ്. ചിത്രത്തിന്‍റെ പ്രൊഡ്യൂസര്‍ ഉണ്ണിയോട് മോശമായി സംസാരിച്ചതിന് പിന്നാലെ ഒമര്‍ ലുലു സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ ഉണ്ണിയെ പ്രത്യേകം പേരെടുത്ത് വിമര്‍ശിച്ചിരുന്നു.
“വിമര്‍ശിക്കാനേ പാടില്ല എന്ന് പറഞ്ഞ് ഒരാള്‍ ഒരു കാര്യം ചെയ്യുമ്പോള്‍, അത് ഇനി വിമര്‍ശിക്കാനല്ല, പുകഴ്ത്താനാണെങ്കിലും നമ്മള്‍ അത് കാണുന്നില്ല. അബാമിന്‍റെ സിനിമകള്‍ ഇതിന് മുൻപും ഞാന്‍ റിവ്യൂ ചെയ്തപ്പോഴൊന്നും കുഴപ്പങ്ങളുണ്ടായിട്ടില്ല.” – ഒമര്‍ ലുലു സിനിമകള്‍ ഇനി കാണുന്നില്ലെന്ന തീരുമാനം ഉണ്ണി വിശദീകരിക്കുന്നു.
“പ്രൊഡ്യൂസറുടെ തെറിവിളിക്ക് പിന്നിലുള്ള ട്രിഗർ ഒമര്‍ ലുലു ആയിരിക്കും അല്ലേ?” – എന്‍റെ ചോദ്യത്തിന് ഒരു നിമിഷത്തെ മൗനത്തിന് ശേഷം ഉണ്ണി മൂളി: “ങും!”
“പൊളിറ്റിക്കലി കറക്റ്റ്” ആണെന്ന് ആളുകൾ വിശേഷിപ്പിക്കുന്ന, (പൊളിറ്റിക്കലി കറക്റ്റ് അല്ലെന്നാണ് ഉണ്ണി സ്വയം വിശ്വസിക്കുന്നത്.) സമാധാനപ്രിയനായ ഉണ്ണി ഒരു “തെറ്റിദ്ധാരണയാകാം” തെറിവിളിക്ക് പിന്നിലെന്നാണ് യൂട്യൂബിൽ പിന്നീട് എഴുതിയത്.
“ഒരുപാട് പേര് റിവ്യൂ ഇട്ടു. പക്ഷേ, ഒരു ഭീഷണി (അമർഷം പ്രകടിപ്പിച്ചത്) എന്നോട് മാത്രം.” – ഉണ്ണി യൂട്യൂബ് ചാനലിൽ എഴുതി. ഉണ്ണിക്ക്, ഇതിലെ “ഒരുപാട് പേർ” “കോൾ മീ ഷസാം”, “തിരുവന്തോരൻ” എന്നീ യൂട്യൂബ് ചാനലുകളാണ്. ഇതിൽ ഷസാമിനെ ഒമർ ലുലു ഉണ്ണിയെ വിമർശിച്ച അതേ വീഡിയോയിൽ പരാമർശിച്ചിരുന്നു.
ഭീഷണി കോളുകൾ പുതിയ സംഭവമല്ലെന്നാണ് അഞ്ച് വർഷമായി യൂട്യൂബിൽ സിനിമാ റിവ്യൂ ചെയ്യുന്ന ഉണ്ണി പറയുന്നത്. “രണ്ടു മൂന്ന് മാസത്തിലൊരിക്കലായിരിക്കും ഭീഷണി വരുന്നത്. ഭീഷണിയേക്കാൾ കൂടുതൽ അപേക്ഷയാണ് വന്നിട്ടുള്ളത്. ‘എന്തെങ്കിലും ഒന്ന് ചെയ്യാൻ പറ്റുമോ, ഒന്ന് മാറ്റാൻ പറ്റുമോ’ അങ്ങനെയൊക്കെ.”
5.2 ലക്ഷം പേർ സബ്സ്ക്രൈബ് ചെയ്യുന്ന മൺസൂൺ മീഡിയ എന്ന യൂട്യൂബ് ചാനലും ബാഡ് ബോയ്സ് റിവ്യൂ ചെയ്തില്ല. ഇതിന് പിന്നിൽ എന്തെങ്കിലും ഭീഷണിയാണെന്ന് പറയുന്നില്ലെങ്കിലും സിനിമ റിവ്യൂ നൽകുന്ന സമ്മർദ്ദത്തെക്കുറിച്ച് മൺസൂൺ മീഡിയയുടെ മുഖം, സുധീഷ് പയ്യന്നൂരിന് പറയാതിരിക്കാനാകുന്നില്ല.
“ആളുകൾ പറയുമ്പോൾ, ഇവൻ കാരണം എന്‍റെ സിനിമ നശിച്ചു എന്നുള്ള ഒരു സാധനം എനിക്ക് ഏറ്റെടുത്ത് കൊണ്ടുപോകാൻ വയ്യ. ഞാൻ ദുർബലനായ ഒരു മനുഷ്യനാണ്.” – വളരെ സൗമ്യനായി സംസാരിക്കുന്ന സുധീഷ് പറയുന്നു.
“അതിനർത്ഥം നമ്മൾ (റിവ്യൂകളിൽ) ഡൈല്യൂട്ട് ആയെന്നല്ല, ഞാൻ ഈ കഴിഞ്ഞ ഒരു മാസത്തിനിടയ്ക്ക് നാലഞ്ച് മലയാള സിനിമകൾ കണ്ടിട്ട് മിണ്ടാതിരുന്നിട്ടുണ്ട്. പറഞ്ഞുകഴിഞ്ഞാൽ ചിലപ്പോൾ അത്രയും മോശമായിട്ട് പറയേണ്ടി വരും.”
ബാഡ് ബോയ്സ് റിവ്യൂ ചെയ്യാതിരുന്ന മറ്റൊരു പ്രമുഖ യൂട്യൂബ് നിരൂപകൻ അശ്വന്ത് കോക്ക് ആണ്. സുഹൃത്തായ അശ്വന്ത് കോക്കിനോട് ബാഡ് ബോയ്സ് റിവ്യൂ ചെയ്യേണ്ട എന്ന് താൻ തന്നെയാണ് പറഞ്ഞതെന്ന് ഒമർ ലുലു വീഡിയോയിൽ പറഞ്ഞിരുന്നു. ഇക്കാര്യം അശ്വന്ത് ഇതുവരെ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.
“ആരെങ്കിലും ചോദിച്ചാലല്ലേ എനിക്ക് മറുപടി പറയാൻ പറ്റൂ.” – ഈ വിഷയം അഭിമുഖീകരിച്ച് അശ്വന്ത് പറയുന്നു.
“ഒമറിനെ എനിക്ക് 2015 മുതൽ അറിയാം. എഫ്.എഫ്.സി മുതൽ എനിക്ക് അടുപ്പമുള്ളയാളാണ്. ആ സിനിമ റിവ്യൂ ചെയ്യുന്നെങ്കിൽ ഞാനത് നൂറു ശതമാനം സത്യസന്ധമായി ചെയ്യേണ്ടേ. ഒമറിന്‍റെ പടത്തിന്‍റെ സ്റ്റാറ്റസ് അനുസരിച്ച് അറിയാമല്ലോ…” ഒരു ചിരിക്ക് ശേഷം അശ്വന്ത് തുടരുന്നു. “ഞാന്‍ ഇങ്ങനെയാകുന്നതിന് മുൻപ് എന്നെ റെസ്പെക്റ്റ് ചെയ്ത വ്യക്തിയാണ് ഒമര്‍. “ചങ്ക്സ്” മുതൽ അങ്ങനെയാണ്. ഒന്നുമല്ലാത്ത സമയത്ത് നമ്മളെ കെയര്‍ ചെയ്ത ഒരാളോട് വ്യക്തിപരമായി അങ്ങനെ ചെയ്യാന്‍ …അത് ശരിയല്ലല്ലോ. ഒമറിന് ശേഷം ഞാന്‍ സിനിമാക്കാരോട് ആരോടും ബോധപൂര്‍വ്വം അടുക്കാറില്ല. അഞ്ചോ പത്തോ ഒമര്‍ ലുലു വന്നാൽ പിന്നെ ഈ പണി നടക്കില്ലല്ലോ. ഈ ബന്ധം എനിക്ക് ടൈം ട്രാവൽ ചെയ്ത് മാറ്റാനുമാകില്ലല്ലോ.”
മൂന്നര ലക്ഷം പേർ സബ്സ്ക്രൈബ് ചെയ്യുന്ന, സ്വന്തം പേരിൽ തന്നെ ചാനൽ നടത്തുന്ന അശ്വന്ത് കോക്ക് ദാക്ഷിണ്യമില്ലാത്ത നിരൂപകനാണ്. അതുകൊണ്ട് തന്നെ സിനിമാക്കാരുടെ സ്ഥിരം തലവേദനയുമാണ്.
മമ്മൂട്ടിയെയും മോഹൻലാലിനെയും നിശിതമായി വിമര്‍ശിക്കുന്ന അശ്വന്ത് കോക്ക് വ്യത്യസ്തനാണ്. മറ്റു ഡിജിറ്റൽ ക്രിയേറ്റർമാരെ പോലെ സ്വന്തമായി സ്റ്റുഡിയോ ഇല്ല. ഹോട്ടൽ മുറികളെ ഓർമ്മിപ്പിക്കുന്ന ഭിത്തികളാണ് വീഡിയോകൾക്ക് പശ്ചാത്തലം.
അശ്വന്തിന്‍റെ ശൈലി കൂടുതലും ആക്ഷേപഹാസ്യമാണ്. മോശം സിനിമകളെ കളിയാക്കും, മുഖം കൊണ്ട് ഗോഷ്ടി കാണിക്കും, കഥാപാത്രങ്ങളെ കളിയാക്കുന്ന വിഗ്ഗ് വെക്കും, സംവിധായകർക്കും താരങ്ങൾക്കും ഇരട്ടപ്പേരുകൾ ഇടും (ബി. ഉണ്ണികൃഷ്ണൻ വളരെ അടുത്തകാലം വരെ “ഉ.ക്രി.”യായിരുന്നു, സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ പൊതുവാൾ ഇപ്പോഴും “കോമൺസ്വോഡ്” ആണ്). തമ്പ്നെയിലുകളിൽ ഒന്നോ രണ്ടോ വാക്കിൽ സിനിമയുടെ വിധി പ്രസ്താവിക്കും. ഇത് സിനിമാപ്രവര്‍ത്തകരെ ചൊടിപ്പിക്കുന്നു.

“സിനിമാക്കാർ എന്ന് പറഞ്ഞാൽ മറ്റ് തൊഴിലിടങ്ങളിലെ ആളുകളെ പോലെ തന്നെ. അവർ ജോലി ചെയ്യുന്നു, നമ്മൾ കാണുന്നു, നമ്മളെ എന്റർടെയ്ൻ ചെയ്യുന്നു, നമ്മൾ അവർക്ക് പെയ്മെന്റ് കൊടുക്കുന്നു. അത്രേയുള്ളൂ.” – ഹേമ കമ്മിറ്റി റിപ്പോർട്ട് അവലോകനം ചെയ്ത ഒരു വീഡിയോയിൽ അശ്വന്ത് ഓർമ്മിപ്പിക്കുന്നു.
മെയ് 2024-ൽ മമ്മൂട്ടി നായകനായ “ടർബോ”യുടെ അശ്വന്ത് കോക്കിന്‍റെ റിവ്യൂ വീഡിയോക്ക് എതിരെ മമ്മൂട്ടിയുടെ തന്നെ നിർമ്മാണക്കമ്പനിയായ മമ്മൂട്ടി കമ്പനി പകർപ്പവകാശ ലംഘനത്തിന് യൂട്യൂബിന് പരാതി നൽകി. വീഡിയോയുടെ തമ്പ്നെയിലിലെ സിനിമയുടെ പോസ്റ്റർ ചൂണ്ടിക്കാണിച്ചായിരുന്നു പരാതി. യൂട്യൂബ് വീഡിയോ നീക്കി. പിന്നാലെ തമ്പ്നെയിൽ ഇല്ലാതെ അശ്വന്ത് കോക്ക് വീണ്ടും വീഡിയോ അപ് ലോഡ് ചെയ്തു. വീഡിയോയുടെ ടൈറ്റിലിൽ എഴുതി: Turbo Review Repost | Zero Thumbnail | For MammattyKampany (ടര്‍ബോ റിവ്യൂ റീ പോസ്റ്റ് | പൂജ്യം തമ്പ്നെയിൽ | മമ്മട്ടികമ്പനിക്ക് വേണ്ടി.) ഇതുവരെ ആ വീഡിയോ കണ്ടത് 597,181 പേർ. കമന്റുകൾ 6,661.
സ്വന്തം ശൈലിയെക്കുറിച്ച് 2023 സെപ്റ്റംബർ 18-ന് പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ അശ്വന്ത് കോക്ക് വിശദീകരിക്കുന്നു:
“ഞാൻ ഇൻഡെപ്ത് ആയിട്ട് റിവ്യൂ ചെയ്യുന്ന ആളല്ല. …എന്‍റെ വീഡിയോ കാണുന്ന ഒരാൾക്ക് ആ സിനിമ, എന്താണെന്ന് പെട്ടന്ന് മനസ്സിലാകണം. സിമ്പിളായിട്ട്… ഏതൊരു സാധാരണക്കാരനും അത്ര എജ്യുക്കേറ്റഡ് അല്ലാത്ത ഒരാൾക്കും മനസ്സിലാകണം. അല്ലാതെ ഒരു സിനിമ കണ്ട് അതിന്റെ കലൈഡോസ്കോപിക് റീഡിങ് നടത്തി അതിന്‍റെ വേരിയസ് പെഴ്സ്പെക്റ്റീവ്സ് ആൻഡ് സിനാരിയോസ് നോക്കി, അതിന്‍റെ പൊളിറ്റിക്കൽ, സൈക്കോളജിക്കൽ, ഹിസ്റ്റോറിക്കൽ… ഇതൊക്കെ നോക്കി സെമിനാർ പ്രസന്‍റ് ചെയ്യുന്നത് പോലെ റിവ്യൂ ചെയ്ത് കഴിഞ്ഞാൽ ഒരു പട്ടിക്കുഞ്ഞ് പോലും കാണൂല്ല.”
മറ്റൊരു വീഡിയോയിൽ എന്തുകൊണ്ട് താൻ റിവ്യൂ ചെയ്യുന്നു എന്ന് കൂടെ അശ്വന്ത് വിശദമാക്കുന്നുണ്ട്.
“എല്ലാവരും എന്തുകൊണ്ട് അത് (റിവ്യൂ) പറയുന്നില്ല എന്ന് ചോദിച്ചാൽ, എല്ലാവർക്കും അത് പറയാൻ അറിയില്ല. രണ്ടാമത് അവർ പറഞ്ഞാൽ റീച്ച് ഇല്ല. …അപ്പോൾ സ്വാഭാവികമായിട്ടും എന്നെപ്പോലെയുള്ള ആളുകൾ സിനിമ കണ്ട്, എന്റെ അഭിപ്രായം സത്യസന്ധമായി പറയുന്ന സമയത്ത് അതുമായിട്ട് അവർക്ക് ഭയങ്കര റിലേറ്റബിൾ ആയിട്ട് തോന്നും.”
2
1928-ലാണ് മലയാളത്തിലെ ആദ്യ സിനിമ “വിഗതകുമാരൻ” പുറത്തിറങ്ങിയത്. അടുത്ത 22 വർഷങ്ങൾക്കിടെ 12 സിനിമകൾ കൂടെ ഇറങ്ങി. 1950-ൽ ആറ് സിനിമകളാണ് മലയാളത്തിലിറങ്ങിയത്. അതുവരെ ഒരു വർഷം ഒരു മലയാള സിനിമ മാത്രമേ നിർമ്മിച്ചിരുന്നുള്ളൂ. ഇതേ കാലയളവിൽ തന്നെ സിനിമയെന്നപോലെ നിരൂപണങ്ങളും സാധാരണമായിരുന്നു. കാരണം, മലയാള ചിത്രങ്ങളെക്കാൾ വിദേശ സിനിമകളും ഹിന്ദി സിനിമകളും പ്രദർശനത്തിന് എത്തിയിരുന്നു.
1950 ഏപ്രിലിൽ മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് സോവിയറ്റ് യൂണിയനിൽ നിർമ്മിച്ച “ലെനിൻ” എന്ന സിനിമയെക്കുറിച്ചുള്ള നിരൂപണം നൽകിയിട്ടുണ്ട്. “സോവിയറ്റ് റഷ്യയിലെ ഫിലിം നിർമ്മാതാക്കൾ സോവിയറ്റ് റിപ്പബ്ലിക്കിന്റെ സ്ഥാപകനായ ലെനിന്റെ ഒരൊന്നൊന്നര ജീവചരിത്രം ഇപ്പോൾ സിനിമാലോകത്തിന്നു സംഭാവന ചെയ്തിരിക്കുന്നു.”
തെക്കൻ കേരളത്തിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന മലയാളരാജ്യം 1950-ൽ മലയാള സിനിമയുടെ വളർച്ചയെക്കുറിച്ച് എഴുതി: “ഇതുവരെ മലയാളത്തിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ചലച്ചിത്രങ്ങൾ നിശിതമായി നിരൂപണം ചെയ്യപ്പെട്ടിട്ടുണ്ട്. മലയാള ചിത്രങ്ങൾ കൂടുതൽ നന്നാകണമെന്ന സദുദ്ദേശം കൊണ്ടുമാത്രമാണ് നിരൂപകലോകം നിർദാക്ഷിണ്യം അവയെ വിമർശിച്ചിട്ടുള്ളതും.”
1950 ഏപ്രിലിൽ തിക്കുറിശ്ശി സുകുമാരൻ നായർ ആദ്യമായി അഭിനയിച്ച “സ്ത്രീ” സിനിമ പുറത്തിറങ്ങിയപ്പോൾ മലയാളരാജ്യത്തിൽ ഒരു മുഴുവൻ പേജ് പരസ്യമുണ്ടായിരുന്നു. പരസ്യത്തിന്റെ ഒത്തനടുവിൽ തിക്കുറിശ്ശി. മുകളിൽ പരസ്യവാചകം, “കേരളക്കരയിൽ നാടകലോകത്തിൽ അതിപ്രശസ്തി സമ്പാദിച്ച സുപ്രസിദ്ധ കലാകാരനായ തിക്കുറിശ്ശി സുകുമാരൻ നായരാൽ വിരചിതമായ…”
അടുത്ത താളിൽ രാധകൃഷ്ണൻ തേവള്ളി നിരൂപണത്തിൽ എഴുതി: “തിക്കുറിശി സുകുമാരൻ നായരുടെ അഭിനയം വളരെ ഭേദമായിട്ടുണ്ട്. …ശ്രീമതി ചെല്ലമ്മ അത്ര വളരെ നന്നായിട്ടില്ലെങ്കിലും മോശമാകാതെ ശ്രമിച്ചിട്ടുണ്ട്. ശ്രീ. അരവിന്ദാക്ഷമേനോൻ അത്ര നന്നായിട്ടില്ല. കേരളജനനിയുടെ സൗന്ദര്യം അതേപോലെ പകർത്തിക്കാണിക്കുന്ന രംഗങ്ങൾ പലതും ഇതിലുണ്ട്. പക്ഷെ, കേരളക്കരയിലെ ഒരു കൊടുംകാട്ടിൻ നടുവിൽ ആഫ്രിക്കയിലെ നൈൽ നദിയിൽ ജീവിക്കുന്ന നീർക്കുതിര വന്നതെങ്ങനെയെന്നറിവില്ല. ഈ ചിത്രത്തിൽ വ്യസനകരമായവിധത്തിൽ പരാജയമടഞ്ഞിട്ടുള്ളത് ശബ്ദഗ്രഹണം മാത്രമാണ്. പക്ഷേ, മലയാളത്തിലെ ഏഴാമത്തെ ചിത്രം മാത്രമാണിതെന്ന വസ്തുത നാം വിസ്മരിക്കരുത്.”
നിരൂപണങ്ങളെക്കുറിച്ച് അന്നും പൂർണ്ണമായ യോജിപ്പ് എല്ലാവർക്കും ഉണ്ടായിരുന്നില്ല. പുതുതായി ആരംഭിച്ച ഒരു സിനിമാ മാസികയെ സ്വാഗതം ചെയ്ത് മലയാളരാജ്യം എഴുതുന്നു: “എറണാകുളത്ത് നിന്ന് പുറപ്പെടുന്ന ഫിലിംമാസിക ഈ വഴിക്ക് സ്തുത്യർഹമായ സേവനമാണ് നിർവഹിക്കുന്നതെന്നു പറയാൻ സന്തോഷമുണ്ട്. …ലേഖനങ്ങളും നിരൂപണങ്ങളും പൊതുവെ ആസ്വാദ്യങ്ങളാണെന്നു പറയാം. ചില പ്രതിപാദനങ്ങൾ നിഷ്പക്ഷ നിരീക്ഷണങ്ങളാണെന്നോ സൃഷ്ടിപരമായ നിർദേശങ്ങളാണെന്നോ പറയാൻ നിവൃത്തിയില്ലെങ്കിലും ഇവ സിനിമാവ്യവസായത്തിനു പ്രോത്സാഹജനകങ്ങളാണ്.”
1950-60 കാലഘട്ടത്തിൽ കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന സിനിമാ മാസികകളിലൂടെയാണ് നിരൂപണം ജനകീയമാകുന്നതെന്നാണ് ജേണലിസ്റ്റും ചരിത്രകാരനും ആദ്യകാല ക്രിട്ടിക്കുകളിൽ ഒരാളായ ഗോപാലകൃഷ്ണൻ ചേലങ്ങാടിന്റെ മകനുമായ സാജു ചേലങ്ങാട് പറയുന്നത്.
“ആദ്യകാല നിരൂപകരുടെ പൊതുവായ ശൈലി ആക്രമണമായിരുന്നു. അന്ന് ലോക ക്ലാസിക്കുകൾ കണ്ടിട്ടും സിനിമയെക്കുറിച്ചുള്ള പുസ്തകങ്ങൾ വായിച്ചിട്ടും ഒക്കെയാണ് എഴുതിയിരുന്നത്. പ്രേം നസീറിന് അഭിനയം അറിയില്ല, അയാൾ സ്കൂൾ കുട്ടികളുടെ നാടകത്തിൽ അഭിനയിച്ച് പഠിക്കട്ടെ എന്നൊക്കെ അച്ഛൻ എഴുതിയിട്ടുണ്ട്. നിർദയമായിരുന്നു അന്നത്തെ റിവ്യൂ.” – സാജു ചേലങ്ങാട് ഒച്ച ന്യൂസ് ലെറ്ററിനോട് പറഞ്ഞു.
സിനിമ നിരൂപണത്തിന് മലയാളത്തിൽ കൃത്യമായ ദിശാബോധം ഉണ്ടാകുന്നത് മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് നിരൂപണത്തിനായി ഒരു പംക്തി ആരംഭിക്കുമ്പോഴാണെന്നാണ് മുൻ ചിത്രഭൂമി എഡിറ്ററും സംവിധായകനുമായ പ്രേംചന്ദ് പറയുന്നത്.
“സിനിക്ക്, കോഴിക്കോടൻ, നാദിർഷ, അശ്വതി തുടങ്ങിയ ആളുകളാണ് ആദ്യകാലത്ത് അത് ചെയ്തിരുന്നത്. ക്രിട്ടിക്കലായ നിലപാടുകളാണ് അവരന്നും എടുത്തിരുന്നത്. അതിന്റെ പേരിൽ കോഴിക്കോടന് ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട്. ആളുകൾ വിളിച്ചിട്ട് ഭീഷണിപ്പെടുത്തൽ ഉണ്ടായിട്ടുണ്ട്. അവർ തന്നെ അതേക്കുറിച്ച് പിന്നീട് എഴുതിയിട്ടുമുണ്ട്.”
1990-കളിലാണ് സിനിമാ നിരൂപണം ഇല്ലാതാകുന്നതെന്നാണ് പ്രേംചന്ദ് നിരീക്ഷിക്കുന്നത്. ആഗോളവൽക്കരണമാണ് സിനിമാ നിരൂപണത്തെ ബാധിച്ചതെന്നാണ് അദ്ദേഹത്തിന്റെ വാദം.
“1990-ന്റെ തുടക്കംവരെ നമുക്ക് സൂപ്പർതാരങ്ങൾ ആയിട്ടില്ല. താരങ്ങളുണ്ടായിരുന്നു. പ്രേം നസീർ, സത്യൻ, ജയൻ ഉണ്ടായിരുന്നു. അവരെക്കുറിച്ചുള്ള ഗോസിപ്പുകൾ ഉണ്ടായിരുന്നു. പക്ഷേ, അവരെക്കുറിച്ച് വിമർശനങ്ങളുമുണ്ടായിരുന്നു. പക്ഷേ, 1990-കളോടെ എന്തെഴുതണം എന്നതിന്റെ ടേംസ് ആൻഡ് കണ്ടീഷൻസ് മൂലധനം തീരുമാനിക്കാൻ തുടങ്ങി. മാധ്യമങ്ങൾക്ക് മുകളിൽ അവർക്ക് അപ്പർഹാൻഡ് വന്നു.”
പ്രേംചന്ദ് തുടരുന്നു: “എനിക്കിപ്പോഴും ഓർമ്മയുണ്ട്, ഞാൻ മാതൃഭൂമിയുടെ താരാപഥം എന്നൊരു കോളം കൈകാര്യം ചെയ്തിരുന്നു. അതിൽ ഓണസിനിമകളെക്കുറിച്ചുള്ള ഒരു അനാലിസിസ് ചെയ്തിരുന്നു. അതിൽ കുറച്ച് ക്രിട്ടിക്കലായ ഒരു പരാമർശം വന്നപ്പോൾ ചലച്ചിത്ര നിർമ്മാതാക്കളും സിനിമാസംവിധായകരും മാതൃഭൂമി മാനേജിങ് ഡയറക്ടറെ വീട്ടിൽപോയി കണ്ടു.”
മാതൃഭൂമിക്ക് നൽകുന്ന പരസ്യം തടയും എന്നതായിരുന്നു ഭീഷണി. അധികം വൈകാതെ പരസ്യവകുപ്പ് മാനേജർ വഴി പ്രേംചന്ദിന് ഒരു ഫോൺകോൾ ലഭിച്ചു.
“നിങ്ങളുടെ കോളം വളരെ ഗംഭീരമാകുന്നുണ്ട്, പക്ഷേ ഒരു ഭീഷണി വന്നിട്ടുണ്ട്. പത്രസ്വാതതന്ത്ര്യത്തിന്റെ കാര്യത്തിൽ ഞാൻ ഇടപെടുകയാണെന്ന് കരുതരുത്, ഞാൻ ഒരു ഗ്രൗണ്ട് റിയാലിറ്റി നിങ്ങളെ അറിയിക്കുകയാണ്. ഒന്നരക്കോടിയുടെ പരസ്യം ഒഴിവാക്കുമെന്നാണ് അവർ പറയുന്നത്.”
ആ ഫോൺവിളി വളരെ സൗഹൃദപരമായ ഭാഷയിലായിരുന്നു എന്ന് പ്രേംചന്ദ് ഓർമ്മിക്കുന്നു. “പക്ഷേ, ഒരു ജേണലിസ്റ്റിന് കൊടുക്കാവുന്ന പരമാവധി ഭീഷണിയാണത്. കോളം മുന്നോട്ടു കൊണ്ടുപോകാൻ പറ്റില്ല എന്നു തന്നെയാണ് ആ പറഞ്ഞതിന് അർത്ഥം.”
2000-ത്തോട് അടുത്തപ്പോൾ ആഴ്ച്ചപ്പതിപ്പിൽ കോഴിക്കോടന്റെ നിരൂപണ പംക്തി പൂർണമായും നിലയ്ക്കുകയും ചെയ്തെന്ന് പ്രേംചന്ദ് ഓർമ്മിക്കുന്നു.
3
ഇംഗ്ലീഷിൽ മലയാള സിനിമകളുടെ റിവ്യൂ എഴുതുന്ന ലെൻസ് മെൻ റിവ്യൂസ് എഡിറ്റർ അശ്വിൻ ഭരദ്വാജ് 2012 മുതൽ നിരൂപണം ചെയ്യുന്നുണ്ട്. സോഷ്യൽ മീഡിയയാണ് സിനിമകളെക്കുറിച്ചുള്ള ചർച്ചകളും നിരൂപണങ്ങളും ഒരിടവേളക്ക് ശേഷം സജീവമാക്കിയതെന്നാണ് അശ്വിൻ നിരീക്ഷിക്കുന്നത്.
ഇതേ സമയത്ത് തന്നെയാണ് സൂപ്പർതാരങ്ങളെ ആശ്രയിക്കാതെ, തിരക്കഥയ്ക്കും സാങ്കേതികവിദ്യക്കും കൂടുതൽ പ്രാധാന്യം നൽകിയ പരീക്ഷണ സിനിമകളിറങ്ങിയ 2010-ലെ “ന്യൂജെൻ” സിനിമകളും സംഭവിക്കുന്നത്.
“ഫേസ്ബുക്ക് എല്ലാവർക്കും ഒരു പുതിയ സ്പേസ് ആയിരുന്നു. ഫേസ്ബുക്ക് പേജുകൾ പ്രചാരത്തിലായതോടെ ആളുകൾക്ക് അഭിപ്രായങ്ങൾ എക്സ്പ്രസ് ചെയ്യാമെന്നായി. അതിന് ശേഷം ഗ്രൂപ്പുകളിൽ ആളുകൾ സിനിമയെക്കുറിച്ച് എഴുതിത്തുടങ്ങി. സിനിമകളെ പ്രകീർത്തിച്ച് മാത്രം പറയേണ്ടതില്ല എന്ന് ആളുകൾക്ക് തോന്നിത്തുടങ്ങിയപ്പോൾ അത് മറ്റു മീഡിയയിലേക്കും റിഫ്ലക്റ്റ് ചെയ്തു തുടങ്ങി.” – അശ്വിൻ പറയുന്നു.
അശ്വിൻ പരാമർശിക്കുന്ന ഈ പ്രതിഫലനം മലയാളത്തിലെ ആദ്യത്തെ തത്സമയ ടെലിവിഷൻ വാർത്താ ചാനലായിരുന്ന ഇന്ത്യാ വിഷനിലെ ബോക്സ് ഓഫീസ് എന്ന പരിപാടിയാണ്. ജേണലിസ്റ്റ് മനീഷ് നാരായണൻ അവതരിപ്പിച്ചിരുന്ന ബോക്സ് ഓഫീസ്, വാണിജ്യ സിനിമകളെ നിർദയം വിമർശിച്ചിരുന്നു. മറുപടിയെന്നോണം ഇന്ത്യാ വിഷനുമായി പൂർണമായും നിസ്സഹകരിക്കാൻ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തീരുമാനിച്ചിരുന്നു.
“2013-ലാണെന്ന് തോന്നുന്നു. …പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അങ്ങനെയൊരു തീരുമാനമെടുക്കുകയും ഒരു കത്തയക്കുകയും ചെയ്തിരുന്നു. ഇനി ഇന്ത്യാ വിഷന് സിനിമയുടെ ക്ലിപ്പിങ്സോ ടേപ്പോ തരുന്നില്ല. കംപ്ലീറ്റ് ബ്ലാങ്കറ്റ് ബാൻ പോലെ.” – വണ്ടർവാൾ മീഡിയ നെറ്റ് വർക്ക് യൂട്യൂബ് ചാനലിന് 2021-ൽ നൽകിയ അഭിമുഖത്തിൽ മനീഷ് പറയുന്നു.
2021 ജൂലൈ 22-ന്, മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത “മാലിക്” എന്ന സിനിമ റിവ്യൂ ചെയ്താണ് അശ്വന്ത് കോക്ക് ചാനൽ ആരംഭിച്ചത്. ഇപ്പോള്‍ പിന്നിലേക്ക് പോയാൽ 35,000 തവണയെ ആ വീഡിയോ ഇതുവരെ യൂട്യൂബിൽ ആളുകള്‍ കണ്ടിട്ടുള്ളൂ (കോക്കിന്റെ “മലൈക്കോട്ടൈ വാലിബന്‍” റിവ്യൂവിന് യൂട്യൂബിൽ 1.2 മില്യൺ വ്യൂസ് ഉണ്ട്.)
രണ്ടു വര്‍ഷം മുൻപ് ഈ വീഡിയോക്ക് കീഴിൽ ഒരാള്‍ ഒരു കമന്റ് എഴുതി: “നിങ്ങളുടെ എല്ലാ വിഡിയോസും ഞാൻ കണ്ടു… എല്ലാം അടിപൊളി … വ്യൂസ് വളരെ കുറവാണല്ലോ.” ഒരു വര്‍ഷം മുൻപ് അതിന് മറ്റൊരാള്‍ മറുപടിയെഴുതി –”Kok’s Supremacy (കോക്കിന്റെ ആധിപത്യം.)”
അഭിനയിക്കുകയാണെന്ന് തോന്നിപ്പിക്കുന്ന പ്രകടനങ്ങളെ അശ്വന്ത് “വയ്യ” എന്നാണ് വിളിക്കുന്നത്. പ്രേക്ഷകരുടെ സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന സിനിമകളെ “മലങ്കൾട്ട്” എന്നാണ് വിശേഷിപ്പിക്കുക. തിരക്കഥാകൃത്ത് ഉദയകൃഷ്ണയെയും സംവിധായകൻ ബി. ഉണ്ണികൃഷ്ണനെയും “ഉക്രി” എന്ന് ചുരുക്കി വിളിച്ചത് അവർക്ക് വ്യക്തിഹത്യയാണെന്ന് ബോധ്യപ്പെട്ടപ്പോൾ അശ്വന്ത് തിരുത്തി.
മറ്റൊരു അവസരത്തിൽ നിർമ്മാതാവ് സിയാദ് കോക്കറിന്റെ പരാതിയിൽ, “മാരിവില്ലിൻ ഗോപുരങ്ങൾ” എന്ന സിനിമയുടെ റിവ്യൂ അശ്വന്ത് നിശബ്ദമായി സ്വയം ഡിലീറ്റ് ചെയ്തു.
“ആ റിവ്യൂ മോശമായിട്ട് എനിക്ക് തന്നെ തോന്നിയത് കൊണ്ടാണ് യൂട്യൂബിൽ നിന്നും നീക്കിയത്.” – അശ്വന്ത് പറയുന്നു. “പക്ഷേ, പ്രചരിച്ച കഥ എന്നെ ഗൺപോയിന്‍റിൽ നിര്‍ത്തി ഡിലീറ്റ് ചെയ്യിപ്പിച്ചു എന്നാണ്.”
അശ്വന്ത് കോക്ക് വിരുദ്ധർക്ക് ഇതുവരെ അവകാശപ്പെടാവുന്ന ഏക വിജയമാണത്.
“സിയാദ് കോക്കർ എന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. വീണ്ടും വിളിച്ചപ്പോൾ ഒരു ധാരണയായിരുന്നു ആവശ്യം. അന്ന് എന്‍റെ മൂഡും അത്ര നല്ലതല്ലാത്തത് കൊണ്ടാണ് അതിന്‍റെ പിന്നാലെ പോകാതിരുന്നത്.”
“പൊതുസമൂഹത്തിൽ വൃത്തികേട് വിളിച്ചു പറയുന്നവർക്ക് വ്യൂവർഷിപ്പ് കൂടുതലായിരിക്കും. …സിനിമ റിലീസായതിന് തൊട്ടടുത്ത ദിവസം സംവിധായകനെയും സ്ത്രീകളെയും എന്‍റെ മകളുടെ പേര് തന്നെ പോയിന്‍റ് ഔട്ട് ചെയ്തും പരിഹസിക്കുന്ന കാഴ്ചയാണ് കാണാനായത്. …സിനിമ നശിക്കണമെന്നാണ് അദ്ദേഹത്തിൻ്റെ ഉദ്ദേശം. എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. എന്തുവേണമെങ്കിലും പറയാം. പക്ഷേ ഇത്രയും നീചമായ രീതിയിൽ മിമിക്രി ചെയ്യുന്നത് പോലെ റിവ്യൂ ഇടുന്നതിന് ഞാനെതിരെയാണ്. …ബലത്തിന് ബലം തന്നെ കാണിക്കും. കേസ് നടത്തിയതുകൊണ്ട് ഉടനടി പരിഹാരം ഉണ്ടാകില്ല. അതിന് അതിന്‍റേതായ മാർഗം തേടേണ്ടിവരും. അങ്ങനെയൊരു മാർഗം തേടുമ്പോൾ എന്നെ ജയിലിൽ അടയ്ക്കാം. ക്രിമിനൽ പശ്ചാത്തലത്തിലാകാം ചെയ്യുന്നത്. അതിന് ജാമ്യം കിട്ടുമല്ലോ. എന്നെക്കൊണ്ട് ചെയ്യിപ്പിക്കരുതേ എന്നാണ് എനിക്ക് പറയാനുള്ളത്.” – ഒട്ടും സൗമ്യമായിരുന്നില്ല സിയാദ് കോക്കറിന്‍റെ അന്നത്തെ പ്രതികരണം.
“പുള്ളി (സിയാദ് കോക്കർ) ഒരു പഴയ ഗുണ്ടയായിരുന്നു എന്ന് തോന്നുന്നു…” അശ്വന്ത് ഇപ്പോൾ ആ സംഭാഷണം ഓർത്തെടുക്കുന്നു.
അശ്വന്ത് ഉൾപ്പെടെയുള്ള വ്ലോഗർമാരുടെ സ്വീകാര്യത സ്വാഭാവികമാണെന്നാണ് പ്രേംചന്ദ് പറയുന്നത്.
“അശ്വന്ത് കോക്കും ചെകുത്താനുമൊന്നും (ചെകുത്താൻ മറ്റൊരു യൂട്യൂബറാണ്) വൈൽഡ് അല്ലെന്ന് ഞാൻ പറയുന്നില്ല. അതുണ്ടാകുന്നതിന് എനിക്കൊരു റീസണിങ് ഉണ്ട്. മെയിൻസ്ട്രീം മീഡിയ, എല്ലാ പത്രങ്ങളും എല്ലാ ചാനലുകളും ഇതിന് (സിനിമാ വ്യവസായം) കീഴടങ്ങി. ഈ ശൂന്യതയിൽ നിന്നാണ് ആ വൈൽഡ്നസ് ഉണ്ടാകുന്നത്. സ്പേസ് ഇല്ലാത്ത രീതിയിൽ സിനിമയിലെ മുതലാളിമാർ അടച്ചുകളഞ്ഞ ഒരു സിസ്റ്റത്തിനോടുള്ള ഒരു കൗണ്ടര്‍ വയലൻസ് എന്ന് വേണമെങ്കിൽ അതിനെ വ്യാഖ്യാനിക്കാം.”
‘അശ്വന്ത് കോക്ക് പ്രതിഭാസ’ത്തെ ക്രിട്ടിക്ക് അശ്വിൻ ഭരദ്വാജ് ഇങ്ങനെയാണ് വിശദീകരിക്കുന്നത്: “രാവിലെ സിനിമ കാണാൻ പോയ ഒരു സുഹൃത്തിനെ വിളിച്ചിട്ട് പടം എങ്ങനെയുണ്ടായിരുന്നു എന്ന് ചോദിച്ചു കഴിഞ്ഞാൽ, ആ സുഹൃത്ത് ഒരിക്കലും ഫിൽറ്റർ ഇട്ട്, മയപ്പെടുത്തി ഒന്നുമല്ലല്ലോ പറയുക. പറയാനുള്ളത് പച്ചയ്ക്ക് പറയും ‘പത്ത് പൈസക്ക് കൊള്ളൂല്ല, ആ പരിസരത്തേക്ക് പോകണ്ട.’ അല്ലെങ്കിൽ, ‘സൂപ്പർ പടം, ഒന്നും നോക്കണ്ട, ടിക്കറ്റ് എടുത്തോ.’ അതാണ് അശ്വന്ത് ചെയ്യുന്നത്.”
ഇതോടൊപ്പം മുഖ്യധാര മാധ്യമങ്ങളിലുള്ളവർക്ക് താരങ്ങളോടുള്ള അടുപ്പം അവരുടെ സിനിമാ വിമർശനത്തെ ബാധിക്കുന്നത് അശ്വന്തിനെപ്പോലെയുള്ള ക്രിയേറ്റർമാരുടെ സ്വീകാര്യത കൂട്ടുന്നുണ്ടെന്നാണ് അശ്വിൻ കരുതുന്നത്. ഈ വാദം, പ്രേംചന്ദും ശരിവെക്കുന്നു.
“മനീഷ് നാരായണൻ ഒരുകാലത്ത് വളരെ ക്രിട്ടിക്കലായ ഒരു നിലപാട് എടുത്തിരുന്നു. അവർ ഒരു സ്ഥാപനം തുടങ്ങിയപ്പോൾ അവർക്കതിൽ (റിവ്യൂ) നടത്താൻ പറ്റുന്നുണ്ടോ?” പ്രേംചന്ദ് തുടരുന്നു. “അത്രയുമാണ് ഇൻഡസ്ട്രിയുടെ സമ്മർദ്ദം. നിങ്ങൾ ഇന്ന് മമ്മൂട്ടിയെ, മോഹൻലാലിനെ വിമർശിച്ചാൽ നാളെ അവരുടെ അഭിമുഖം മനീഷ് നാരായണന് അസാധ്യമാണ്. ആ ലൊക്കേഷനിലേക്ക് അടുക്കാനേ പറ്റില്ല. അപ്പോൾ പിന്നെ റിവ്യൂ ഒഴിവാക്കാതെ വേറെ വഴിയില്ല.”
മനീഷ് നാരായണൻ തുടങ്ങിയ സ്ഥാപനം ദി ക്യു ആണ്. വിനോദ, രാഷ്ട്രീയ സംഭവങ്ങൾ റിപ്പോർട്ടു ചെയ്യുന്ന വെബ്സൈറ്റിൽ നിരൂപണങ്ങൾക്ക് ഇടമുണ്ട്. പക്ഷേ, സ്ഥിരമായി സിനിമകൾ നിരൂപണം ചെയ്യുന്നില്ല. ശ്രദ്ധിക്കപ്പെട്ട, പോസിറ്റീവ് റെസ്പോൺസുള്ള സിനിമകൾക്ക് മാത്രമേ നിരൂപണമുള്ളൂ.
വണ്ടർവാൾ മീഡിയ നെറ്റ് വർക്ക് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ദി ക്യു എന്തുകൊണ്ട് നിരൂപണങ്ങൾ ചെയ്യുന്നില്ല എന്ന് അവതാരകൻ ചോദിക്കുന്നുണ്ട്. അതിന് മനീഷ് നൽകുന്ന ഉത്തരം സ്വന്തം സ്ഥാപനത്തിന്റെ എഡിറ്റോറിയൽ ഫിലോസഫിയിൽ ശ്രദ്ധകേന്ദ്രീകരിച്ചത് കൊണ്ട് സിനിമകൾ കാണാൻ കഴിയുന്നില്ല എന്നാണ്.
4
2023 ഒക്ടോബർ 25-ന് കൊച്ചി സിറ്റി പോലീസ് “റാഹേൽ മകൻ കോര”യുടെ സംവിധായകൻ ഉബൈനി ഇബ്രാഹിമിന്റെ പരാതിയിൽ സിനിമക്ക് എതിരെ നെഗറ്റീവ് റിവ്യൂ നൽകിയതിന് കേസ് രജിസ്റ്റർ ചെയ്തു. റിവ്യൂ ബോംബിങ്ങിന്റെ പേരിൽ കേരളത്തിൽ രജിസ്റ്റർ ചെയ്ത ആദ്യ കേസായിരുന്നു അതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
അതേ ദിവസം രാവിലെ കേരളത്തിലെ ഏറ്റവും പ്രചാരമുള്ള രണ്ടാമത്തെ ദിനപത്രം, മാതൃഭൂമി പുറത്തിറങ്ങിയത് ഒന്നാം പേജിൽ “റിവ്യൂ ബോംബിങ്ങിൽ ശതകോടികളുടെ നഷ്ടം” എന്ന സൂപ്പർലീഡുമായാണ്.
“ഇരുണ്ട ലോകത്തെ വില്ലന്മാർ” എന്ന പേരിൽ മാതൃഭൂമി പ്രസിദ്ധീകരിച്ച ഒരു പരമ്പരയുടെ തുടക്കമായിരുന്നു അത്. “നവമാധ്യമ സിനിമാനിരൂപണത്തിലൂടെ മലയാളസിനിമയ്ക്ക് നഷ്ടമാകുന്നത് ശതകോടികൾ” മാതൃഭൂമി വാർത്തയുടെ തുടക്കത്തിൽ എഴുതി. “രണ്ട് വർഷത്തെ മലയാള സിനിമയുടെ കണക്ക് പരിശോധിച്ചാൽ ആകെ വിജയിച്ചത് പത്ത് ചിത്രങ്ങൾ മാത്രം.” അതിന് കാരണം റിവ്യൂവർമാരാണ് എന്നാണ് മാതൃഭൂമിയുടെ കണ്ടെത്തൽ.
ഇതേ പരമ്പരയിലെ മറ്റൊരു ലേഖനത്തിൽ നിർമ്മാതാക്കൾ നൽകിയ കണക്കായി കാണിച്ച് മാതൃഭൂമി ഒരു പട്ടിക അവതരിപ്പിച്ചിരുന്നു. രണ്ട് വർഷത്തിനിടെ റിലീസ് ചെയ്ത സിനിമകളിൽ നെഗറ്റീവ് റിവ്യൂ പ്രതികൂലമായി ബാധിച്ച 10 സിനിമകളുടെയായിരുന്നു ഈ പട്ടിക. സിനിമകൾ ചുവടെ.
- മരക്കാർ-അറബിക്കടലിന്‍റെ സിംഹം
- കിങ് ഓഫ് കൊത്ത
- രാമചന്ദ്രബോസ് ആന്‍റ് കമ്പനി
- ക്രിസ്റ്റഫർ
- ജാനകി ജാനേ
- മേ ഹൂം മൂസ
- കാസർഗോൾഡ്
- വെടിക്കെട്ട്
- കാപ്പ
- പൂവൻ
മലയാളത്തിലെ ഏറ്റവും അധികം മുതൽമുടക്കുള്ള ചിത്രം എന്ന ലേബലിൽ എത്തിയ “മരക്കാർ-അറബിക്കടലിന്‍റെ സിംഹം” 2021 മാർച്ചിൽ പ്രഖ്യാപിച്ച 67-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച ഫീച്ചർ ഫിലിം അവാർഡ് നേടിയിരുന്നു. പക്ഷേ, ഡിസംബറിൽ ചിത്രം തീയേറ്ററിലെത്തിയപ്പോൾ വ്യാപകമായി സോഷ്യൽ മീഡിയയിലും പുറത്തും പരിഹസിക്കപ്പെട്ടു. അശ്വന്ത് കോക്ക്, ഉണ്ണി വ്ലോഗ്സ് എന്നിവർ സിനിമയ്ക്ക് നെഗറ്റീവ് റിവ്യൂവാണ് നൽകിയത്. സമാനമായിരുന്നു മറ്റു മുഖ്യധാര മാധ്യമങ്ങളുടെയും റിവ്യൂ. “ആവേശം ഉണ്ടാക്കാത്ത, ഒരു ചരിത്ര പുരുഷന്‍റെ കഥ” ടൈംസ് ഓഫ് ഇന്ത്യ അഞ്ചിൽ 2.5 റേറ്റിങ് നൽകി എഴുതി. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് പത്രവും നൽകിയത് 2.5 സ്റ്റാർ. “തീർച്ചയായും കുഞ്ഞാലി മരക്കാർക്ക് കുറച്ചുകൂടെ നല്ല ആദരം നൽകണമായിരുന്നു.” ദി ഹിന്ദു എഴുതി.
മാതൃഭൂമി പട്ടികപ്പെടുത്തിയിരിക്കുന്ന ബാക്കി സിനിമകൾക്കും സമാനമായ റേറ്റിങ് ആണ് മാധ്യമങ്ങൾ നൽകിയിരിക്കുന്നത്. ഇതിൽ “രാമചന്ദ്ര ബോസ് ആന്‍റ് കോ” എന്ന സിനിമയ്ക്ക് ഇന്ത്യൻ എക്സ്പ്രസ് നൽകിയ റേറ്റിങ് ഒറ്റ സ്റ്റാർ. “ക്രിസ്റ്റഫറി”നെ ഫിലിം കംപാനിയൻ വിശേഷിപ്പിച്ചത് “ഏറ്റുമുട്ടൽ കൊലകളെ ന്യായീകരിക്കുന്ന, പ്രേക്ഷകരെ 20 കൊല്ലം പിന്നോട്ടടിപ്പിക്കുന്ന ചിത്രം” എന്നാണ്. ടൈംസ് ഓഫ് ഇന്ത്യയും ന്യൂ ഇന്ത്യൻ എക്സ്പ്രസും 2.5 സ്റ്റാർ മാത്രം നൽകിയ “ജാനകി ജാനെ”യുടെ തിരക്കഥ കാലഹരണപ്പെട്ടതാണെന്ന് ലെൻസ്മെൻ എഴുതുന്നു. സുരേഷ് ഗോപിയുടെ “മേ ഹും മൂസ”യ്ക്ക് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും മോശമില്ലാത്ത പിന്തുണയാണ് നൽകിയത്. എന്നാൽ ചിത്രം “ഉഴപ്പൻ പരിപാടി”യായിരുന്നു എന്ന് ദി ഹിന്ദു എഴുതുന്നു. “കാസർഗോൾഡ്” ശരാശരിയാണെന്ന് ഉണ്ണി അവകാശപ്പെട്ടപ്പോൾ, “എന്തായാലും ഇത് 22-കാരറ്റ് ഗോൾഡ് അല്ലെ”ന്ന് ടൈംസ് ഓഫ് ഇന്ത്യയും എഴുതി. “വെടിക്കെട്ടി”ന് ഫസ്റ്റ്പോസ്റ്റ് നൽകിയത് 0.5 സ്റ്റാർ റേറ്റിങ്. “പ്രവചനീയം” എന്ന് ദി ഹിന്ദുവും “വിശ്വസിക്കാൻ പ്രയാസം”എന്ന് ഇന്ത്യൻ എക്സ്പ്രസും “കാപ്പ”യെ വിശേഷിപ്പിക്കുന്നു. “പൂവൻ” എന്ന ചിത്രം ഉണ്ണി വ്ലോഗ്സ് റിവ്യൂ ചെയ്തിട്ടില്ല. “ഒരു മോശം ശ്രമം” എന്നായിരുന്നു ആ ചിത്രത്തെക്കുറിച്ച് ടൈംസ് ഓഫ് ഇന്ത്യ എഴുതിയത്.
മുകളിലെ സിനിമകൾക്കെല്ലാം പോസിറ്റീവ് റിവ്യൂവാണ് മാതൃഭൂമി നൽകിയത്. പൂവൻ സിനിമയുടെ റിവ്യൂ വെബ്സൈറ്റിൽ ലഭ്യമല്ല. ഈ ചിത്രങ്ങളിൽ ഭൂരിപക്ഷത്തിനും നൽകിയിരിക്കുന്ന റേറ്റിങ് 4 ആണ്. ഒരു റിവ്യൂവിലും വിമർശനപരമായ ഒരു വരി പോലുമില്ല.
മുകളിൽ സൂചിപ്പിച്ച ചിത്രങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല ഈ പ്രവണത. മാതൃഭൂമിയുടെ റിവ്യൂ ലാൻഡിങ് പേജ് പരിശോധിക്കാം. സെപ്റ്റംബർ 20-ന് റിലീസ് ചെയ്ത “കുട്ടന്‍റെ ഷിനിഗാമി” മുതൽ പിറകിലേക്ക് 2024 വർഷം പുറത്തിറങ്ങിയ ഒരു സിനിമയ്ക്ക് പോലും മാതൃഭൂമി നെഗറ്റീവ് റിവ്യൂ നൽകിയിട്ടില്ല. അതേ സമയം, ഈ വർഷം മുടക്കുമുതൽ തിരിച്ചു പിടിക്കാൻ എങ്കിലും കഴിഞ്ഞ 10 സിനിമകൾ മാത്രമേ ഇതുവരെ റിലീസ് ചെയ്തതിലുള്ളൂ എന്നാണ് വിവിധ അനൗദ്യോഗിക കണക്കുകൾ.
എല്ലാക്കാലത്തും മാതൃഭൂമിയുടെ മുഖം ഇത്ര സൗമ്യമായിരുന്നില്ല. 2017-ൽ മലയാള സിനിമയെ പിടിച്ചുകുലുക്കിയ, നടി ലൈംഗികമായി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദിലീപിന് എതിരെയുള്ള മാതൃഭൂമി ന്യൂസ് അവതാരകൻ വേണു ബാലകൃഷ്ണന്‍റെ പരാമർശങ്ങൾ വിവാദമായിരുന്നു. ദിലീപിന്‍റെ പേര് ആ സമയത്ത് കേസുമായി ബന്ധപ്പെട്ട് പുറത്ത് ചർച്ചയായിരുന്നില്ല. ടെലിവിഷൻ ചർച്ചയിൽ ദിലീപിന്റെ പേര് വന്നതും പിന്നീട് ദിലീപിനെ പിണക്കുന്ന സമീപനം റിപ്പോർട്ടിങ്ങിൽ സ്വീകരിച്ചതും മാതൃഭൂമിയെ സിനിമാക്കാരിൽ നിന്നും അകറ്റി. മാതൃഭൂമിയിൽ സിനിമാ റിലീസുകളുടെ പരസ്യം വരാതെയായി. അനൗദ്യോഗികമായ ബഹിഷ്കരണമായിരുന്നു അത്. പിന്നീട് നിരന്തരം സൂപ്പർസ്റ്റാർ സിനിമകളെ കീറിമുറിച്ച് മാതൃഭൂമി നടത്തിയ “റിവ്യൂ ബോംബിങ്” മാസങ്ങൾക്ക് ശേഷമാണ് അവസാനിച്ചത്. പരസ്യം ലഭിക്കാത്തതാണ് റിവ്യൂകൾ നെഗറ്റീവ് ആകാൻ കാരണമെന്നത് മാതൃഭൂമി നിഷേധിച്ചിരുന്നു.
“വെളിവില്ലാത്ത കാഴ്ച്ച.” 2017 സെപ്റ്റംബർ രണ്ടിന് കെ. അജിത് കുമാർ, മോഹൻലാൽ ചിത്രം “വെളിപാടിന്‍റെ പുസ്തക”ത്തിന് മാതൃഭൂമിയിൽ എഴുതിയ റിവ്യൂവിന്റെ തലക്കെട്ടാണിത്. “കാമ്പസ് പശ്ചാത്തലത്തിൽ ഒരു ചിത്രമൊരുക്കുമ്പോൾ, തന്‍റെ പഴയ ചിത്രമായ ക്ലാസ്‌മേറ്റ്‌സിന്‍റെ സി.ഡി. ഒന്ന് ഇട്ട് കാണാമായിരുന്നു ലാൽജോസിന്. എന്നാൽ, ഇങ്ങനെയൊരു ദുരന്തം അദ്ദേഹത്തിന്‍റെ കരിയറിൽ സംഭവിക്കില്ലായിരുന്നു.” – നിരൂപകൻ എഴുതുന്നു.
“വഷളത്തരവും വിഡ്ഢിത്തരവും ആവോളം നിറച്ചുവച്ച അടിപിടി സിനിമ. അതാണ് മാസ്റ്റർപീസ്.” 2017 ഡിസംബർ 21-ന് മമ്മൂട്ടി നായകനായ “മാസ്റ്റർപീസ്” നിരൂപണം ചെയ്ത് മാതൃഭൂമിയിൽ ടി. നിർമ്മൽ കുമാർ എഴുതുന്നു. “അഞ്ചോ ആറോ ഫൈറ്റ് മാസ്റ്റർമാരാണ് സിനിമയ്ക്കുവേണ്ടി പ്രവർത്തിക്കുന്നത് എന്നു വാർത്തകളുണ്ടായിരുന്നു. അതുമുതലാക്കാനാണോ എന്നറിയില്ല, നായകന് ഒരു മിനിട്ട് വിശ്രമം പോലും അനുവദിക്കാത്ത തരത്തിലാണ് അടി. ഒന്നുകിൽ സംഘട്ടനം അല്ലെങ്കിൽ സ്ലോമോഷൻ അല്ലെങ്കിൽ കറുത്ത സ്‌കോർപിയോകൾ വരിവരിയായി പോകുന്ന കാഴ്ച. ഇതാണ് രണ്ടരമണിക്കൂറിലേറെയുള്ള സിനിമയുടെ നല്ലൊരു പങ്കും അപഹരിക്കുന്നത്.”
2018 ഡിസംബർ 14-ന് മോഹൻലാലിന്‍റെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായ “ഒടിയൻ” റിവ്യൂവുമായി ടി. നിർമ്മൽ കുമാർ വീണ്ടുമെത്തി. “ഒടിയൻ വിദ്യ പോയിട്ട് വിവേകം പോലുമില്ലാത്ത ഒരു കെട്ടുകാഴ്ചയാണ്. പെട്ടിഓട്ടോയിൽ ഡോണിയർ വിമാനത്തിന്‍റെ ചിറകുകെട്ടിവെച്ചിട്ട് പതിനായിരം ടണ്ണുമായി പറക്കണമെന്ന് പറയുന്നതുപോലെ ശുദ്ധഭോഷ്‌ക്. ഒരു മിത്തിനെ വെറും കോമളിക്കാഴ്ച്ചയാക്കിയ അത്രയും വലിയ ഭോഷ്‌ക്.”
2017 സെപ്റ്റംബറിൽ ക്രിമിനൽ കേസിനും കോലാഹലങ്ങൾക്കും ഇടയിൽ ദിലീപിന്‍റെ സിനിമ “രാമലീല” തീയേറ്ററിൽ എത്തിയപ്പോൾ റിവ്യൂവിനപ്പുറം ചികഞ്ഞുപോകുന്ന ഒരു വിശകലനത്തിൽ മാതൃഭൂമി എഴുതി:
“ആധുനിക ജനാധിപത്യ സമൂഹങ്ങളിൽ വ്യക്തിയുടെ സമൂഹ്യ ഇടപെടലുകളെ കുറ്റകരം/അങ്ങനെയല്ലാത്തത് എന്ന് വിവേചിക്കുന്നത് ഭരണഘടനയുടെയും ആ സമൂഹത്തിൽ നിലനിൽക്കുന്ന നിയമസംവിധാനത്തിന്റെയും അടിസ്ഥാനത്തിലാണ്. പോലീസ്, കോടതി, ജയിൽ തുടങ്ങിയ നിയമം നടപ്പാക്കുന്നതിനുള്ള സാമൂഹ്യ സംവിധാനങ്ങളുടെ ശരിയായ നടത്തിപ്പിലൂടെയാണ് ജനാധിപത്യവ്യവസ്ഥയിൽ നീതി നടപ്പാകുന്നത്. എന്നാൽ കുറ്റം, ശിക്ഷ എന്നത് പലപ്പോഴും കറുപ്പും വെളുപ്പും പോലെ വിരുദ്ധമായ രണ്ട് കാര്യങ്ങളാവണമെന്നില്ല. വേർതിരിച്ചെടുക്കാൻ എളുപ്പമല്ലാത്തവിധം ഇടകലർന്നതുമാകാം. എന്തായാലും കുറ്റവാളി തിരിച്ചറിയപ്പെടുകയും അയാൾ ശിക്ഷിക്കപ്പെടുകയും ചെയ്യുമ്പോഴാണ് നിയമവ്യവസ്ഥയും അതുവഴി ജനാധിപത്യ സംവിധാനവും സാർഥകമാകുന്നത് എന്നാണ് നാം കരുതുന്നത്. ആ നിലയ്ക്ക് നോക്കുമ്പോൾ, നിലനിൽക്കുന്ന നീതിനിർവഹണ സംവിധാനങ്ങളെ കൊഞ്ഞനംകുത്തുന്ന രാഷ്ട്രീയമാണ് സിനിമ മുന്നോട്ടുവയ്ക്കുന്നത്.”
വിവാദങ്ങൾക്കിടെ അന്നത്തെ മാതൃഭൂമി ജോയിന്‍റ് മാനേജിങ് ഡയറക്ടർ എം.വി ശ്രേയാംസ്കുമാർ, ന്യൂസ് മിനിറ്റിനോട് പറഞ്ഞു. “സിനിമ റിവ്യൂകൾ പി.ആർ ക്യാംപെയ്നുകൾ അല്ലല്ലോ? വസ്തുനിഷ്ഠമായ പക്ഷപാതമില്ലാത്ത നിരൂപണങ്ങൾ പ്രസിദ്ധീകരിക്കുന്നതിലാണ് ഞങ്ങൾ വിശ്വസിക്കുന്നത്. വായനക്കാരോടുള്ള ഞങ്ങളുടെ ആദ്യത്തെ കടമയാണത്.”
5
മലയാള സിനിമകളെ പരാജയപ്പെടുത്തുന്നു, ബോക്സ് ഓഫീസ് കളക്ഷനെ ഗുരുതരമായി ബാധിക്കുന്നു, എന്നിവയാണ് ഓൺലൈൻ റിവ്യൂവർമാർക്ക് എതിരെ മുഖ്യധാര മാധ്യമങ്ങളും സിനിമാ നിർമ്മാതാക്കളും ഉന്നയിക്കുന്ന പ്രധാനപ്പെട്ട രണ്ട് ആരോപണങ്ങൾ.
“ആറുകോടി മുടക്കിയിറക്കിയ സിനിമയുടെ ഒന്നാംദിവസം തന്റെ വിഹിതമായി പിരിഞ്ഞുകിട്ടുമെന്ന് നിർമാതാവ് വിചാരിക്കുന്ന ഏറ്റവും കുറഞ്ഞ തുക 16 ലക്ഷമാണ്. പക്ഷേ, രണ്ടാംദിവസം നവമാധ്യമങ്ങളിൽ റിവ്യൂ പ്രത്യക്ഷപ്പെടുന്നതോടെ ഈ തുക നേരെ പാതിയായി കുറയുന്നു. മൂന്നാംദിവസമാകുന്നതോടെ രണ്ടുലക്ഷത്തിലേക്ക് നിർമാതാവിന്റെ പ്രതിദിനഷെയർ കൂപ്പുകുത്തും.” – മാതൃഭൂമി എഴുതുന്നു.
സ്വന്തം കണക്ക് അനുസരിച്ച് ഒരു മാസം പത്ത് സിനിമകൾ ഇറങ്ങിയാൽ അഞ്ചെണ്ണവും നെഗറ്റീവ് റിവ്യൂ മൂലം നഷ്ടത്തിലാണെന്നാണ് മാതൃഭൂമി വിശകലനം പറയുന്നത്.
പക്ഷേ, യൂട്യൂബ് റിവ്യൂകൾ ജനകീയമാകുന്ന കാലത്തിന് മുൻപ് എല്ലാ സിനിമകളും വിജയിക്കുന്ന ഉട്ടോപ്യ ആയിരുന്നോ മലയാള സിനിമാ വ്യവസായം? 2018-ൽ “96” എന്ന തമിഴ് സിനിമയുടെ റിവ്യൂ ചെയ്താണ് ഉണ്ണി വ്ലോഗ്സ് സിനിഫൈൽ നിരൂപണം ആരംഭിക്കുന്നത്. അശ്വന്ത് കോക്ക് ആകട്ടെ 2021-ലാണ് റിവ്യൂ തുടങ്ങുന്നത്.
മലയാളത്തിലെ സിനിമകളുടെ വിജയപരാജയങ്ങളെക്കുറിച്ച് ആധികാരികമായി വിവരം നൽകുന്ന റിസോഴ്സുകള്‍ ഇന്‍റര്‍നെറ്റിൽ അധികമില്ല. എങ്കിലും 2015 മുതൽ 2018 വരെയുള്ള വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ അപഗ്രഥിച്ചാൽ, യൂട്യൂബ് റിവ്യൂവര്‍മാര്‍ക്ക് മുൻപുള്ള കാലഘട്ടത്തിലെ മലയാള സിനിമാ മേഖലയുടെ സ്വഭാവം മനസ്സിലാക്കാവുന്നതേയുള്ളൂ. ഇതനുസരിച്ച് ഓരോ വർഷവും മലയാളത്തിൽ ശരാശരി 120-130 സിനിമകളാണ് ഇറങ്ങുന്നത്. ഇവയിൽ ബോക്സ് ഓഫീസ് വിജയം നേടുന്നത് പരമാവധി 20 ചിത്രങ്ങളാണ്. സൂപ്പർസ്റ്റാർ ചിത്രങ്ങൾക്ക് പോലും വിജയം സുനിശ്ചിതമല്ല.
യൂട്യൂബിൽ റിവ്യൂ തുടങ്ങുന്നതിന് മുൻപ്, 2015 മുതൽ 2018 വരെയുള്ള കാലയളവിൽ മോഹൻലാൽ അഭിനയിച്ച 16 സിനിമകളിൽ ശരാശരിക്ക് മുകളിൽ എന്ന് ക്രിട്ടിക്സ് അഭിപ്രായപ്പെട്ടതോ ബോക്സ് ഓഫീസ് കളക്ഷൻ നേടിയതോ ആയ നാല് സിനിമകളേയുള്ളൂ – ഒപ്പം, പുലിമുരുകൻ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, കായംകുളം കൊച്ചുണ്ണി. സമാനമാണ് മമ്മൂട്ടിയുടെ ചിത്രങ്ങളും. ഇതേ കാലയളവിൽ 19 സിനിമകളിൽ മമ്മൂട്ടി അഭിനയിച്ചു. ശ്രദ്ധിക്കപ്പെട്ടവ ഭാസ്കർ ദി റാസ്കൽ, പത്തേമാരി, ദി ഗ്രേറ്റ് ഫാദർ എന്നിവ മാത്രം.
“റിവ്യൂ ബോംബിങ്” അല്ല മലയാളത്തിലെ യഥാർത്ഥ പ്രശ്നം “റിലീസ് ബോംബിങ്” ആണെന്നാണ് അശ്വിൻ ഭരദ്വാജ് എഴുതുന്നത്. 2023-ലെ കാര്യം മാത്രം പരിഗണിക്കാം. ജനുവരി മുതൽ ഒക്ടോബർ വരെ 207 സിനിമകൾ മലയാളത്തിൽ ഇറങ്ങിയെന്നാണ് ലെൻസ്മെൻ വിശകലനം പറയുന്നത്. അതായത് ഒരോ വാരാന്ത്യവും ശരാശരി 4-5 സിനിമകൾ ഇറങ്ങുന്നു.

“ഒ.ടി.ടി കണ്ട് ചെയ്തുവച്ച സിനിമകൾ ഇറങ്ങി ഇനിയും തീർന്നിട്ടില്ല.” അശ്വിൻ പറയുന്നു. സാറ്റലൈറ്റ്, മ്യൂസിക് അവകാശങ്ങൾ വഴിയാണ് നിർമ്മാതാക്കൾ റിലീസിന് മുൻപ് സിനിമയിൽ നിന്നും പണമുണ്ടാക്കിയിരുന്നത്. അതോടൊപ്പമാണ് ഒ.ടി.ടി വന്നത്. കൊവിഡിന് ശേഷം ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ പ്രീ റിലീസ് ബിസിനസ് കുറച്ചു. ഇത് സിനിമകളുടെ തീയേറ്റർ പ്രകടനം മെച്ചമാകാതെ മറ്റു വഴികളില്ല എന്നതിലേക്ക് എത്തിച്ചു.
“സിനിമ കാണാൻ പോകാൻ ഒരാളുടെ മേൽ ഏറ്റവും കുറഞ്ഞത് 200 രൂപയുടെ ചിലവുണ്ട് ഇന്ന്.” അശ്വിൻ പറയുന്നു. “ഇത് ടിക്കറ്റ് ചിലവ് മാത്രമാണ്. മൾട്ടിപ്ലക്സിലാണ് പോകുന്നതെങ്കിൽ പോപ്കോൺ, പെപ്സി അങ്ങനത്തെ പരിപാടി വേറെ. അപ്പോൾ ഒരാൾ നാല് അംഗങ്ങളുള്ള ഒരു ഫാമിലിയുമായി തീയേറ്ററിലേക്ക് പോകുകയാണെങ്കിൽ, പെട്രോൾ, ടിക്കറ്റ് ചാർജ്, പോപ്കോൺ ഇതെല്ലാം കൂടെ വരുമ്പോൾ ഒരു 2000 രൂപ കുറഞ്ഞത് ചിലവ് വരും.”
വലിയ തുക ചെലവാക്കി സിനിമ കാണാൻ തീയേറ്ററിലേക്ക് പോകുക എന്ന തീരുമാനത്തിലേക്ക് എത്താൻ പ്രേക്ഷകർ സ്വീകരിക്കുന്ന “ഫിൽറ്ററാ” ണ് താനുൾപ്പെടെയുള്ള യൂട്യൂബിലെ സിനിമാ നിരൂപകരെന്നാണ് സുധീഷ് പയ്യന്നൂരും പറയുന്നത്.

“രണ്ട് രീതിയിലാണ് ഇത് പ്രവർത്തിക്കുന്നത്. ഒന്ന്, മൂന്ന് നാല് റിവ്യൂകൾ കണ്ടിട്ട് സിനിമ കാണാൻ പോകാം എന്നതിലേക്ക് പ്രേക്ഷകർ എത്തിയിട്ടുണ്ട്. രണ്ട്, ഇത് വളരെ നിശിതമായി വിമർശിക്കുന്നുണ്ട്, അതിന് പ്രേക്ഷകരുണ്ട് എന്നത് സിനിമാക്കാരെ ശരിക്കും ചിന്തിപ്പിക്കുന്നുമുണ്ട്.”
എന്നാൽ ഒരു നിരൂപകന്റെ അഭിപ്രായം മാത്രം പരിഗണിച്ച് സിനിമ കാണണോ വേണ്ടയോ എന്ന് തീരുമാനം എടുക്കാൻ മാത്രം “അന്ധരല്ല” പ്രേക്ഷകർ എന്നാണ് അശ്വിൻ ഭരദ്വാജ് വിശദീകരിക്കുന്നത്.
“ഉദാഹരണത്തിന്, ‘ഭരതനാട്യം’ എടുക്കൂ. ഞാൻ “ഗ്രീൻ സിഗ്നൽ” കൊടുത്ത സിനിമയാണത്. ഒരു മാതിരി എല്ലാ യൂട്യൂബർമാരും നല്ലത് പറഞ്ഞ സിനിമയുമാണത്. എന്നിട്ടും ആ സിനിമ കളക്റ്റ് ചെയ്തിട്ടില്ലെങ്കിൽ അതിന്റെ അർത്ഥം എന്താണ്?”
പ്രേക്ഷകരുടെ സ്വഭാവത്തെക്കുറിച്ച് അശ്വിൻ കൂടുതൽ വിവരിക്കുന്നു: “ലെൻസ്മെൻ റിവ്യൂകൾക്ക് താഴെ കമന്റ് വരാറുണ്ട്, ‘ലെൻസ്മെൻ വെർഡിക്റ്റ് വന്നു, ഇനി രാത്രി കോക്കിന്റെ വരും.’ അതായത്, ആളുകൾ എല്ലാംകൂടെ ചേർത്ത് ഒരു തീരുമാനം എടുക്കുകയാണ്.”
തീയേറ്ററുകളിലേക്ക് ആളുകൾ വരാൻ നല്ല ഉള്ളടക്കമുള്ള സിനിമകൾ ഉണ്ടാക്കുക മാത്രമാണ് പ്രതിവിധിയെന്നാണ് അശ്വിൻ പറയുന്നത്.
“പ്രൊഡക്റ്റ് നന്നാകണം. പ്രോത്സാഹന സമ്മാനം എന്നുള്ള പരിപാടി കേരളത്തിൽ നിന്നിട്ട് കാലം കുറെയായി. ഞങ്ങൾ കുറേപ്പേർ അധ്വാനിച്ചതാണ്, എന്റെ കുറേക്കൊല്ലത്തെ സ്വപ്നമാണ് അങ്ങനെയൊക്കെ പറഞ്ഞാൽ… നോക്കൂ, നമ്മുടെ കുട്ടി സ്റ്റേജിൽ കയറി ഡാൻസ് കളിച്ചാൽ നമ്മൾ കൈയ്യടിക്കും, പക്ഷേ മറ്റുള്ളവർക്ക് അവരുടെ സമയത്തിന് വിലയുണ്ട്, അപ്പോൾ ആ സമയം വർത്ത് ആയിട്ടില്ല എങ്കിൽ അത് പറയുക തന്നെ ചെയ്യും.”
ഇന്ത്യൻ സിനിമാ മേഖലയെക്കുറിച്ച് 30 വർഷമായി എഴുതുന്ന മുതിർന്ന മാധ്യമപ്രവർത്തകയായ അന്ന എം. എം. വെട്ടിക്കാട് സമാനമായ അഭിപ്രായം തന്നെയാണ് പറയുന്നത്. “സിനിമയെടുക്കുന്നവർ അവരുടെ ചലച്ചിത്രങ്ങളുടെ ഗുണത്തെയും മോശം മാർക്കറ്റിങ് തന്ത്രങ്ങളെയും കുറിച്ച് ആത്മപരിശോധന നടത്താതെ, ബോക്സ് ഓഫീസിലെ മോശം പ്രകടനത്തിന് ന്യായങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയാണ്.” -അന്ന ഒരു ഇ-മെയിൽ അഭിമുഖത്തിൽ ഒച്ച ന്യൂസ് ലെറ്ററിനോട് പറയുന്നു.
“ഇത് മലയാളത്തിൽ മാത്രമല്ല മറ്റ് ഇന്ത്യൻ ഫിലിം ഇൻഡസ്ട്രികളിലും കാണാം. അവർക്ക് മുന്നിലുള്ള എളുപ്പം കുറ്റം ആരോപിക്കാൻ കഴിയുന്ന ബലിയാടുകളാണ് യൂട്യൂബർമാരും സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസർമാരും. ഇതേ ആളുകൾ തന്നെ സിനിമകളെക്കുറിച്ച് നല്ല അഭിപ്രായം പറയുമ്പോൾ അവരെ അംഗീകരിക്കാൻ സംവിധായകർക്ക് സന്തോഷമേയുള്ളൂ.”
റിവ്യൂ ബോംബിങ്ങിന്റെ പേരിൽ കേരളത്തിൽ രജിസ്റ്റർ ചെയ്ത രണ്ടു കേസുകളിൽ കാര്യമായ പുരോഗതിയില്ല. റാഹേൽ മകൻ കോരയുമായി ബന്ധപ്പെട്ട കേസിൽ ഒരു വര്‍ഷത്തിന് ശേഷവും കോടതിയുടെ തീരുമാനത്തിന് കാത്തിരിക്കുകയാണെന്നാണ് സംവിധായകന്‍ ഉബൈനി പറയുന്നത്. ഇതേ കേസിൽ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്തതിന് ശേഷം തനിക്കും അന്വേഷണം നേരിടേണ്ടി വന്നിട്ടില്ലെന്ന് അശ്വന്ത് കോക്കും പറയുന്നു.
“പരാതിക്കാരും നിർമാതാക്കളുടെ സംഘടനയും താത്പര്യം ഉപേക്ഷിച്ചതോടെ കേസ് തണുത്തു. പോലീസ് രജിസ്റ്റർചെയ്ത കേസുകളിലും തുടർനടപടിയായില്ല. ഇതിനിടെ മറ്റൊരു ബെഞ്ചിലേക്ക് കേസ് മാറി.” – മാതൃഭൂമി, 2024 ഒക്ടോബറിൽ എഴുതുന്നു.
“അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശമാണ്. നിലവിലുള്ള കേസുകൾ നിലനിൽക്കുമെന്ന് തോന്നുന്നില്ല.” – ഹൈക്കോടതി അഭിഭാഷകനായ മുഹമ്മദ് ഇബ്രാഹിം പറയുന്നു.
“നിരൂപകർ അവരുടെ അഭിപ്രായം പറയുന്നു. അത് ശരിയാകാം, മോശമാകാം. അഭിപ്രായത്തിൽ അസഭ്യവർഷമുണ്ടോ, എങ്കിൽ അവർക്കെതിരെ കേസെടുക്കാം. പക്ഷേ, നിങ്ങൾക്കെതിരെ ഒരു കേസുണ്ടായി എന്ന് കരുതി നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാകില്ലല്ലോ.” – അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ബാഡ് ബോയ്സ് റിവ്യൂ വിവാദങ്ങൾക്ക് ശേഷം അശ്വന്ത് കോക്കിന്റെ സിനിമാ നിരൂപണങ്ങൾക്ക് യൂട്യൂബിൽ വരുന്ന നൂറു കണക്കിന് കമന്റുകളിൽ ഒന്നോ രണ്ടോ കമന്റുകൾ, എന്തുകൊണ്ട് ബാഡ് ബോയ്സ് റിവ്യൂ ചെയ്യുന്നില്ല എന്നതായിരുന്നു. ഒരു കമന്റുകൾക്കും മറുപടി കൊടുക്കാത്ത അശ്വന്ത് സ്വാഭാവികമായും ഇതിനും മറുപടി നൽകിയില്ല. വിവാദങ്ങൾക്കിടെ അശ്വന്തിന്റെ റിവ്യൂകൾക്ക് പഴയ മൂർച്ചയില്ലെന്ന കമന്റുകളും ആവർത്തിക്കുന്നു.
നിലവിലെ നിയമനടപടികൾക്ക് ശേഷം അശ്വന്ത് ഉൾപ്പെടെയുള്ളവരുടെ നിരൂപണം കുറച്ചെങ്കിലും മെച്ചപ്പെട്ടെന്നാണ് പരാതി നൽകിയ സംവിധായകൻ ഉബൈനി വിശ്വസിക്കുന്നത്. പക്ഷേ, അശ്വന്ത് അത് നിഷേധിക്കുന്നു. “ഞാന്‍ അൺപാര്‍ലമെന്‍ററിയായി ഒന്നും പറയുന്നില്ല. അധിക്ഷേപകരമായി ഒന്നും പറയുന്നില്ല. കഥാപാത്രങ്ങളെ മാത്രമാണ് വിമര്‍ശിക്കുന്നത്. ഇതിൽ മാനഹാനി ഉണ്ടാക്കുന്ന ഒന്നുമില്ല, കോടതിയിൽ എന്ത് നിൽക്കുമെന്ന് എനിക്കറിയാം.”
വിമർശനാത്മകമായ റിവ്യൂ അല്ല, റീച്ച് കൂട്ടാൻ വേണ്ടി നടത്തുന്ന വ്യക്തിപരമായ പരാമർശങ്ങൾ ഒഴിവാക്കണമെന്നാണ് സിനിമാമേഖലയിലുള്ളവർ ആവശ്യപ്പെടുന്നതെന്ന് ഉബൈനി പറയുന്നത്.
എം.എ നിഷാദിന്റെ സിനിമ, “ഒരു അന്വേഷണത്തിന്റെ തുടക്ക”ത്തിന് “ഒരു അവരാതത്തിന്റെ ഒടുക്കം” എന്നാണ് അശ്വന്ത് തമ്പ്നെയിലിൽ എഴുതിയത്.
“ഇദ്ദേഹം (എം.എ നിഷാദ്) ഇതിൽ സ്മോക്ക് ചെയ്യുന്നുണ്ട്. ഇദ്ദേഹത്തിന്‍റെ ഒരു ഇന്‍റര്‍വ്യൂവിൽ ഞാൻ കണ്ടതാണ്, സിഗരറ്റ് വലി നിറുത്തുകയാണ്. …സിഗരറ്റ് വലിക്കില്ല എന്ന്.” – എം.എ നിഷാദ് വാക്കുതെറ്റിച്ച ഒരു സന്ദര്‍ഭം അശ്വന്ത് കോക്ക് ചൂണ്ടിക്കാണിക്കുന്നു.
തൊട്ടടുത്ത വാചകങ്ങളിലൊന്ന് “അത് കൂടാതെ ഹൈഡ്രോളി ഇതിൽ ഹൈഡ്രോളിയായിട്ടാണ് അഭിനയിക്കുന്നത്.” ഈ പരാമര്‍ശം മൂവി വേൾഡ് മീഡിയ എന്ന യൂട്യൂബ് ചാനലിലെ അവതാരകന്‍ ഹൈദര്‍ അലിയെക്കുറിച്ചാണ്.
തനിക്കെതിരെ സ്ഥിരമായി വാര്‍ത്തകള്‍ ചെയ്യുന്ന ഹൈദര്‍ അലിയെ “ഹൈഡ്രോളി” എന്ന് വിളിച്ച് പരിഹസിക്കില്ല എന്നതായിരുന്നു അശ്വന്ത് കോക്ക് മുൻപ് പ്രേക്ഷകര്‍ക്ക് നൽകിയ ഒരു വാക്ക്!
വ്യക്തിപരമായ ഇത്തരം പരാമർശങ്ങളാണ് നിരൂപണത്തേക്കാൾ അശ്വന്തിന്റെ “അപകീർത്തി”ക്ക് കാരണമെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി റിപ്പോർട്ടിലും വ്യക്തമാണ്.
“പുതിയ തലമുറ സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസര്‍മാരും ഫിലിം ക്രിട്ടിക്സ് ഗിൽഡിൽ അംഗങ്ങളായ ഭരദ്വാജ് രംഗൻ, അനുപമ ചോപ്ര തുടങ്ങിയ ക്രിട്ടിക്കുകളും തമ്മിൽ വ്യത്യാസമുണ്ട്. ഉപരിപ്ലവമായ നിരീക്ഷണം നടത്തുന്നവരിൽ നിന്നും ആഴമുള്ള വിശകലനം നടത്തുന്നതുകൊണ്ടാണ് അവരുടെ നിരൂപണങ്ങള്‍ വേറിട്ടുനിൽക്കുന്നത്.” – അമിക്കസ് ക്യൂറി ശ്യാം പദ്മൻ സമർപ്പിച്ച റിപ്പോർട്ടിനെ അധികരിച്ച് വാർത്താ വെബ്സൈറ്റ് ദി ന്യൂസ് മിനിറ്റ് എഴുതുന്നു.
അമിക്കസ് ക്യൂറി റിപ്പോർട്ടിലുൾപ്പെടെ ഹൈക്കോടതി ഇതുവരെ ഒരു നടപടിയും ശുപാർശ ചെയ്തിട്ടില്ല. പക്ഷേ, 2023 ഒക്ടോബർ ആറിന് അമിക്കസ് ക്യൂറി റിപ്പോർട്ട് ലഭിക്കുന്നതിന് മുൻപുള്ള കോടതി ഉത്തരവിലെ അവസാന പാരഗ്രാഫിൽ ഹൈക്കോടതി ജഡ്ജ് ദേവൻ രാമചന്ദ്രൻ സംശയങ്ങൾക്കിടയില്ലാതെ എഴുതുന്നു: “പിടിച്ചുപറിയും ഭീഷണിയും മാത്രം ലക്ഷ്യമിട്ടുള്ള നിരൂപണങ്ങൾക്ക് എതിരെ മാത്രമേ നടപടി എടുക്കാവൂ; യഥാർത്ഥ നിരൂപണങ്ങൾക്ക് എതിരെയല്ല.” അവസാന വരിയിൽ കോടതി വിധി വീണ്ടും ഓർമ്മിപ്പിക്കുന്നു: “തീര്‍ച്ചയായും, കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് മുൻപ് പ്രാഥമിക അന്വേഷണവും സൂക്ഷ്‍മമായ പരാതി പരിശോധനയും വേണം. ഈ നടപടിക്രമങ്ങളിൽ വളരെ ശ്രദ്ധിക്കണം – യഥാര്‍ത്ഥ, ആത്മാര്‍ത്ഥ നിരൂപണങ്ങള്‍ ഗൂഡോദ്ദശത്തോടെയുള്ള നിരൂപണങ്ങളിൽ നിന്നും വ്യത്യസ്തമാണെന്നത്.”
ഈ സംഭവത്തിൽ കോടതിയിൽ നിന്നും എന്ത് വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്, ഞാൻ അശ്വന്ത് കോക്കിനോട് ചോദിച്ചു. “നമ്മള്‍ ജീവിക്കുന്നത് പ്രസന്‍റിലല്ലേ. ഇത് എന്‍റെ ജോലിയൊന്നുമല്ല. പാഷൻ ആണ്. വിധി വരട്ടെ. അതിന് ശേഷം അതിന്‍റെ പിറകെ പോയാൽ മതിയല്ലോ.”
Occha is licensed under CC BY-NC-ND. Publishers are encouraged to republish our content in its original form with proper attribution and a back-link to our website. Please note that this material may not be used for commercial purposes or in adapted form, except for fair use quotations. Please drop a mail to occhanewsletter@yahoo.com for assistance. Terms & Conditions

Leave a comment